കഴിഞ്ഞ ശൈത്യകാലത്ത് മറീനയുടെ രണ്ട് ആണ്മക്കള് റഷ്യന്‍ സൈന്യത്തിലേക്ക് ചേരാന്‍ നിര്ബന്ധിതരായപ്പോള്, തന്റെ മക്കള്‍ ഒരു വര്‍ഷത്തെ സൈനിക സേവനം ചെയ്യണമെന്ന ആശയത്തെ അവര്‍ സ്വാഗതം ചെയ്തു. കാരണം അവര്‍ അത് ചെയ്യേണ്ടതാണെന്ന് മറീന കരുതി. കാരണം അത് മാതൃരാജ്യത്തോടുള്ള അവരുടെ കടമയുമാണല്ലോ. എന്നാല്‍ ഏതാനും ആഴ്ചകള്‍ക്കുശേഷം അവള്‍ക്ക് അക്കാര്യത്തില്‍ വിഷമം തോന്നി തുടങ്ങി. കാരണം അവളുടെ മക്കളെ യുക്രെയ്നിന്റെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഒരു പ്രദേശത്തേക്ക് വിന്യസിച്ചതായി അവര്‍ അറിഞ്ഞു.
ഫെബ്രുവരി 24 ന് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് യുക്രെയ്ന് ആക്രമിക്കാന്‍ റഷ്യന്‍ സൈന്യത്തോട് ഉത്തരവിട്ടു. അന്ന് മറീനയ്ക്ക് മക്കളുമായുള്ള കോണ്ടാക്ട് നഷ്ടപ്പെട്ടു. ‘എനിക്ക് ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞില്ല, ഉറങ്ങാന്‍ കഴിഞ്ഞില്ല. അതേ യൂണിറ്റില്‍ നിന്നുള്ള മറ്റ് സൈനികരുടെ അമ്മമാരുമായി ഞാന്‍ സന്ദേശങ്ങള്‍ കൈമാറി. അവരില്‍ പലര്‍ക്കും അവരുടെ കുട്ടികളുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു’. മെറീന പറഞ്ഞു.
റഷ്യന്‍ സൈനികരെ യുക്രെയ്നിലേക്ക് അയയ്ക്കില്ലെന്ന് ഇതിനിടെ ക്രെംലിന് വാഗ്ദാനം ചെയ്തു. അപ്പോള്‍ തന്റെ മക്കള്‍ എവിടെയാണെന്ന് മറീന അന്വേഷണം ആരംഭിച്ചു. കമാന്‍ഡര്‍ ഓഫീസില്‍ വിളിച്ചിട്ടും അവര്‍ കൃത്യമായ മറുപടി പറഞ്ഞില്ല.
‘ഒരിക്കല്‍, നിരാശയോടെ, ഞാന്‍ യുക്രെയ്നിലേക്ക് ഡ്രൈവ് ചെയ്യാന്‍ ശ്രമിച്ചു. അവര്‍ എന്നെ അതിന് അനുവദിച്ചില്ല. എല്ലായിടത്തും ചെക്ക് പോയിന്റുകള്‍ ഉണ്ടായിരുന്നു. പിന്നെ അപകടത്തില്‍പ്പെട്ടവരുടെ വാര്‍ത്തകള്‍ കേട്ട് ഞാന്‍ മിലിട്ടറി ആശുപത്രിയിലേക്ക് ഓടി’. മറീന പറഞ്ഞു.
മറീനയുടെ മക്കള്‍ അവിടെ ഉണ്ടായിരുന്നില്ല. പക്ഷേ അവിടെ കണ്ട കാഴ്ച അവളെ ഞെട്ടിച്ചു. ‘സൈനിക ആശുപത്രിയില്‍ ആവശ്യത്തിന് മരുന്നുകളോ ബാന്‍ഡേജുകളോ ഇല്ലായിരുന്നു. പ്രദേശവാസികള്‍ എല്ലാം എത്തിച്ചു നല്കി. സൈനികര്‍ക്ക് തണുപ്പും വിശപ്പും ഉണ്ടായിരുന്നു. പ്രദേശവാസികള്‍ ആശുപത്രിയിലേക്ക് ഭക്ഷണവും പാനീയങ്ങളും കൊണ്ടുവന്നു കൊടുക്കുന്നുണ്ടായിരുന്നു’.
ഒടുവില്‍ അവളുടെ ആണ്മക്കള് യുക്രെയ്നിലാണെന്ന് മിലിട്ടറി യൂണിറ്റിലെ ഒരാള്‍ സമ്മതിച്ചു. ‘എന്നോട് ഭയാനകമായ ആ വാര്‍ത്ത അവര്‍ പറഞ്ഞു: നിങ്ങളുടെ കുട്ടികള്‍ പ്രൊഫഷണല്‍ സൈനികരാകാന്‍ സൈനിക കരാറില്‍ ഒപ്പുവച്ചു. അവര്‍ പ്രത്യേക സൈനിക നടപടിയില്‍ യുക്രെയ്നില്‍ പങ്കെടുക്കുന്നു. അവര്‍ വീരന്മാരായി മടങ്ങും എന്ന്’.
