യാതൊരു സുരക്ഷിതത്വവും ഉറപ്പുമില്ലാത്ത അനിശ്ചിതത്വത്തിന്റെ ജീവിതമാണ് നാലു വയസുകാരി യാസ്മിന് ഇതുവരെ ജീവിച്ചത്. ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ ജനിച്ച അവള്‍ക്ക് മ്യാന്മറിലെ തന്റെ പൂര്‍വ്വിക ഗ്രാമത്തിലേക്ക് മടങ്ങാന്‍ കഴിയില്ല. ഇപ്പോള്‍, ഇന്ത്യയുടെ തലസ്ഥാനമായ ഡല്‍ഹിയിലെ ഒരു ഇടുങ്ങിയ മുറിയാണ് അവളുടെ വീട്.
മ്യാന്മറിലെ വംശീയ ന്യൂനപക്ഷായ ലക്ഷക്കണക്കിന് റോഹിങ്ക്യന്‍ ജനതയില്‍ ഒരാളാണ് യാസ്മിനും. അവിടെ സൈന്യം ആരംഭിച്ച വംശഹത്യയുടെ പ്രചാരണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ യാസ്മിന്റെ മാതാപിതാക്കളും 2017-ല്‍ രാജ്യം വിട്ടു. പലരും ബംഗ്ലാദേശ്, ഇന്ത്യ തുടങ്ങിയ അയല്‍രാജ്യങ്ങളിലേക്കാണ് പലായനം ചെയ്തത്. അവിടെ അവര്‍ അഭയാര്‍ത്ഥികളായി താമസിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി, റോഹിങ്ക്യന്‍ മുസ്ലിംകള് അനിശ്ചിതത്വത്തിലാണ്.
യാസ്മിന്റെ പിതാവ് റഹ്മാന് മ്യാന്മറില് വ്യവസായിയായിരുന്നു. സൈന്യം ആളുകളെ ക്രൂരമായി ആക്രമിച്ചപ്പോള്‍, കൂട്ടമായി പലായനം ചെയ്ത 700,000 റോഹിങ്ക്യകളില്‍ ഒരാളായി അദ്ദേഹം മാറി. ദിവസങ്ങളോളം നടന്ന്, റഹ്മാനും ഭാര്യ മഹ്മൂദയും മ്യാന്മറുമായുള്ള അതിര്‍ത്തിയോട് ചേര്‍ന്നുള്ള തെക്ക്-കിഴക്കന്‍ ബംഗ്ലാദേശിലെ കോക്സ് ബസാറിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ എത്തി. അവിടെ ഈ ദമ്പതികള്‍ ഇടുങ്ങിയ സാഹചര്യത്തിലാണ് താമസിച്ചിരുന്നത്. ഭക്ഷ്യക്ഷാമം സാധാരണമായിരുന്നു. വിവിധ ചാരിറ്റികളില്‍ നിന്നുള്ള റേഷന്‍ ഉപയോഗിച്ചാണ് അവര്‍ ജീവിച്ചിരുന്നത്. ബംഗ്ലാദേശില്‍ എത്തി ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ യാസ്മിന് ജനിച്ചു.
റോഹിങ്ക്യന്‍ മുസ്ലിംകളെ മ്യാന്മറിലേക്ക് തിരികെ എത്തിക്കാന്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. ‘ദ്വീപ് ജയില്‍’ എന്ന് അഭയാര്‍ത്ഥികള്‍ വിശേഷിപ്പിക്കുന്ന ഭാസന് ചാര് എന്ന വിദൂര ദ്വീപിലേക്ക് ആയിരക്കണക്കിന് അഭയാര്‍ത്ഥികളെ മാറ്റി.
ബംഗ്ലാദേശ് വിടുന്നത് തന്റെ കുട്ടിക്ക് നല്ല ഭാവി ലഭിക്കാന്‍ സഹായിക്കുമെന്ന് റഹ്മാനും കരുതി. അങ്ങനെ 2020 ല്‍, കുടുംബം അയല്‍രാജ്യമായ ഇന്ത്യയിലേക്ക് കടന്നു. ഇന്ത്യയില്‍ ഏകദേശം 10,000 മുതല്‍ 40,000 വരെ റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ ഉണ്ടെന്ന് അഭയാര്‍ഥി സംഘടനകള്‍ കരുതുന്നു. പലരും 2012 മുതല്‍ ഇവിടെയുള്ളവരാണ്.
ഈ അഭയാര്‍ഥികള്‍ക്ക് പാര്‍പ്പിടം, മറ്റ് സൗകര്യങ്ങള്‍, പോലീസ് സംരക്ഷണം എന്നിവ നല്‍കുമെന്ന് ഈ മാസം കേന്ദ്ര മന്ത്രി ട്വീറ്റ് ചെയ്തതിന് പിന്നാലെ ഡല്‍ഹിയിലെ അവരുടെ സാന്നിധ്യം വീണ്ടും ചര്‍ച്ചയായി. മണിക്കൂറുകള്‍ക്ക് ശേഷം ഇന്ത്യയിലെ ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) സര്‍ക്കാര്‍ റോഹിങ്ക്യന്‍ മുസ്ലിംകള്ക്ക് ഇത്തരം സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നില്ലെന്ന് സ്ഥിരീകരിച്ചു. പകരം അവരെ നാടുകടത്തുകയോ തടങ്കല്‍ കേന്ദ്രങ്ങളിലേക്ക് അയക്കുകയോ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
ഇത് റഹ്മാനെപ്പോലുള്ള കുടുംബങ്ങളെ നിരാശരാക്കി. ‘എന്റെ കുട്ടിയുടെ ഭാവി ഇരുളടഞ്ഞതായി തോന്നുന്നു. ഇന്ത്യന്‍ ഗവണ്മെന്റിന് ഞങ്ങളെ ആവശ്യമില്ല… പക്ഷേ, ഞങ്ങളെ മ്യാന്മറിലേക്ക് നാടുകടത്തുന്നതിനേക്കാള്‍ അവര്‍ ഞങ്ങളെ കൊല്ലുന്നതാണ് നല്ലത്’. റഹ്നാന്‍ പറഞ്ഞു.
