Thursday, April 10, 2025

‘ആ ദിവസങ്ങളില്‍ ഞങ്ങള്‍ മരണത്തിനായി കാത്തിരിക്കുകയായിരുന്നു: നേരിട്ട അഗ്‌നിപരീക്ഷകള്‍ വിവരിച്ച്, മരിയുപോള്‍ ഉപരോധത്തെ അതിജീവിച്ച ദമ്പതികള്‍

മരിയുപോള്‍ നഗരത്തില്‍ ദിനരാത്രങ്ങള്‍ വ്യത്യാസമില്ലാതെ ബോംബാക്രമണങ്ങള്‍ തുടര്‍ച്ചയായി നീണ്ടതോടെ സെര്‍ജി വാഗ്നോവ് കരുതിയത് ഇനി മരണം മാത്രമേ മുമ്പിലുള്ളൂ എന്നാണ്.

വിരമിച്ച ഫോട്ടോഗ്രാഫറായ 63-കാരന്‍ സെര്‍ജിയും ഭാര്യ ഐറിനയും (62) ആ ദിവസങ്ങള്‍ ചിലവഴിച്ചത് സെന്‍ട്രല്‍ മരിയുപോളിലെ ഒരുമുറി അപ്പാര്‍ട്ട്മെന്റിലാണ്. രണ്ടാഴ്ചയിലേറെയായി റഷ്യന്‍ വ്യോമാക്രമണങ്ങളും ക്രൂയിസ് മിസൈലുകളും പീരങ്കി ആക്രമണങ്ങളും മൂലം, 4,30,000 ജനസംഖ്യയുള്ള ആ തെക്കന്‍ യുക്രേനിയന്‍ നഗരം, നാശത്തിന്റെ വക്കിലെത്തിയിരുന്നു.

‘ആ സമയത്ത് ഞാന്‍ ചിന്തിക്കുമായിരുന്നു, ഞങ്ങളുടെ ഭക്ഷണം ആദ്യം തീരുമോ അതോ വെള്ളം തീരുമോ, അതോ അതിനെല്ലാം മുമ്പ് ഞങ്ങളുടെ മേല്‍ ബോംബ് പതിക്കുമോ എന്ന്. ഒരു ഘട്ടത്തില്‍ മരണം മാത്രമാകും ഇനി ഏക ആശ്വാസമെന്ന് കരുതി, ആത്മഹത്യയെക്കുറിച്ചു പോലും ചിന്തിച്ചുപോയി’. ഭാര്യയോടൊപ്പം നഗരത്തില്‍ നിന്ന് രക്ഷപ്പെട്ടതിന് ശേഷം സെര്‍ജി ഒരു മാധ്യമത്തോട് അഭിമുഖത്തില്‍ പറഞ്ഞു.

‘ഞങ്ങള്‍ ബേസ്‌മെന്റിലേയ്ക്ക് പോയില്ല, ആ ഇരുണ്ട മുറിയില്‍ കഴിയാന്‍ തോന്നിയില്ല. ആദ്യമൊക്കെ ജനലും വാതിലും അടച്ച് കഴിഞ്ഞു. പിന്നീട് ആക്രമണങ്ങളില്‍ അവയില്‍ പലതും തകര്‍ന്നു. പിന്നീട് ഞങ്ങള്‍ ബെഡില്‍ മൂന്നു ബ്ലാങ്കറ്റുകള്‍ക്കടിയില്‍ മരണം കാത്തെന്ന പോലെ കിടന്നു. അപ്പോഴേയ്ക്കും റഷ്യന്‍ ബോംബുകളുടെ ശബ്ദവും എപ്പോഴെക്കെ എത്ര വീതം ബോംബ് ഇടുമെന്നും പോലും ഞങ്ങള്‍ മനസിലാക്കിയിരുന്നു. ഒരു വിമാനത്തിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ അതില്‍ നിന്ന് നാല് ബോബുകള്‍ വര്‍ഷിക്കപ്പെടുമെന്നും ഞങ്ങള്‍ക്കറിയാമായിരുന്നു’. സെര്‍ജി പറയുന്നു.

