Monday, May 19, 2025

ജീവിതം കൂടുതൽ കാര്യക്ഷമമാക്കാം; രാവിലത്തെ സമയം സോഷ്യൽ മീഡിയയോട് ‘നോ’ പറയാം

രാവിലെ എഴുന്നേൽക്കുമ്പോഴേ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ആളാണോ നിങ്ങൾ? എങ്കിൽ ആ രീതിക്ക് മാറ്റം വരുത്തേണ്ടത് ആവശ്യമാണ്. കാരണം, പ്രഭാതത്തിൽ എഴുന്നേൽക്കുമ്പോഴേ ചെയ്യുന്ന കാര്യങ്ങൾ നമ്മുടെ ദിവസത്തെയും ജീവിതത്തെയും ഏറെ സ്വാധീനിക്കും. പ്രഭാതത്തിലെ സോഷ്യൽ മീഡിയ ഉപയോഗം നമ്മുടെ സമയം അപഹരിക്കാനും ശാന്തമായി ഒരു ദിവസം ആരംഭിക്കാൻ തടസ്സമാവുകയും ചെയ്യും. പ്രഭാതത്തിലെ സമയം സോഷ്യൽ മീഡിയയോട് ‘നോ’ പറഞ്ഞാൽ ജീവിതത്തിലുണ്ടാകുന്ന നേട്ടങ്ങൾ എന്തൊക്കെയാണെന്നു നോക്കാം.

1. ശബ്ദായമാനമായ ലോകത്ത് ശാന്തമായ മനസ്സ്

പ്രഭാതത്തിലെ സമയം നിശ്ശബ്ദതയുടെ ഒരു അപൂർവജാലകം നമുക്കു തുറന്നുനൽകുന്നു. മെസേജുകളുടെയും സോഷ്യൽ മീഡിയയുടെയും സ്വാധീനമില്ലാതെ ഒരു ദിവസം ആരംഭിക്കുന്നത് ഉചിതമാണ്. ധ്യാനം, പ്രാർഥന, സന്തോഷകരമായ കാര്യങ്ങൾ മനസ്സിൽ നിറയ്ക്കുക ഇവയൊക്കെ പ്രഭാതത്തിൽ ചെയ്യാൻ അഭ്യസിക്കാം. ഫോൺ നോക്കാതെ ഒരു ദിവസം ആരംഭിക്കുന്നത് നമ്മുടെ സമ്മർദം കുറയ്ക്കുകയും ദിവസം മുഴുവനും ശാന്തമായിരിക്കാൻ നമ്മളെ സഹായിക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

2. ഫോൺസമയം നിയന്ത്രിക്കാൻ സ്വയം അഭ്യസിക്കുക; ഫോൺ നമ്മെ നിയന്ത്രിക്കരുത്

അതിരാവിലെ എഴുന്നേൽക്കുമ്പോൾ, നമുക്ക് ഏറ്റവും വിലപ്പെട്ട കാര്യങ്ങൾക്കു മുൻഗണന നൽകുക. വരുന്ന ഇമെയിലുകളോടോ, അടിയന്തര സന്ദേശങ്ങളോടോ പ്രതികരിക്കുന്നതിനു പകരം, നമ്മുടെ ആ ദിവസം എങ്ങനെ ആയിരിക്കണമെന്ന് മുൻകൂട്ടി ആസൂത്രണം ചെയ്യാൻ കഴിയും. പ്രഭാതത്തിലെ വ്യായാമമായാലും പ്രകൃതിയിലൂടെ ഇറങ്ങിനടക്കുന്നതായാലും പ്രഭാതഭക്ഷണമായാലും, ഈ സമയം നമ്മുടെ നിയന്ത്രണത്തിൽ കൊണ്ടുവരിക. കാലക്രമേണ, ഈ നിയന്ത്രണബോധം ഉത്കണ്ഠ കുറയ്ക്കുകയും മാനസികക്ഷേമം മെച്ചപ്പെടുത്തുകയും ചെയ്യും.

3. ഏകാഗ്രതയും സർഗാത്മകതയും വർധിപ്പിക്കാം

ആഴമേറിയതും ഏകാഗ്രവുമായ ജോലിക്ക് പ്രഭാതത്തിലെ സമയങ്ങളാണ് പലപ്പോഴും ഏറ്റവും ഉൽപാദനക്ഷമമാകുന്നത്. ഒരു ദിവസത്തിന്റെ അവസാനത്തെക്കാൾ രാവിലെത്തെ സമയം നമ്മുടെ മനസ്സ് കൂടുതൽ ജാഗ്രതയുള്ളതും സർഗാത്മകവുമാണ്. വി. അഗസ്റ്റിൻ മുതൽ ചരിത്രത്തിലെ ഏറ്റവും മികച്ച ചിന്തകരിൽ പലരും അതിരാവിലെയുള്ള സമയം ഏറ്റവും ഫലപ്രദമായ മണിക്കൂറുകളായി കണക്കാക്കി. സാങ്കേതികവിദ്യ വളരെയധികം ഉപയോഗിക്കുന്ന ഈ ആധുനിക യുഗത്തിൽ, തിരക്കേറിയ പ്രവർത്തനങ്ങളിൽനിന്ന് നമ്മുടെ തലച്ചോറിന് ഒരു ഇടവേള നൽകുന്നത് പുതിയ ആശയങ്ങൾ രൂപപ്പെടുത്തുന്നതിനുള്ള ഒരു മികച്ച മാർഗമായിരിക്കും.

4. ജീവിതബന്ധങ്ങൾ വീണ്ടും കണ്ടെത്തുക

നേരത്തെ എഴുന്നേൽക്കുക എന്നതിനർഥം നമ്മുടെ ചുറ്റുമുള്ള ആളുകളുമായി കൂടുതൽ സമയം ചെലവഴിക്കുക എന്നാണ്. ജീവിതപങ്കാളിയോടൊപ്പം ഒരു കപ്പ് കാപ്പി കുടിക്കുക, കുട്ടികളുമൊത്തുള്ള പ്രഭാതഭക്ഷണ സംഭാഷണം അല്ലെങ്കിൽ ഒരു സുഹൃത്തുമൊത്തുള്ള ഒരു പ്രഭാതനടത്തം എന്നിവയാണെങ്കിലും ഈ ചെറിയ ‘സ്ക്രീൻരഹിത’ നിമിഷങ്ങൾ നമ്മുടെ ബന്ധങ്ങളെ സമ്പന്നമാക്കും.

അതിരാവിലെ എഴുന്നേറ്റ്, സോഷ്യൽ മീഡിയയോടുള്ള നമ്മുടെ ആസക്തിയെ ചെറുക്കുന്നതിലൂടെ നമ്മൾ നമ്മുടെ സമയം വീണ്ടെടുക്കുകയും ശാന്തവും കൂടുതൽ ഉദ്ദേശ്യപൂർണ്ണവുമായ ഒരു ജീവിതത്തിന്റെ ഭംഗി വീണ്ടും കണ്ടെത്തുകയും ചെയ്യുന്നു. അതിനാൽ, ഇനിമുതൽ എഴുന്നേറ്റാലുടൻ മൊബൈലിൽ സ്ക്രോൾ ചെയ്യാനുള്ള പ്രേരണയെ ചെറുക്കാം, പ്രഭാതത്തിന്റെ പ്രതീക്ഷയിലേക്കു കണ്ണുകൾ തുറക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News