Monday, November 25, 2024

കുടിക്കാൻ മഴവെള്ളം, ഭക്ഷണമായി പച്ച മീൻ: 60 ദിവസത്തോളം സമുദ്രത്തിൽ കഴിഞ്ഞ 51 കാരൻറെ അതിജീവന കഥ

കുടിക്കാൻ മഴവെള്ളം, ഭക്ഷണമായി പച്ച മീൻ, ഇങ്ങനെ ഒരാൾക്ക് എത്രദിവസം പിടിച്ചു നിൽക്കാനാകും. കേൾക്കുമ്പോൾ ഒരു സിനിമാ കഥ പോലെ തോന്നാം. ആമസോൺ കാടുകളിൽ അകപ്പെട്ട കുട്ടികൾ 40 ദിവസത്തിനു ശേഷം പുതുജീവിതത്തിലേക്ക് മടങ്ങിവന്നെങ്കിൽ ഇതും വിശ്വസിച്ചേ മതിയാകൂ. ഭൂമിയിലെ ഏറ്റവും വലിയ സമുദ്രമായ പസഫിക് സമുദ്രത്തിൽ സാഹസികമായി രണ്ടു മാസത്തോളം കഴിഞ്ഞ ഒരു ഓസ്‌ട്രേലിയൻ സഞ്ചാരിയും അദ്ദേഹത്തിൻറെ നായയുമാണ് അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചാ വിഷയം. സിഡ്‌നി സ്വദേശിയായ ടിം ഷാഡോക്കും വളർത്തുനായയായ ബെല്ലയുടേയും അതിജീവനത്തിന്റെ കഥ അറിയാം.

ഓസ്‌ട്രേലിയൻ നാവികനും സഞ്ചാരിയുമായ ടിം ഷാഡോക്കും വളർത്തുനായയായ ബെല്ലയും ഏപ്രിലിലാണ് മെക്‌സിക്കോയിൽ നിന്നു സമുദ്രമാർഗ്ഗം ഫ്രഞ്ച് പോളിനേഷ്യയിലേക്കു യാത്ര ആരംഭിച്ചത്. 3521 ചതുരശ്ര കിലോമീറ്ററുള്ള 121 ദ്വീപുകൾ അടങ്ങിയതാണ് ഈ മേഖല. എന്നാൽ യാത്രാ മദ്ധ്യേ മോശം കാലാവസ്ഥയെ തുടർന്ന് ഇരുവരും സഞ്ചരിച്ച ബോട്ട് തകരാറിലാവുകയായിരുന്നു. പസിഫിക് സമുദ്രത്തിൽ ഉടലെടുത്ത ചുഴലിക്കാറ്റിനെ തുടർന്നായിരുന്നു ഇതെന്ന് ഷാഡോക് പറയുന്നു. പിന്നാലെ ബോട്ടിലെ ഇലക്ട്രോണിക് സംവിധാനങ്ങൾ പൂർണമായും നശിച്ചു. ഇതോടെ പുറം ലോകത്തോട് ബന്ധപ്പെടാനുള്ള ശ്രമം ഇല്ലാതാവുകയും ഷാഡോക്കും ബെല്ലയും സമുദ്രത്തിൽ ഒറ്റപ്പെടുകയുമായിരുന്നു.

ജൂലൈ 12ന് ഒരു മെക്‌സിക്കൻ മത്സ്യബന്ധന ട്രോളറിനു വേണ്ടി എത്തിയ ഒരു നിരീക്ഷണ ഹെലികോപ്റ്ററാണ്, 60 ദിവസങ്ങൾക്ക് ശേഷം ഷാഡോക്കിൻറെയും ബെല്ലയുടേയും രക്ഷകരായി മാറിയത്. ഇരുവരേയും കണ്ടെത്തിയതിനു പിന്നാലെ മറ്റൊരു ബോട്ടിൽ ആരോഗ്യ സംഘമെത്തി ,പ്രാഥമിക ശുശ്രൂഷകൾ നൽകി. ഇതിനു ശേഷമാണ് വിദഗ്ദ മെഡിക്കൽ പരിശോധനകൾക്കായി അദ്ദേഹത്തെ മെക്‌സിക്കോയിലേക്ക് കൊണ്ടുപോയത്. ക്രമേണ ഷാഡോക്കിന് സാധാരണ ഭക്ഷണക്രമത്തിലേക്ക് മടങ്ങിവരാനാകുമെന്നും ഡോക്ടർമാർ അറിയിച്ചു. രക്ഷാപ്രവർത്തനത്തിന് ശേഷം ട്രോളർ ഷാഡോക്കിന്റെയും ബെല്ലയുടേയും ചിത്രം പുറത്തു വിട്ടതോടെയാണ് അതിജീവന കഥ പുറം ലോകമറിയുന്നത്.

“ഞാൻ കടലിൽ വളരെ പ്രയാസകരമായ ഒരു പരീക്ഷണത്തിലൂടെയാണ് കടന്നുപോയത്. വളരെക്കാലമായി ഞാൻ കടലിൽ തനിച്ചായിരുന്നു. സൂര്യപ്രകാശം ഒഴിവാക്കാൻ ബോട്ടിന്റെ മേലാപ്പിൽ അഭയം പ്രാപിക്കേണ്ടി വന്നു. ജീവൻ നിലനിർത്താൻ ചൂണ്ട ഉപയോഗിച്ച് പിടിച്ച വേവിക്കാത്ത മത്സ്യവും മഴവെള്ളവും മാത്രമാണ് ഉണ്ടായിരുന്നത്.” ഒരു ഓസ്‌ട്രേലിയൻ ടെലിവിഷനോട് ഷാഡോക്ക് പറഞ്ഞു. ആരും തന്നെ കൂടെയില്ലാതെ ഇത്രയും ദിവസങ്ങൾ കടലിൽ കഴിഞ്ഞതിന്റെ പ്രശ്നങ്ങൾ തനിക്കുണ്ടെന്നും ശരിയായ വിശ്രമവും ഭക്ഷണവും ആവശ്യമാണെന്നും താൻ ആരോഗ്യവാനാണെന്നും ഷാഡോക്ക് കൂട്ടിച്ചേർത്തു.

Latest News