Friday, April 4, 2025

നീതിയ്ക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ തളരാതെ ലൈംഗിക അടിമത്തത്തെ അതിജീവിച്ചവരുടെ പ്രതിനിധി, ലീ യോങ്-സൂ

ലൈംഗിക അടിമത്തത്തെ അതിജീവിച്ചവരുടെ മുഖമാണ് ലീ യോങ്-സൂ എന്ന തൊണ്ണൂറ്റിമൂന്നുകാരി. ജപ്പാനിലെ യുദ്ധകാല സൈന്യത്തിന്റെ തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, നിര്‍ബന്ധിത വേശ്യാവൃത്തി എന്നിവയ്‌ക്കെതിരെ അവര്‍ പോരാടാന്‍ തുടങ്ങിയിട്ട് മുപ്പതിലധികം വര്‍ഷങ്ങളായി. തന്റെ പോരാട്ടം വിജയിപ്പിക്കാന്‍ ഇനി ജീവിതത്തില്‍ സമയമുണ്ടോ എന്ന ആശങ്കയിലാണിപ്പോഴവര്‍.

1990-കളുടെ തുടക്കം മുതല്‍ ജാപ്പനീസ് ഗവണ്‍മെന്റ് തങ്ങളുടെ കുറ്റം അംഗീകരിക്കുകയും അസന്ദിഗ്ധമായി ക്ഷമാപണം നടത്തുകയും ചെയ്യണമെന്ന് ആവശ്യപ്പെടുന്ന, ദക്ഷിണ കൊറിയന്‍ ലൈംഗിക അടിമത്തത്തെ അതിജീവിച്ചവരുടെ, പ്രതിനിധിയാണ് ലീ യോങ്-സൂ.ഫിലിപ്പീന്‍സ്, ചൈന, ഇന്തോനേഷ്യ, ഓസ്ട്രേലിയ, ഈസ്റ്റ് ടിമോര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരുള്‍പ്പെടെ ലൈംഗിക അടിമത്തത്തെ അതിജീവിച്ചവരുടെയും അവര്‍ക്കായി വാദിക്കുന്നവരുടേയും അന്തര്‍ദേശീയ സംഘത്തെ ലീയാണ് നയിക്കുന്നത്്. രണ്ടാം ലോകമഹായുദ്ധകാലത്തെ ലൈംഗിക അടിമത്തത്തിന്റെ നിര്‍ബന്ധിതവും അക്രമാസക്തവുമായ സ്വഭാവത്തെ കുറച്ചുകാണാനും സ്‌കൂള്‍ പുസ്തകങ്ങളില്‍ നിന്ന് അത് ഒഴിവാക്കാനുമുള്ള ജപ്പാന്റെ പ്രകടമായ ശ്രമങ്ങളാല്‍ അവരുടെ ദുരവസ്ഥ മറക്കപ്പെടുകയോ വളച്ചൊടിക്കപ്പെടുകയോ ചെയ്യുന്നതിനെക്കുറിച്ചാണ് ലീ ആശങ്കപ്പെടുന്നത്.

ഇവര്‍ കഴിഞ്ഞയാഴ്ച യുഎന്‍ മനുഷ്യാവകാശ അന്വേഷകര്‍ക്ക് ഒരു നിവേദനം അയച്ചിരുന്നു. ഈ സമൂഹത്തിന്റെ ഏറ്റവും പുതിയതും ഒരുപക്ഷേ അവസാനത്തേതുമായ അപേക്ഷ, ലൈംഗിക അടിമത്തവുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകളായി തങ്ങള്‍ ആവശ്യപ്പെടുന്ന കാര്യം ഐക്യരാഷ്ട്രസഭയുടെ ന്യായവിധി തേടിക്കൊണ്ട് ദക്ഷിണ കൊറിയയിലെയും ജപ്പാനിലെയും ഗവണ്‍മെന്റുകള്‍ ഒന്നുചേര്‍ന്ന് പരിഹരിക്കണമെന്നാണ്. മെയ് മാസത്തില്‍ പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ദക്ഷിണ കൊറിയ പക്ഷേ, ഇതിനിടയില്‍ വിഷയം യു.എന്നിലേക്ക് കൊണ്ടുവരാനും സാധ്യതയില്ല.

