പ്രൗഢമായൊരു അധ്യായമായിരുന്നു ഇന്നലെ വിടപറഞ്ഞ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. പാണക്കാട്ടെ പ്രശസ്തമായ പൂമുഖത്ത് ജീവിതവ്യഥകളുമായെത്തിയ ആയിരങ്ങള്‍ക്ക് അദ്ദേഹം അത്താണിയായിരുന്നു. കാരുണ്യത്തിന്റെ, സ്‌നേഹത്തിന്റെ, സേവനത്തിന്റെ ഒട്ടേറെ സ്മൃതികള്‍ അവശേഷിപ്പിച്ചാണ് ഹൈദരലി തങ്ങള്‍ യാത്രാകുന്നത്.
ജനനവും ജീവിതവും
1947 ജൂണ്‍ 15-നായിരുന്നു ജനനം. 2009 ഓഗസ്റ്റില്‍ സഹോദരന്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടര്‍ന്നാണ് മുസ്ലിംലീഗ് അധ്യക്ഷപദം ഹൈദരലി തങ്ങള്‍ ഏറ്റെടുത്തത്. 13 വര്‍ഷത്തോളമായി ഈ പദവിയില്‍ തുടര്‍ന്നുവരികയായിരുന്നു. 25 വര്‍ഷത്തോളം മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സ്ഥാനത്തുണ്ടായിരുന്നു. പട്ടിക്കാട് ജാമിഅഃ നൂരിയ്യയിലായിരുന്നു സംഘടനാ പ്രവര്‍ത്തനങ്ങളുടെ തുടക്കം. അവിടുത്തെ വിദ്യാര്‍ഥി സംഘടനയായ നൂറുല്‍ ഉലമയുടെ പ്രസിഡന്റായി. 1973-ല്‍ സമസ്തയുടെ വിദ്യാര്‍ഥി സംഘടനയായ എസ്.എസ്.എഫ് രൂപവത്കരിച്ചപ്പോള്‍ അതിന്റെ സ്ഥാപക പ്രസിഡന്റായി. 1979-വരെ ഈ പദവിയില്‍ തുടര്‍ന്നു. 1983-ലാണ് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റാകുന്നത്. രണ്ടര പതിറ്റാണ്ടിന് ശേഷം സഹോദരന്റെ ഒഴിവില്‍ സംസ്ഥാന അധ്യക്ഷ പദത്തിലേക്കും എത്തി. നിരവധി മതവിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും അഗതി അനാഥ മന്ദിരങ്ങളുടേയും സംഘടനകളുടേയും അധ്യക്ഷനും മഹല്ലുകളുടെ ഖാസിയും കൂടിയായിരുന്നു തങ്ങള്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കേന്ദ്ര മുശാവറ അംഗവുമായിരുന്നു.
മതസൗഹാര്‍ദത്തിന്റെ മുന്നണി പോരാളി
സമുദായത്തിനുള്ളിലെ ഐക്യത്തിനും സമുദായങ്ങള്‍ തമ്മിലുള്ള ഐക്യത്തിനുമായി വിശ്രമമില്ലാതെ പ്രയത്‌നിച്ച വ്യക്തിത്വമാണ് പാണക്കാട് തങ്ങളുടേത്. മതമൈത്രിയുടെ സന്ദേശവാഹകനായിരുന്നു അദ്ദേഹം. കനലെരിയുന്ന മനസുകള്‍ക്ക് സ്വാന്തനവും ആശ്വാസവും പകര്‍ന്നുകൊണ്ട് ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ അമരക്കാരനായി, മതസൗഹാര്‍ദത്തിന്റെ മുന്നണിപ്പോരാളിയായി അദ്ദേഹം സമൂഹത്തെ നയിച്ചു. ശരിയായ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ഉയര്‍ന്ന കാഴ്ചപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്ന കൃത്യമായ നിലപാടുകള്‍ ഉള്ള വ്യക്തിത്വമായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ അവകാശങ്ങളുടെ സംരക്ഷകന്‍
