Sunday, April 6, 2025

മരണത്തിന്റെ ​ഗന്ധം മാറാത്ത മ്യാൻമാറിലെ ഭൂകമ്പത്തിന്റെ ഉറവിടമായി സാഗൈങ്ങ്

ഒരു നൂറ്റാണ്ടിനിടെ മ്യാൻമറിനെ ബാധിച്ച ഏറ്റവും ശക്തമായ ഭൂകമ്പത്തിന്റെ ആഘാതത്തിൽ നിന്നും ഇപ്പോഴും ഇവിടുത്തെ ജനങ്ങൾ മുക്തരായിട്ടില്ല. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായിരുന്ന മണ്ഡലയുടെ അതിർത്തിയായ സാഗൈങ്ങ് ആകെ തകർന്നിരിക്കുകയാണ്. ഭൂകമ്പത്തിനുശേഷം കോ സെയാർ എന്ന വ്യക്തി തന്റെ കുടുംബത്തിന്റെ അടുത്തെത്താൻ ഏറെ പാടുപെട്ടെന്നും എത്തിയപ്പോൾ കണ്ട കാഴ്ച ‍ഞെട്ടലുളവാക്കിയെന്നുമാണ് അദ്ദേഹം പറയുന്നത്.

തകർന്ന റോഡും കെട്ടിടങ്ങളും വിടവുകളുള്ള കുഴികളും കടന്നാണ് കോ സെയാർ തന്റെ ജന്മനാടായ സാഗൈങ്ങിലേക്ക് എത്തിയത്. മണ്ഡലയിൽ നിന്ന് ഇറവാഡി നദിക്കരയിലൂടെ കാറിൽ യാത്ര ചെയ്യാൻ സാധാരണയായി 45 മിനിറ്റ് എടുക്കും. എന്നാൽ ഭൂകമ്പത്തിനുശേഷം, തകർന്ന പാലങ്ങളും കെട്ടിടങ്ങളും മറികടക്കാൻ 24 മണിക്കൂർ എടുത്തെന്നാണ് അദ്ദേഹം പറയുന്നത്.

മൃതദേഹങ്ങളുടെ രൂക്ഷഗന്ധം പട്ടണത്തെ മുഴുവൻ മൂടിയിരിക്കുകയാണെന്നാണ് സാമൂഹികപ്രവർത്തകൻ കൂടിയായ കോ സെയാർ തന്റെ ജന്മനാടിനെക്കുറിച്ചു പറഞ്ഞത്. കൂട്ടക്കുഴിമാടങ്ങളിൽ മൃതദേഹങ്ങൾ സംസ്‌കരിക്കാനുള്ള തിരക്കാണ് അദ്ദേഹത്തെ ഞെട്ടിച്ച വേറൊരു കാര്യം. അതിജീവിച്ചവർ ഭക്ഷണത്തിനും വെള്ളത്തിനുമായി ക്യൂ നിൽക്കുന്നു. തുടർചലനങ്ങളെക്കുറിച്ചുള്ള ഭീതിയുള്ളതിനാൽ പലരും കൊതുകുകളുടെയും ചുട്ടുപൊള്ളുന്ന ചൂടിന്റെയും ഭീഷണി ഉണ്ടായിട്ടും തെരുവുകളിൽതന്നെ തുടരുന്നുണ്ട്.

ഭൂകമ്പത്തോട് ഫലപ്രദമായി പ്രതികരിക്കാൻ ആവശ്യമായ പ്രാദേശിക വിഭവങ്ങളും ആരോഗ്യ അടിസ്ഥാനസൗകര്യങ്ങളും, വർഷങ്ങളോളമുള്ള യുദ്ധം മൂലം ഇല്ലാതായി. രാജ്യത്തെ സൈനിക സർക്കാരിൽ നിന്ന് വലിയതോതിലുള്ള ദുരന്ത പ്രതികരണം ഉണ്ടായിട്ടില്ലെന്നും നിരീക്ഷകർ പറയുന്നു. ഇപ്പോൾ സാഗൈങ്ങിലെ ഏതു ദിശയിലേക്കു നോക്കിയാലും വീടുകളും സ്കൂളുകളും ക്ഷേത്രങ്ങളും പള്ളികളും കടകളും ഒക്കെ തകർന്നുകിടക്കുകയാണ്.

ഏകദേശം 15 ലക്ഷം ആളുകൾ താമസിക്കുന്ന മണ്ഡലയിലും സൈനിക തലസ്ഥാനമായ നയ്പിഡാവിലും ഭൂകമ്പം വ്യാപകമായ നാശനഷ്ടങ്ങൾ വിതച്ചു. അയൽരാജ്യങ്ങളായ തായ്‌ലൻഡിലും ചൈനയിലും ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. പട്ടണങ്ങളെയും ഗ്രാമങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡുകൾ തകർന്നു. ഇതുമൂലം എക്‌സ്‌കവേറ്റർ, ബാക്ക്‌ഹോ തുടങ്ങിയ ഭാരമേറിയ യന്ത്രങ്ങളുടെ വിതരണം ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും മന്ദഗതിയിലായി.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News