യുദ്ധം കാരണം സെര്‍ജി ഉപേക്ഷിച്ച ആദ്യത്തെ നഗരമല്ല മരിയുപോള്‍. 2014 വരെ, റഷ്യന്‍ സംസാരിക്കുന്ന കിഴക്കന്‍ നഗരമായ ഡൊനെറ്റ്‌സ്‌കില്‍ അദ്ദേഹം താമസിച്ചിരുന്നു. അവിടെ അദ്ദേഹം വര്‍ഷങ്ങളോളം ഓര്‍ത്തോപീഡിസ്റ്റായി ജോലി ചെയ്തിരുന്നു. പിന്നീട് ഫോട്ടോ ജേണലിസം തൊഴിലാക്കി, ധാരാളം ആഭ്യന്തര, അന്തര്‍ദേശീയ അവാര്‍ഡുകളും നേടിയിട്ടുണ്ട്. 2014 ഫെബ്രുവരിയില്‍ ഡൊനെറ്റ്സ്‌കില്‍ വിക്ടര്‍ യാനികോവിച്ചിനെ അട്ടിമറിച്ച് വിഘടനവാദികള്‍ നഗരം പിടിച്ചടക്കിയതിന് ശേഷം 2014-ല്‍ അദ്ദേഹം ഡൊനെറ്റ്സ്‌കില്‍ നിന്ന് പലായനം ചെയ്താണ് അസോവ് കടലിലെ തുറമുഖ നഗരമായ മാരിയുപോളില്‍ എത്തിയത്.

മരിയുപോള്‍ വലിയൊരു റഷ്യന്‍ അനുകൂല നഗരമായാണ് നിലനിന്നു പോന്നിരുന്നത്. പ്രധാനപ്പെട്ട യുക്രേനിയന്‍ പാര്‍ട്ടികള്‍ പോലും അവിടെ പ്രചാരണം നടത്താന്‍ ശ്രമിച്ചിട്ടില്ല. സിറ്റി കൗണ്‍സിലാകട്ടെ, റഷ്യന്‍ അനുകൂല രാഷ്ട്രീയക്കാരെക്കൊണ്ട് നിറഞ്ഞിരുന്നു. ‘റഷ്യന്‍ ലോകം’ എന്ന ആശയത്തെ മരിയുപോളിലെ പല നിവാസികളും പിന്തുണച്ചിരുന്നു.

എന്നാല്‍ സമീപ മാസങ്ങളില്‍ റഷ്യന്‍ ആക്രമണങ്ങളുടെ ഭീഷണി വര്‍ദ്ധിച്ചതോടെ, നഗരം റഷ്യക്കെതിരെ തിരിഞ്ഞിരുന്നു. റഷ്യന്‍ അധിനിവേശം ആരംഭിക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ്, സെര്‍ജി ഉള്‍പ്പെടെയുള്ള പല മരിയുപോള്‍ നിവാസികളും യുക്രേനിയന്‍ സന്നദ്ധപ്രവര്‍ത്തകര്‍ രൂപീകരിച്ച ടെറിട്ടോറിയല്‍ ഡിഫന്‍സ് യൂണിറ്റുകള്‍ക്കായുള്ള ഔട്ട്‌ഡോര്‍ പരിശീലനത്തില്‍ പങ്കെടുക്കുകയും ചെയ്തു.

‘എന്നാല്‍ ഈ പരിശീലനങ്ങള്‍ക്കൊന്നും, വ്യോമാക്രമണത്തിനും ഷെല്ലാക്രമണത്തിനും ഇടയില്‍ ജീവിക്കാനുള്ള കരുത്ത് പകരാനായില്ല എന്നതാണ് സത്യം. അരലക്ഷത്തോളം വരുന്ന ഒരു നഗരം ബോംബുകളും റോക്കറ്റുകളും ഉപയോഗിച്ച് നശിപ്പിക്കപ്പെടുമ്പോള്‍, ആ ചെറിയ പരിശീലനങ്ങളെല്ലാം ഉപയോഗശൂന്യമായിപ്പോയി’. ആസ്മയും വൈകല്യവുമുള്ള സെര്‍ജി പറയുന്നു.

