മനസിന്റെ ഭക്ഷണമാണ് വായന എന്നാണ് പൊതുതത്വം. എന്തു വായിച്ചു എന്നതല്ല, വായിച്ച ഗ്രന്ഥങ്ങളിൽ നിന്നും എന്ത് നേടി എന്നതാണ് പ്രധാനം. ജൂൺ 19 കേരളത്തിൽ വായനാദിനമായി ആചരിക്കുകയാണ്. വായനാദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ആഴ്ചകൾ നീണ്ടുനിൽക്കുന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്. എന്നാൽ വായനാശീലം വായനാദിനത്തിലേക്കു മാത്രമായി ഒതുങ്ങിപ്പോകുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടതുണ്ട്.
വായന നമ്മുടെ ചിന്തകളെയും അഭിരുചികളെയും സ്വപ്നങ്ങളെയും സ്വാധീനിക്കുന്നു. വായനാശീലം അന്യമായിക്കൊണ്ടിരിക്കുന്ന പുതുതലമുറക്ക് വായനയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ് ഓരോ വായനാദിനവും. ഈ വായനാദിനത്തിൽ കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തെയും വായനയുടെ പ്രധാന്യത്തെയും ഒന്ന് വിലയിരുത്താം.
1996 ജൂൺ 19 മുതലാണ് സംസ്ഥാനവ്യാപകമായി വായനാദിനം ആചരിക്കാൻ തുടങ്ങിയത്. കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകനും വായനയുടെ അത്ഭുതലോകത്തിലേക്ക് ഓരോ മലയാളിയെയും കൈപിടിച്ചുയർത്തുകയും ചെയ്ത പി.എൻ. പണിക്കരുടെ ചരമദിനത്തോടനുബന്ധിച്ചാണ് വായനാദിനം ആചരിച്ചു തുടങ്ങിയത്. ഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഇതിനായി കേരളത്തിലങ്ങോളമിങ്ങോളം വായനശാലകൾ ആരംഭിക്കുന്നതിന് അദ്ദേഹം നേതൃത്വം കൊടുത്തു. അദ്ദേഹം, പതിനേഴാമത്തെ വയസിൽ വീടുകൾതോറും കയറിയിറങ്ങി പുസ്തകങ്ങൾ ശേഖരിച്ച് ജന്മനാടായ ആലപ്പുഴയിലെ നീലംപേരൂരിൽ ‘സനാതനധർമ്മം’ എന്ന വായനശാല ആരംഭിച്ചു. ഇതോടെയാണ് ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. “വായിച്ചു വളരുക; ചിന്തിച്ച് വിവേകം നേടുക” എന്നതായിരുന്നു അദ്ദേഹം ഉയർത്തിപ്പിടച്ച സന്ദേശം.
1945-ൽ അമ്പലപ്പുഴ പി.കെ. മെമ്മോറിയൽ ഗ്രന്ഥശാലയിൽ വിളിച്ചുചേർത്ത യോഗത്തിൽ ദിവാൻ സർ. സി.പി.രാമസ്വാമിയാണ് തിരുവിതാംകൂർ ഗ്രന്ഥശാലാ സംഘത്തിന് അംഗീകാരം നൽകിയത്. 1946 മുതൽ 250/- രൂപ പ്രവർത്തന ഗ്രാന്റ് ആയി സംഘത്തിന് ലഭിക്കുകയും ചെയ്തു.
ഒരു സാധാരണ എൽ.പി. സ്കൂൾ അധ്യാപകനായിരുന്ന പി.എ.ൻ പണിക്കരുടെ അഹോരാത്രമുള്ള പ്രവർത്തനത്തിന്റെ ഫലമായാണ് കേരള ഗ്രന്ഥശാലാ സംഘം സ്ഥാപിതമാകുന്നത്. ആയിരക്കണക്കിന് ഗ്രന്ഥശാലകളെ സംഘത്തിന്റെ കീഴിൽ കൊണ്ടുവരാനും അദ്ദേഹത്തിനു കഴിഞ്ഞു. കൂടാതെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ നായകൻ, കാൻഫെഡിന്റെ സ്ഥാപകൻ എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ടിച്ചു. പിന്നീട് കേരള നിയമസഭ അംഗീകരിച്ച കേരള പബ്ലിക്ക് ലൈബ്രറീസ് ആക്ട് അദ്ദേഹത്തിന്റെ സ്വപ്നപദ്ധതിയായിരുന്നു.
മനസിന്റെ ഭക്ഷണമാണ് വായന
നന്നായി വായിക്കുന്ന ഒരാൾക്ക് നന്നായി എഴുതാനും നന്നായി സംസാരിക്കാനും സാധിക്കും. ശരീരം പുഷ്ടിപ്പെടാൻ ആഹാരം ആവശ്യമുള്ളതുപോലെ മനസിന്റെ ആരോഗ്യത്തിന് വായന അത്യന്താപേക്ഷിതമാണ്. അതിനാലാണ് മനസിന്റെ ഭക്ഷണമാണ് വായന എന്ന് പറയപ്പെടുന്നത്. അതിനാൽ ഭക്ഷണം രുചിച്ചറിയുന്നതുപോലെ വായനയും രുചിച്ചറിയാൻ നമുക്ക് കഴിയണം.
ഇന്ന് പുസ്തകങ്ങളിൽ നിന്നു ലഭിക്കുന്ന അറിവിനേക്കാൾ കൂടുതൽ നവമാധ്യമങ്ങളിലൂടെ നമുക്ക് ലഭിക്കുന്നുണ്ടെങ്കിലും പുസ്തകങ്ങളിലൂടെ ലഭിക്കുന്ന അറിവിനോളം വരില്ല അവയൊന്നും. അതിനാൽ പുസ്തകങ്ങളെ നെഞ്ചോട് ചേർത്തുവയ്ക്കാനും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ നല്ല പുസ്തകങ്ങൾ തിരഞ്ഞെടുത്ത് വായന ഒരു ശീലമാക്കാനും ശ്രമിക്കാം.
രഞ്ചിന് ജെ തരകന്