ജപ്പാനിലെ ഇംപീരിയല്‍ ആര്‍മിയുടെ ലൈംഗിക അടിമയായി സേവനം ചെയ്യാന്‍ 16 വയസ്സുള്ളപ്പോള്‍ തന്നെ വീട്ടില്‍ നിന്ന് വലിച്ചിഴച്ചു കൊണ്ടുപോയതും യുദ്ധാവസാനം വരെ തായ്വാനിലെ ഒരു ജാപ്പനീസ് സൈനിക വേശ്യാലയത്തില്‍ അനുഭവിച്ച കഠിനമായ പീഡനവും വിവരിക്കുമ്പോള്‍ ലീ കരയുകയായിരുന്നു. ഈ അനുഭവം ലീ ലോകത്തോട് പറഞ്ഞത് 1992 ലാണ്.

‘ദക്ഷിണ കൊറിയയും ജപ്പാനും ഞങ്ങള്‍ അതീജീവിതകള്‍ മരിക്കുന്നതിനായി കാത്തിരിക്കുകയാണ്. പക്ഷേ അവസാനം വരെ ഞാന്‍ പോരാടും’. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ലീ പറഞ്ഞു. ജപ്പാന്റെ മുന്‍കാല സൈനികര്‍ നടത്തിയ ലൈംഗിക അടിമത്തത്തെ യുദ്ധക്കുറ്റമായി അംഗീകരിക്കാനും പാഠപുസ്തകങ്ങളിലൂടെയും സ്മാരകങ്ങളിലൂടെയും ഇത്തരം ദുരുപയോഗങ്ങളെക്കുറിച്ച് ജനങ്ങളെ ശരിയായി ബോധവത്കരിക്കാനും ജപ്പാന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനുമാണ് തന്റെ കാമ്പയിനിലൂടെ ലക്ഷ്യംവയ്ക്കുന്നതെന്നും തനിക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം താന്‍ ചെയ്യുമെന്നും അവര്‍ പറഞ്ഞു.

സിയോളില്‍ വരാനിരിക്കുന്ന സര്‍ക്കാര്‍മാറ്റം പ്രതീക്ഷ നല്‍കുന്നതാണ്. യാഥാസ്ഥിതിക ദക്ഷിണ കൊറിയന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട യൂന്‍ സുക് യോള്‍ ജപ്പാനുമായി സഹകരണം വാഗ്ദാനം ചെയ്തിട്ടുമുണ്ട്. എങ്കിലും യുഎന്‍ ഇടപെടലില്ലാതെ ഈ ചരിത്ര തര്‍ക്കം പരിഹരിക്കാന്‍ സിയോളിനും ടോക്കിയോയ്ക്കും കഴിയില്ലെന്നാണ് ലീ വിശ്വസിക്കുന്നത്. കാരണം വര്‍ഷങ്ങളായി നടത്തുന്ന ഉഭയകക്ഷി നയതന്ത്ര ചര്‍ച്ചകള്‍ ഇതുവരെയും ഫലവത്തായിട്ടില്ല. ലൈംഗിക അടിമത്തത്തിനും നിര്‍ബന്ധിത ജോലിക്കും ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ജപ്പാന്‍ സര്‍ക്കാരിനോടും കമ്പനികളോടും ആവശ്യപ്പെടുന്ന സമീപ വര്‍ഷങ്ങളിലെ ദക്ഷിണ കൊറിയന്‍ കോടതി വിധികളെല്ലാം ടോക്കിയോ നിരസിക്കുകയാണുണ്ടായത്.

ജാപ്പനീസ് പട്ടാളക്കാര്‍ക്കായി സൈനിക വേശ്യാലയങ്ങളിലേക്ക് അയക്കപ്പെട്ട പതിനായിരക്കണക്കിന് സ്ത്രീകളില്‍ കൂടുതല്‍ പേരും ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ്. അവരില്‍ ഭൂരിഭാഗവും കൊറിയക്കാരുമാണ്. 2015 ല്‍ ഇരകളായി സിയോള്‍ സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്ത 239 സ്ത്രീകളില്‍ 46 പേര്‍ ജീവിച്ചിരിപ്പുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ 12 പേര്‍ മാത്രമേ ഉള്ളൂ.