ലക്ഷക്കണക്കിന് റോഹിങ്ക്യകളെ ഏറ്റെടുക്കാന്‍ ഒരു രാജ്യവും തയ്യാറല്ല. കഴിഞ്ഞയാഴ്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ മിഷേല്‍ ബാഷലെറ്റിനോട് തന്റെ രാജ്യത്തുള്ള അഭയാര്‍ത്ഥികള്‍ മ്യാന്മറിലേക്ക് മടങ്ങണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ മ്യാന്മറിലെ സംഘര്‍ഷം കാരണം അവര്‍ക്ക് അങ്ങോട്ട് മടങ്ങുന്നത് സുരക്ഷിതമല്ലെന്ന് യുഎന്‍ പറയുന്നു. ബംഗ്ലാദേശിലെ ക്യാമ്പുകളിലുള്ള അഭയാര്‍ത്ഥികളുടെ എണ്ണം ഒരു ദശലക്ഷത്തിനടുത്താണ്. ഇതില്‍ പകുതിയും കുട്ടികളാണ്.
സൈന്യം നടത്തുന്ന അതിക്രമങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ നൂറുകണക്കിന് റോഹിങ്ക്യകള്‍ മലേഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കടല്‍മാര്‍ഗം അപകടകരമായ യാത്രകള്‍ നടത്തിയിട്ടുണ്ട്.
കൊറ്റിസ ബീഗം എന്ന സ്ത്രീയും 2017 ഓഗസ്റ്റില്‍ മ്യാന്മറില് പലായനം ചെയ്തതാണ്. മൂന്ന് ദിവസം ഭക്ഷണമില്ലാതെ നടന്നു. കോക്സ് ബസാറിലെ ഒരു ക്യാമ്പിലെ ഒറ്റമുറിയിലാണ് അവളും അവളുടെ മൂന്ന് കുട്ടികളും താമസിക്കുന്നത്. അവര്‍ക്ക് മേല്‍ക്കൂരയായി ഒരു പ്ലാസ്റ്റിക് ഷീറ്റ് മാത്രമാണുള്ളത്. ജന്മനാട്ടില് അനുഭവിച്ച ഭീകരത ഇപ്പോഴും അവളുടെ മനസ്സില്‍ മായാതെ കിടക്കുന്നു.
‘സൈനികര്‍ ഞങ്ങളുടെ വീട്ടില്‍ കയറി ഞങ്ങളെ പീഡിപ്പിച്ചു. അവര്‍ വെടിയുതിര്‍ത്തപ്പോള്‍ ഞങ്ങള്‍ ഓടി. കുട്ടികളെ നദിയിലേക്ക് വലിച്ചെറിഞ്ഞാണ് രക്ഷപെടുത്തിയത്. അവരുടെ വഴികളില്‍ കണ്ട ആരെയും അവര്‍ കൊന്നു’. കൊറ്റിസ പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ സമീപകാല വിലയിരുത്തല്‍ അനുസരിച്ച്, അതിജീവനത്തിനായി മാനുഷിക സഹായത്തെ മാത്രം ആശ്രയിക്കുന്ന ഒരു ജനതയ്ക്ക് അന്താരാഷ്ട്ര ഫണ്ടിംഗ് വെട്ടിക്കുറയ്ക്കല്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുകയാണ്. പോഷകസമൃദ്ധമായ ഭക്ഷണം, മതിയായ പാര്‍പ്പിടം, ശുചിത്വം, ജോലി ചെയ്യാനുള്ള അവസരങ്ങള്‍ എന്നിവയ്ക്കായി അഭയാര്‍ഥികള്‍ സമരം തുടരുകയാണെന്ന് യുഎന്‍ പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസവും ഒരു വലിയ വെല്ലുവിളിയാണ്. മാന്യമായ സ്കൂള്‍ വിദ്യാഭ്യാസം ലഭിക്കാതെ, ഒരു തലമുറ തന്നെ നഷ്ടപ്പെടുകയാണ്.
ലോകമെമ്പാടുമുള്ള റോഹിങ്ക്യകള്‍ വംശഹത്യയില്‍ നിന്ന് പലായനം ചെയ്തിട്ട് അഞ്ച് വര്‍ഷം തികയുമ്പോള്‍, നീതി ലഭിക്കുമെന്ന് തന്നെയാണ് അവര്‍ പ്രതീക്ഷിക്കുന്നത്. മ്യാന്മര് സൈന്യത്തിനെതിരെ ഫയല്‍ ചെയ്ത കേസ് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ വിചാരണ ചെയ്യപ്പെടാന്‍ അവര്‍ കാത്തിരിക്കുകയാണ്. അതിനേക്കാളുപരി സ്വന്തം ജന്മനാട്ടിലേക്ക് മടങ്ങാന്‍ കഴിയുന്ന സുദിനം അവര്‍ സ്വപ്നം കാണുന്നു. അതെല്ലാം സാധ്യമാകുന്നതുവരെ, റഹ്മാനെപ്പോലുള്ള അഭയാര്‍ത്ഥികള്‍ കൂടുതല്‍ സഹായത്തിനും അനുകമ്പയ്ക്കും വേണ്ടി ലോകത്തോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.