മരിയൂപോളില്‍ തുടരുന്ന റഷ്യന്‍ ബോംബാക്രമണം 2,300-ലധികം നിവാസികളെ കൊല്ലുകയും നഗരത്തെ എല്ലാത്തരത്തിലും നശിപ്പിക്കുകയും ചെയ്തു. വൈദ്യുതിയോ വെള്ളമോ ചൂടോ ഭക്ഷണമോ മരുന്നോ ഒന്നും ലഭ്യമല്ലാത്ത അവസ്ഥ. അര ലിറ്റര്‍ ചൂടു വെള്ളം കിട്ടുക എന്നതു തന്നെ വലിയ ആര്‍ഭാടമായി മാറിയിരുന്നു. ഉരുളക്കിഴങ്ങും കുറച്ചു മാംസവും അവരുടെ കൈവശമുണ്ടായിരുന്നു. ഐറിന ബാക്കിയുള്ള മാംസം ഉപ്പില്‍ തിളപ്പിച്ച് ഗ്ലാസ് പാത്രങ്ങളില്‍ ടിന്നിലടച്ചു. തേന്‍ ഉണ്ടായിരുന്നു. അയല്‍ക്കാര്‍ കുറച്ച് കാരറ്റും നല്‍കി.

ഏറ്റവും അത്ഭുതം എന്തെന്നാല്‍ ഇവരുടെ അപ്പാര്‍ട്ടമെന്റ് കെട്ടിടം ചുറ്റിലും നടന്ന ആക്രമണങ്ങളില്‍ തകര്‍ന്നില്ല എന്നതാണ്. ചുറ്റുമുള്ള അപ്പാര്‍ട്ട്‌മെന്റുകളില്‍ പലതും ബോംബാക്രമണങ്ങളില്‍ കാറ്റില്‍ കരിയില എന്നപോലെ പറന്നുനീങ്ങുകയും ചിലത് മെഴുകുതിരി പോലെ കത്തിത്തീരുകയും ചെയ്തിരുന്നു. കെട്ടിടാവശിഷ്ടങ്ങളും മരവിച്ച മൃതശരീരങ്ങളും കൊണ്ട് തെരുവുകള്‍ നിറഞ്ഞിരുന്നു.

‘ഞങ്ങളുടെ കെട്ടിടത്തിന് സമീപത്തായി ഒരു മൃതദേഹം കിടക്കുന്നത് കണ്ടപ്പോള്‍ എന്തെങ്കിലും സംഭവിച്ചാല്‍ എന്റെ ഭാര്യയുടെ മൃതദേഹം ഞാന്‍ എന്തുചെയ്യും? എന്ന് ഞാന്‍ ചിന്തിച്ചു. എന്നെക്കുറിച്ചും അവള്‍ അതേ കാര്യം ചിന്തിക്കുന്നുവെന്ന് അവള്‍ എന്നോട് പറഞ്ഞു’. സെര്‍ജി പറഞ്ഞു.

റഷ്യന്‍ ബോംബാക്രമണം ആരംഭിച്ച് ദിവസങ്ങള്‍ക്കുശഷം ആളുകള്‍ മരിയുപോള്‍ വിട്ടു. സെര്‍ജിയും ഭാര്യയും ഒരു സുഹൃത്തിന്റെ കാറിലാണ് മരിയുപോളില്‍ നിന്ന് രക്ഷപ്പെട്ടത്. ഇപ്പോള്‍ സ്ലൊവാക്യയുടെ അതിര്‍ത്തിയിലുള്ള പടിഞ്ഞാറന്‍ യുക്രേനിയന്‍ നഗരമായ ഉസ്ഗൊറോഡിലാണ് അവരുള്ളത്. ഈ സമയം കൊണ്ട് 10 കിലോ ഭാരം കുറഞ്ഞ സെര്‍ജിയെ ആസ്ത്മയുടെ ചിക്തിസയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

‘അത്ഭുതകരമായി ഇപ്പോള്‍ ഞങ്ങള്‍ ജീവിച്ചിരിക്കുന്നു. ഇനിയും ഞങ്ങള്‍ ഒരുമിച്ച് ജീവിച്ചുകൊണ്ടേയിരിക്കും’. സെര്‍ജിയും ഭാര്യയും ഒരേസ്വരത്തില്‍ പറയുന്നു.

 

Latest News