പ്രലോഭനങ്ങളിലോ പ്രകോപനങ്ങളിലോ അകപ്പെടാതെ ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി അവസാന സമയം വരെയും പടപൊരുതി. അസുഖബാധിതനായിട്ടു കൂടി വഖഫ് സ്വത്തുക്കളുടെ സംരക്ഷണ പോരാട്ടത്തില്‍ തങ്ങള്‍ നേരിട്ട് നേതൃത്വം നല്‍കി. ആരുടേയും അവകാശങ്ങള്‍ കവര്‍ന്നെടുക്കാതെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടി. രാജ്യത്ത് സംഘര്‍ഷമോ സംഘട്ടനമോ നടന്നപ്പോഴെല്ലാം സ്വന്തം നിലപാടുകളിലൂടെ തങ്ങള്‍ സമാധാന ദൂതനായി നിലകൊണ്ടു. നിലപാടുകളിലെ കാര്‍ക്കശ്യവും അത് നടപ്പാക്കുന്നതിലെ ആര്‍ജവവും തങ്ങളുടെ മുഖമുദ്രയായിരുന്നു. ലോകത്താകമാനമുള്ള വിപുലമായ സൗഹൃദവും ബന്ധങ്ങളും തങ്ങളുടെ വ്യക്തിത്വത്തിന് അന്താരാഷ്ട്ര മുഖം നല്‍കിയിരുന്നു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഹല്ലുകളുടെ ഖാസി സ്ഥാനം വഹിച്ച വ്യക്തി
ആയിരത്തോളം മഹല്ലുകളുടെ ഖാസിയായി പ്രവര്‍ത്തിച്ച അന്തരിച്ച പാണക്കാട് ഹൈദരലി തങ്ങളാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഹല്ലുകളുടെ ഖാസി സ്ഥാനം വഹിച്ച വ്യക്തിത്വവും. 1994ല്‍ മുപ്പതാം വയസ്സില്‍ നെടിയിരുപ്പ് പോത്ത് വെട്ടിപ്പാറ മഹല്ലിലാണ് ആദ്യമായി ഖാസിയായി ചുമതലയേല്‍ക്കുന്നത്. പിന്നീട് മലപ്പുറം, വയനാട്, തൃശൂര്‍ ജില്ലാ ഖാസിയായി. കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍, തമിഴ്നാട്ടിലെ നീലഗിരി ഉള്‍പ്പെടെ ആയിരത്തോളം മഹല്ലുകളുടെ ഖാസിയായി പ്രവര്‍ത്തിച്ചു.
1977 ല്‍ പുല്‍പ്പറ്റ പഞ്ചായത്തിലെ പൂക്കൊളത്തൂര്‍ മഹല്ല് പള്ളിയുടെയും മദ്രസയുടെയും പ്രസിഡന്റായി മത സ്ഥാപനങ്ങളുടെ കാര്‍മികത്വം വഹിച്ചു തുടങ്ങി. പിന്നീട് ചെമ്മാട് ദാറുല്‍ ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റി ചാന്‍സലര്‍, പട്ടിക്കാട് ജാമിഅ നൂരിയ അറബി കോളജ്, നന്തി ദാറുസ്സലാം അറബി കോളജ്, കുണ്ടൂര്‍ മര്‍ക്കസ്, വളാഞ്ചേരി മര്‍ക്കസുല്‍ ഇസ്ലാഹിയ്യ, കരുവാരക്കുണ്ട് ദാറുന്നജാത്ത്, വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്ലാമിക് അക്കാഡമി, കവനൂര്‍ മജ്മഅ്, പൊന്നാനി മഊനത്തുല്‍ ഇസ്ലാം സഭ, വളവന്നൂര്‍ ബാഫഖി യത്തീംഖാന, എടപ്പാള്‍ ദുറുല്‍ ഹിദായ, കാട്ടിലങ്ങാടി യത്തീംഖാന, പൂക്കോട്ടൂര്‍ ഖിലാഫത്ത് മെമ്മോറിയല്‍, കാളമ്പാടി കോട്ടുമല ഉസ്താദ് സ്മാരക കോളജ്, കുറ്റിക്കാട്ടൂര്‍ ജാമിഅ യമാനിയ്യ തുടങ്ങി കേരളത്തില്‍ പ്രമുഖ മത സ്ഥാപനങ്ങളുടെ പ്രസിഡന്റ് പദവികള്‍ വഹിച്ചു.
