Saturday, January 25, 2025

കളിക്കളത്തില്‍ നിന്ന് യുക്രൈനിലെ യുദ്ധഭൂമിയിലേയ്ക്ക് ഓടിയെത്തിയ, ഷെരീഫ് ടിറാസ്പോള്‍ ഫുട്‌ബോള്‍ ക്ലബ് പരിശീലകന്‍ യൂറി വെര്‍നിഡബ്

റയല്‍ മാഡ്രിഡിനെ തോല്‍പ്പിച്ച് ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്ന് പുറത്തെടുത്ത ഷെറിഫ് ടിറാസ്പോള്‍ പരിശീലകനാണ് യൂറി വെര്‍നിഡബ്. ലോക ഹെവിവെയ്റ്റ് ബോക്സിംഗ് ചാമ്പ്യന്‍ ഒലെക്സാണ്ടര്‍ ഉസിക് ഉള്‍പ്പെടെ നിരവധി അറിയപ്പെടുന്ന യുക്രേനിയന്‍ കായിക വ്യക്തിത്വങ്ങളില്‍ ഒരാള്‍. മാസങ്ങള്‍ക്ക് ശേഷം റഷ്യന്‍ അധിനിവേശത്തിനെതിരെ തന്റെ ജന്മനാടായ യുക്രെയ്നെ പ്രതിരോധിക്കാന്‍ അദ്ദേഹം ആയുധമേന്തിയിരിക്കുകയാണ്.

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ സൈനിക നടപടി ആരംഭിച്ചതായി മകന്‍ കഴിഞ്ഞ ആഴ്ച തന്നെ വിളിച്ച് അറിയിച്ചതോടെ വീട്ടിലേക്ക് മടങ്ങാന്‍ താന്‍ തെല്ലും മടിച്ചില്ലെന്ന് 56 കാരനായ വെര്‍നിഡബ് ബിബിസിയോട് പറഞ്ഞു. യുദ്ധവും അതേതുടര്‍ന്നുള്ള ദുരിതങ്ങളും ഭയന്ന് ലക്ഷക്കണക്കിന് ആളുകള്‍ രാജ്യം വിട്ട് പലായനം ചെയ്യുന്ന അവസരത്തിലാണ് ഇദ്ദേഹം തന്റെ രാജ്യത്തിനുവേണ്ടി നിലകൊള്ളാന്‍ സുരക്ഷിത മേഖലയില്‍ നിന്ന് യുദ്ധഭൂമിയിലേക്ക് ഓടിയെത്തിയത് എന്നതാണ് ശ്രദ്ധേയമായ കാര്യം. യൂറോപ്പ ലീഗ് പ്ലേ-ഓഫ് മത്സരത്തിനായി പോര്‍ച്ചുഗലിലെത്തിയപ്പോഴാണ് വെര്‍നിഡബിന് കോള്‍ ലഭിച്ചത്.

‘പുലര്‍ച്ചെ 4:30 ന് എന്റെ മകന്‍ എന്നെ വിളിച്ചു, റഷ്യക്കാര്‍ ഞങ്ങളെ ആക്രമിച്ചതായി അവന്‍ എന്നോട് പറഞ്ഞു. യുദ്ധത്തിനായി ഞാന്‍ യുക്രെയ്നിലേക്ക് മടങ്ങുമെന്ന് എനിക്ക് സ്വയം അപ്പോള്‍ തന്നെ അറിയാമായിരുന്നു’. അദ്ദേഹം പറഞ്ഞു.

11 മണിക്കൂര്‍ യാത്ര ചെയ്താണ് വെര്‍നിഡബ് യുക്രൈനില്‍ എത്തിയത്. വീട്ടുകാരില്‍ പലരും ഈ മടക്കത്തില്‍ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ ഒരു തീരുമാനമെടുത്താല്‍, അത് മാറ്റാന്‍ പറ്റാത്ത വ്യക്തിത്വമാണ് വെര്‍ഡിനബിന്റേത്. ‘ഞങ്ങള്‍ക്ക് മോള്‍ഡോവയിലേക്ക് പോകാമായിരുന്നു, പക്ഷെ ഞാനും എന്റെ ഭാര്യയും ഉറപ്പായും ഇവിടെ തന്നെ താമസിക്കും. രാജ്യത്തിനുവേണ്ടി പോരാടും’. വെര്‍ഡിനബ് പറയുന്നു.

ചെറുപ്പത്തില്‍ തനിക്ക് രണ്ട് വര്‍ഷത്തെ സൈനിക പരിശീലനം ലഭിച്ചിട്ടുണ്ടെന്നും തോക്കുകള്‍ എങ്ങനെ ഉപയോഗിക്കണമെന്ന് തനിക്കറിയാമെന്നും വെര്‍നിഡബ് പറയുന്നു. സൈന്യത്തില്‍ തന്റെ പങ്ക് എന്താണെന്ന് വെളിപ്പെടുത്താന്‍ തനിക്ക് അനുവാദമില്ലെന്നും അദ്ദേഹം പറഞ്ഞു. ”ഇപ്പോള്‍ അവര്‍ ഞങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. ഓരോ മിനിറ്റിലും അവര്‍ പറയുന്നിടത്തേക്ക് പോകാന്‍ ഞങ്ങള്‍ തയ്യാറാണ്. ഞാന്‍ ഇതുവരെ എന്റെ ആയുധം ഉപയോഗിച്ചിട്ടില്ല, പക്ഷേ ഞാന്‍ അതിന് എപ്പോഴും തയ്യാറാണ്. ഏതുസമയത്തും’. ജീവിതത്തിലെ അപ്രതീക്ഷിതമായ ഈ വഴിത്തിരിവിന്റെ ആവേശത്തില്‍ അദ്ദേഹം പറഞ്ഞു.

”യുക്രെയ്ന്‍ ഈ യുദ്ധത്തില്‍ വിജയിക്കുമെന്ന കാര്യത്തില്‍ എനിക്ക് യാതൊരു സംശയവുമില്ല. മറിച്ച് ചിന്തിക്കാന്‍ പോലും എനിക്കാവില്ല. ഈ ദുരന്തം ഒരു രാഷ്ട്രമെന്ന നിലയില്‍ ഞങ്ങളെ ഒന്നിപ്പിക്കുന്നതായി ഞാന്‍ മനസിലാക്കുന്നു. യുക്രേനിയന്‍ പ്രസിഡന്റ് വോലോഡൈമര്‍ സെലെന്‍സ്‌കിയോട് എനിക്ക് പൂര്‍ണ്ണമായ ബഹുമാനമാണ്. താനൊരു യഥാര്‍ത്ഥ നേതാവാണെന്ന് അദ്ദേഹം തെളിയിച്ചു’. വെര്‍ഡിനബ് പറഞ്ഞു.

‘ഇതൊക്കെയാണെങ്കിലും ഫുട്‌ബോള്‍ എന്റെ ജീവിതമാണ്. ഷെരീഫിലെ കുട്ടികള്‍ ദിവസേന വിളിച്ച് ക്ഷേമം അന്വേഷിക്കാറുണ്ട്. ഈ യുദ്ധം അധികകാലം നിലനില്‍ക്കില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഞങ്ങള്‍ വിജയിക്കും, ഞാന്‍ എന്റെ പ്രിയപ്പെട്ട ജോലിയിലേക്ക് മടങ്ങുകയും ചെയ്യും’. കളിക്കളത്തിലെ അതേ ആവേശത്തോടെ, ആത്മവിശ്വാസത്തോടെ വെര്‍ഡിനബ് പറയുന്നു.

 

 

 

Latest News