‘അവര്‍ക്ക് ഒരു കരാര്‍ ഒപ്പിടാന്‍ പദ്ധതിയില്ലായിരുന്നു. അവര്‍ മൂന്ന് മാസമായി പട്ടാളത്തില്‍ ഉണ്ടെങ്കിലും അവര്‍ ഒരു തവണ മാത്രമേ തോക്ക് കൈവശം വച്ചിട്ടുള്ളൂ. ഒരു തവണ മാത്രമേ അവര്‍ ഒരു ഫയറിംഗ് റേഞ്ചില്‍ പോയിട്ടുള്ളൂ. അങ്ങനെയുള്ള അവര്‍ എങ്ങനെ സൈനിക നടപടിയില്‍ പങ്കെടുക്കും? അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂട്ടര്‍ ജനറലിന്റെ ഓഫീസിലേക്ക് ഞാന്‍ കത്തെഴുതി. എന്റെ മക്കള്‍ സൈനിക കരാറുകളില്‍ ഒപ്പിടാന്‍ ഒരു വഴിയുമില്ലെന്ന് ഞാന്‍ അവരോട് പറഞ്ഞു. എനിക്ക് ഉറപ്പായിരുന്നു. മറ്റ് അമ്മമാരും എഴുതി. അവര്‍ക്കെല്ലാം അവരുടെ കുട്ടികളെ അറിയാം’. മറീന പറയുന്നു.
സായുധ സേനയിലെ സൈനികരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് റഷ്യ നിര്‍ബന്ധിത നിയമനത്തെ ആശ്രയിക്കുകയായിരുന്നു. സൈനിക സേവനം 12 മാസം നീണ്ടുനില്‍ക്കുന്നതാണ്. 18 നും 27 നും ഇടയില്‍ പ്രായമുള്ള റഷ്യന്‍ പുരുഷന്മാര്ക്ക് അത് നിര്‍ബന്ധമാണ്.
മാര്‍ച്ച് 5 ന് പ്രസിഡന്റ് പുടിന് പ്രഖ്യാപിച്ചത്, പ്രൊഫഷണല്‍ സൈനികരും ഉദ്യോഗസ്ഥരും കരാര്‍ സൈനികരും മാത്രമാണ് യുക്രെയ്നില്‍ ഓപ്പറേഷനില്‍ പങ്കെടുക്കുന്നതെന്നാണ്. അവിടെ ഒരു നിര്‍ബന്ധിത സൈനികര്‍ പോലും ഇല്ലെന്നും ഞങ്ങള്‍ ആസൂത്രണം ചെയ്യുന്നില്ലെന്നും ഞങ്ങള്‍ അവരെ ഉപയോഗിക്കാന്‍ പോകുന്നില്ലെന്നും പുടിന് പറഞ്ഞിരുന്നു.
എന്നാല്‍ യുക്രെയ്നിലെ റഷ്യന്‍ ആക്രമണത്തില്‍ പങ്കെടുത്ത സൈനികരുടെ കൂട്ടത്തില്‍ നിര്‍ബന്ധിത സൈനികരും ഉണ്ടായിരുന്നു എന്ന് വെറും നാല് ദിവസത്തിന് ശേഷം റഷ്യന്‍ പ്രതിരോധ മന്ത്രാലയം സമ്മതിച്ചു. അത്തരത്തിലുള്ള എല്ലാ സൈനികരെയും ഇപ്പോള്‍ റഷ്യയിലേക്ക് തിരിച്ചയച്ചു എന്നും മന്ത്രാലയം അവകാശപ്പെട്ടു.
മറീനയുടെ ഔദ്യോഗിക പരാതി അതിനോടകം ശരിവച്ചു. അവളുടെ മക്കള്‍ സൈനിക കരാറുകളില്‍ ഒപ്പുവെച്ചിട്ടില്ലെന്ന് റഷ്യന്‍ അധികൃതര്‍ സ്ഥിരീകരിച്ചു. രണ്ട് മക്കളും അങ്ങനെ റഷ്യയിലേക്ക് മടങ്ങി.
‘അവിടെ നിന്ന് മടങ്ങിയെത്തിയ ആണ്‍കുട്ടികള്‍ വളരെ മെലിഞ്ഞും ക്ഷീണിച്ചുമാണ് കാണപ്പെട്ടത്. അവരുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞിരുന്നു. അവിടെ എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ അറിയാതിരിക്കുന്നതാണ് നല്ലതെന്ന് എന്റെ മകന് പറഞ്ഞു. പക്ഷെ എനിക്ക് പ്രധാനം അവന് ജീവനോടെ തിരിച്ചെത്തി എന്നതാണ്. ടെലിവിഷനില്‍ അവര്‍ പറയുന്നത് പോലെയല്ല ഇവിടെയുള്ളതെന്ന് എനിക്ക് ലോകത്തോട് പറയാന്‍ ആഗ്രഹമുണ്ട്’. മറീന പറഞ്ഞു.
റഷ്യയിലെ നിരവധി അമ്മമാര്‍ ഇപ്പോഴും തങ്ങളുടെ കുട്ടികളെ തിരയുന്നു. ഭയാനകമായ അവസ്ഥയാണത്. നമ്മള് മാനുഷിക വികാസത്തിന്റെ കൊടുമുടിയില്‍ എത്തിയിട്ടുണ്ടെന്ന് കരുതപ്പെടുമ്പോഴും എന്തുകൊണ്ട് നമുക്ക് ഒത്തുതീര്‍പ്പിലെത്താന്‍ കഴിഞ്ഞില്ല? നമുക്ക് യുദ്ധം ചെയ്ത് കൊല്ലേണ്ടതുണ്ടോ? ഓരോ അമ്മമാരും ചോദിക്കുന്നു.