Tuesday, November 26, 2024

സെര്‍ജി സ്റ്റാഖോവ്സ്‌കി: സ്വന്തം രാജ്യത്തെ പ്രതിരോധിക്കാന്‍ ഓടിയെത്തിയ യുക്രേനിയന്‍ ടെന്നീസ് താരം

മാതാപിതാക്കളുടെ ഫോണ്‍ കോള്‍ വന്നപ്പോള്‍ അവധി ആഘോഷിക്കാന്‍ ദുബായില്‍ എത്തിയതായിരുന്നു സെര്‍ജി സ്റ്റാഖോവ്സ്‌കി. ആ സമയത്ത് യുക്രേനിയന്‍ തലസ്ഥാനമായ കൈവിലെ തന്റെ വീടിന് പുറത്ത് സ്ഫോടന ശബ്ദം കേള്‍ക്കാമായിരുന്നു. റഷ്യന്‍ ആക്രമണമായിരുന്നു അത്.

ആ നിമിഷം മുതല്‍ മൂന്ന് ദിവസത്തേക്ക് ഉറങ്ങുക പോലും ചെയ്യാതെ എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ സ്റ്റാഖോവ്സ്‌കി ശ്രമിച്ചുകൊണ്ടിരുന്നു. ‘ടിവിയിലൂടെയും വാര്‍ത്താ സൈറ്റുകളിലൂടെയും കണ്ട കാര്യങ്ങള്‍ എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല’. അദ്ദേഹം ബിബിസിയോട് പറഞ്ഞു. ‘എന്റെ കുടുംബം എവിടെയാണെന്നും അവര്‍ എന്താണ് ചെയ്യുന്നതെന്നും അവരുടെ അവസ്ഥ എന്താണെന്നും ഞാന്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയായിരുന്നു’. അദ്ദേഹം പറഞ്ഞു.

ഒരു മാസം മുമ്പ്, സ്റ്റാഖോവ്സ്‌കി ഓസ്ട്രേലിയന്‍ ഓപ്പണിന്റെ യോഗ്യതാ റൗണ്ടില്‍ കളിച്ചിരുന്നു. 36-ാം വയസ്സില്‍ മെല്‍ബണിലുണ്ടായ തോല്‍വി വിരമിക്കല്‍ തീരുമാനിക്കുന്നതിലേക്കും നയിച്ചിരുന്നു. അന്നത്തോടെ 19 വര്‍ഷത്തെ ടെന്നീസ് ജീവിതവും അവസാനിപ്പിച്ചു. 2010-ല്‍ അദ്ദേഹം ലോക റാങ്കിങ്ങില്‍ 31-ാം സ്ഥാനത്തെത്തിയിരുന്നു. 2013-ല്‍ വിംബിള്‍ഡണില്‍ റോജര്‍ ഫെഡററെ തോല്‍പ്പിക്കുകയും ചെയ്തു. തന്റെ അടുത്ത നടപടി എന്തായിരിക്കുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു.

സ്റ്റാഖോവ്സ്‌കി ആദ്യം തന്റെ കുടുംബത്തെ അവര്‍ താമസിക്കുന്ന ഹംഗറിയിലെ ബുഡാപെസ്റ്റിലേക്ക് തിരികെ കൊണ്ടുവന്നു. എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ഭാര്യ ചോദിച്ചു. കാരണം അവള്‍ അസ്വസ്ഥയായിരുന്നു. സ്റ്റാഖോവ്‌സ്‌കി പറയുന്നു.

‘ഏകദേശം 17 വര്‍ഷത്തോളം ഞാന്‍ അഭിമാനത്തോടെ എന്റെ രാജ്യത്തിനുവേണ്ടി ഡേവിസ് കപ്പ് കളിച്ചു, അതിനാല്‍ എന്റെ രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളില്‍ നിന്ന് മാറിനില്‍ക്കാന്‍ എനിക്ക് കഴിയില്ല. അതുകൊണ്ടുതന്നെ ഭാര്യയേയും മക്കളേയും വിട്ട് രാജ്യത്തിനുവേണ്ടി മറ്റൊരു പോരാട്ടം നടത്താന്‍ ഞാന്‍ ഇറങ്ങിപ്പുറപ്പെട്ടു’. സ്റ്റാഖോവ്‌സ്‌കി പറഞ്ഞു.

യുക്രൈന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ലിവിവിലേക്ക് യാത്ര ആരംഭിച്ചു. തന്റെ സഹോദരനെയും പിതാവിനെയും കാണാന്‍ കിയെവിലേക്ക് പോകുന്നതിന്റെ തലേദിവസം രാത്രി അദ്ദേഹം അവിടെ താമസിച്ചു. സഹോദരന്റെ ഭാര്യയ്ക്കും സഹോദരന്റെ രണ്ട് പെണ്‍മക്കള്‍ക്കും ഒപ്പം അമ്മയ്ക്ക് രക്ഷപ്പെടാന്‍ അവന്‍ നേരത്തെ തന്നെ അവസരം സംഘടിപ്പിച്ചിരുന്നു.