യുദ്ധകാല നടപടികളില്‍ ജപ്പാന്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ഫിലിപ്പീന്‍സ്, ദക്ഷിണ കൊറിയ, തായ്വാന്‍ എന്നിവിടങ്ങളിലെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് 1995-ല്‍ ഇതേക്കുറിച്ച് ഒരു പഠനം നടത്തുകയും സ്വകാര്യ സംഭാവനകളില്‍ നിന്ന് ഒരു ഫണ്ട് സ്വരൂപിക്കുകയും ചെയ്തു. എന്നാല്‍ ടോക്കിയോയുടെ ഈ പ്രവൃത്തികള്‍ക്കൊന്നും ആത്മാര്‍ത്ഥത ഇല്ലായിരുന്നുവെന്നും ഇരകള്‍ക്ക് നീതി ലഭിച്ചിട്ടില്ലെന്നും ജാപ്പനീസ് പാഠപുസ്തകങ്ങള്‍ കഴിഞ്ഞ ക്രൂരതകളെ മനപൂര്‍വ്വം കുഴിച്ചുമൂടുന്നു എന്നുമുള്ള ആരോപണങ്ങള്‍ നിലനില്‍ക്കുകയാണ്. 1993-ല്‍ ജപ്പാനില്‍ നിന്നുള്ള ഒരു പ്രസ്താവനയില്‍, സ്ത്രീകളെ സ്വന്തം ഇഷ്ടത്തിന് വിരുദ്ധമായി, വഞ്ചനയിലൂടെയും നിര്‍ബന്ധത്തിലൂടെയും പിടിച്ചുകൊണ്ടുപോയതായി സമ്മതിച്ചിരുന്നു. എന്നാല്‍ രാഷ്ട്ര നേതാക്കള്‍ പിന്നീട് അത് നിഷേധിക്കുകയാണുണ്ടായത്.

ജപ്പാന്‍ വിദേശകാര്യ മന്ത്രാലയം ഇപ്പോള്‍ പറയുന്നത്, സ്ത്രീകളുടെ റിക്രൂട്ട്മെന്റില്‍ ബലപ്രയോഗം നടന്നുവെന്ന് തെളിയിക്കുന്ന രേഖകളൊന്നും ഗവണ്‍മെന്റ് കണ്ടെത്തിയിട്ടില്ലെന്നും ഈ വ്യവസ്ഥയെ ലൈംഗിക അടിമത്തമായി വിശേഷിപ്പിക്കാന്‍ സാധ്യമല്ലെന്നുമാണ്. മാത്രവുമല്ല, ദക്ഷിണ കൊറിയന്‍ ലൈംഗിക അടിമത്തത്തിന് ഇരയായവര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അടുത്തിടെ ഫയല്‍ ചെയ്ത കേസുകളെ ‘അങ്ങേയറ്റം ഖേദകരവും തികച്ചും അസ്വീകാര്യവും’ എന്നാണ് ജപ്പാന്‍ വിശേഷിപ്പിച്ചത്.

ലൈംഗിക അടിമത്തവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ സിയോളും ടോക്കിയോയും യുഎന്‍ പരമോന്നത കോടതിയായ ഹേഗിലെ ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ജസ്റ്റീസില്‍ വച്ച് തീര്‍പ്പു കല്‍പ്പിക്കുന്നതിനായി ലീ കഴിഞ്ഞ വര്‍ഷം പ്രചാരണം ആരംഭിച്ചു. ടോക്കിയോ അതിന്റെ മുന്‍കാല ക്രൂരതകളെ നിഷേധിക്കുകയോ കുറച്ചുകാട്ടുകയോ ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ദക്ഷിണ കൊറിയ ഒരു യുഎന്‍ പാനലിനെ വിളിക്കണമെന്നും ലീ ആവശ്യപ്പെടുന്നു. ദക്ഷിണ കൊറിയയ്ക്ക് ഒന്നുകില്‍ ജപ്പാനെതിരെ പീഡനത്തിനെതിരായ കണ്‍വെന്‍ഷന്‍ കമ്മിറ്റിക്ക് പരാതി നല്‍കാം അല്ലെങ്കില്‍ ജപ്പാനെതിരെ ഐസിജെയില്‍ കേസെടുക്കാം. ലീയുടെ ശ്രമങ്ങളെ സഹായിക്കുന്ന അന്താരാഷ്ട്ര നിയമ വിദഗ്ധന്‍ എതാന്‍ ഹീ-സിയോക് ഷിന്‍ പറഞ്ഞു.

‘ഈ പ്രശ്‌നങ്ങളൊന്നും ഞങ്ങളോടൊപ്പം ഇല്ലാതാകുന്നതല്ല. ഇപ്പോള്‍ ഞങ്ങള്‍ക്ക് നീതി കിട്ടുന്നില്ലെങ്കില്‍ ഇത്തരം ക്രൂരതകള്‍ അടുത്ത തലമുറയിലും സംഭവിക്കും. അതുകൊണ്ട് ഈ പോരാട്ടം ഞങ്ങള്‍ അവസാനിപ്പിക്കില്ല’. ലീ പറയുന്നു.

Latest News