ജീവകാരുണ്യം മുഖമുദ്ര
തന്നെ സമീപിക്കുന്ന ഏതൊരു വ്യക്തിയോടും വളരെ സ്‌നേഹത്തോടെ മാത്രമേ തങ്ങള്‍ പെരുമാറുകയുള്ളു. മുസ്ലിം സമുദായത്തിന്റെ ആത്മീയ നേതാവ്, ഉന്നതനായ രാഷ്ട്രീയ നേതാവ് എന്നതിനേക്കാള്‍ ഉപരി അദ്ദേഹത്തിന് കൂടുതല്‍ താത്പര്യമുണ്ടായത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ്. ഏറ്റവും പാവപ്പെട്ടവരെ സഹായിക്കാന്‍, വീടില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാന്‍ ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഉള്ളവരെ സഹായിക്കാന്‍ അത്തരം കാര്യങ്ങളിലായിരുന്നു അദ്ദേഹം ഏറ്റവും അധികം ശ്രദ്ധ ചെലുത്തിയിരുന്നത്. സമുദായ പ്രവര്‍ത്തനവും രാഷ്ട്രീയ പ്രവര്‍ത്തനവും ജീവകാരുണ്യ പ്രവര്‍ത്തനവുമായിരുന്നു എന്ന് വിശ്വസിച്ചിരുന്നയാളാണ് അദ്ദേഹം. എല്ലാ കാര്യങ്ങള്‍ക്കും അദ്ദേഹത്തിന് കൃത്യമായ നിലപാട് ഉണ്ടായിരുന്നു. ഒരു സമുദായത്തിന് ആത്മീയത പകര്‍ന്ന് കൊടുത്ത നേതാവ് ആയിരിക്കുമ്പോള്‍ തന്നെ ഉന്നതമായ മതേതര ബോധം അദ്ദേഹത്തിന് ഉണ്ടായിരുന്നു.
സൗമ്യതയും ശാന്തതയും നിറഞ്ഞ വ്യക്തിത്വം
പുറത്ത് കാണുന്ന പോലെ പാര്‍ട്ടിക്കകത്തും പാണക്കാട് ഹൈദരലി തങ്ങള്‍ സൗമ്യനാണ്. അദ്ദേഹത്തെ ദേഷ്യപ്പെട്ട് കണ്ടിട്ടുള്ളവര്‍ അപൂര്‍വമാണ്. എല്ലാവരേയും ചേര്‍ത്തു നിര്‍ത്തുന്ന പാണക്കാട് കുടുംബത്തിന്റെ പാരമ്പര്യം ഹൈദരാലി തങ്ങള്‍ തുടര്‍ന്നിരുന്നു. രാഷ്ട്രീയത്തിലായാലും ആത്മീയരംഗത്തായാലും എല്ലാവരേയും എപ്പോഴും ചേര്‍ത്തു നിര്‍ത്താനാണ് തങ്ങള്‍ ശ്രമിച്ചത്. ഒരേസമയം കര്‍ക്കശ നിലപാടുകള്‍ക്കും പ്രസിദ്ധനായിരുന്നു ഹൈദരലി ശിഹാബ് തങ്ങള്‍. മുസ്ലിം ലീഗിനെ നിര്‍ണായകമായ ഘട്ടങ്ങളില്‍ നയിക്കുന്നതില്‍ അദ്ദേഹം ശ്രദ്ധിച്ചു. പാര്‍ട്ടിയില്‍ ഉറച്ച തീരുമാനങ്ങളെടുക്കുന്നതിനും പാണക്കാട് ഹൈദരലി തങ്ങള്‍ക്ക് കഴിഞ്ഞിരുന്നു.
കേരള സമൂഹത്തിന് വലിയ നഷ്ടത്തിന്റെ ആഘാതം ഏല്‍പിച്ചുകൊണ്ടാണ് തങ്ങള്‍ യാത്രയാകുന്നത്. അദ്ദേഹത്തിന്റെ ദീപ്തമായ ഓര്‍മകള്‍ക്കു മുന്‍പില്‍ പ്രണാമം…