കീവില്‍ സ്റ്റാഖോവ്സ്‌കി ഒരു സൈനിക വിഭാഗത്തിലേക്ക് നിയോഗിക്കപ്പെട്ടു. ഒരിക്കലും സൈനിക പരിശീലനം ലഭിക്കാത്ത വ്യക്തിയാണ് സ്റ്റാഖോവ്സ്‌കി. എങ്കിലും തന്നാല്‍ കഴിയുന്നത്ര ആളുകളെ സഹായിക്കാന്‍ അദ്ദേഹം ശ്രമിച്ചു.

പക്ഷേ ബുച്ചയിലേക്കുള്ള തന്റെ യാത്ര ശരിക്കും യുദ്ധത്തിന്റെ ഭീകരത എന്തെന്ന് വെളിപ്പെടുത്തിയതായി സ്റ്റാഖോവ്സ്‌കി പറയുന്നു. അവിടെവച്ച് വെടിവപ്പിലും ഏര്‍പ്പെടേണ്ടി വന്നതായി അദ്ദേഹം പറഞ്ഞു. അവിടെ സാധാരണക്കാരെ റഷ്യന്‍ സൈന്യം പീഡിപ്പിക്കുകയും ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തതിന് തെളിവുകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അവിടെയുള്ള സാഹചര്യത്തിന്റെ ചിത്രങ്ങള്‍ ലോകമെമ്പാടും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ എന്താണ് സംഭവിച്ചതെന്നതിന്റെ ഒരു ചെറിയ പ്രതിഫലനം മാത്രമാണ് ലോകം കണ്ടതെന്ന് സ്റ്റാഖോവ്‌സ്‌കി പറയുന്നു.

‘റഷ്യന്‍ സൈന്യം ചെയ്ത കാര്യങ്ങളും അവര്‍ ചെയ്ത രീതിയും സത്യസന്ധമായി മനുഷ്യത്വരഹിതമാണ്. റഷ്യന്‍ സൈന്യത്തോട് തോന്നുന്ന വെറുപ്പ് വിവരിക്കാന്‍ കഴിയില്ല. എനിക്ക് ഒരു മടിയുമില്ല. ഒരു റഷ്യന്‍ പട്ടാളക്കാരനെ കണ്ടാല്‍ ഞാന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് എനിക്കറിയാം’. സ്റ്റാഖോവ്‌സ്‌കി പറഞ്ഞു.

അധിനിവേശം മുതല്‍, റഷ്യന്‍ അത്‌ലറ്റുകളോട് എങ്ങനെ പ്രതികരിക്കണമെന്നും അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് അവരെ വിലക്കണമോ എന്നതിനെക്കുറിച്ചും ധാരാളം ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. സംഘര്‍ഷത്തിന്റെ ആദ്യ ആഴ്ചകളില്‍ റഷ്യന്‍ ടെന്നീസ് താരം ആന്ദ്രേ റൂബ്ലെവ് ദുബായില്‍ നടന്ന മത്സരത്തില്‍ വിജയിച്ചതിന് ശേഷം ടിവി ക്യാമറ ലെന്‍സില്‍ ‘നോ വാര്‍ പ്ലീസ്’ എന്ന് എഴുതി. ലോക രണ്ടാം നമ്പര്‍ താരം ഡാനില്‍ മെദ്വദേവ് ‘സമാധാനം പ്രോത്സാഹിപ്പിക്കുന്നതിന്’ സംസാരിച്ചു.

സൈന്യത്തെക്കുറിച്ചുള്ള ‘വ്യാജ വാര്‍ത്ത’ എന്ന് അധികാരികള്‍ കരുതുന്ന എന്തെങ്കിലും പ്രചരിപ്പിച്ചാല്‍ 15 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന പുതിയ റഷ്യന്‍ നിയമം ഇറക്കുന്നതിന് മുമ്പായിരുന്നു ഇത്. മിക്ക റഷ്യന്‍ കായികതാരങ്ങളും പിന്നീട് നിശബ്ദത പാലിച്ചു.

റഷ്യന്‍ അത്ലറ്റുകളെ ടൂര്‍ണമെന്റില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുമെന്ന് കഴിഞ്ഞ മാസം വിംബിള്‍ഡണ്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. പക്ഷേ സ്റ്റാഖോവ്‌സ്‌കി തീരുമാനത്തെ പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നു. കാരണം അദ്ദേഹം തന്റെ രാജ്യത്തെ അത്രമേല്‍ സ്‌നേഹിക്കുന്നു.

 

Latest News