Monday, November 25, 2024

ഷിറീന്‍ അബു അഖ്ല: യുദ്ധത്തിന്റെയും സമാധാനത്തിന്റെയും മുഖവും ശബ്ദവും

ഷിറീന്‍ അബു അഖ്ല എന്നത് അക്ഷരാര്‍ത്ഥത്തില്‍ അറബ് ലോകത്തെ ഒരു സുപരിചിത പേരായിരുന്നു. 24 മണിക്കൂര്‍ അറബി ഭാഷാ ടെലിവിഷന്‍ രൂപാന്തരപ്പെടുത്തിയ അല്‍ ജസീറ നെറ്റ്വര്‍ക്കിന്റെ പ്രദേശത്തും പുറത്തുമുള്ള കാഴ്ചക്കാരുടെ ഇടയില്‍ അവളുടെ ശാന്തമായ സാന്നിദ്ധ്യം നിറഞ്ഞിരുന്നു.

ചാനല്‍ ആരംഭിച്ച് ഒരു വര്‍ഷത്തിനുശേഷം, 1997 ല്‍, സ്ഥാപനത്തില്‍ ജോയിന്‍ ചെയ്ത അവള്‍ സ്വന്തം ചരിത്രവും സൃഷ്ടിച്ചു. അന്നത്തെ പുതിയ തലമുറ അവരുടെ ടെലിവിഷന്‍ സ്‌ക്രീനുകളില്‍ കണ്ട ആദ്യത്തെ വനിതാ ലേഖികയായിരുന്നു, ഷിറീന്‍ അബു അഖ്ല.

‘എന്റെ സഹപ്രവര്‍ത്തകയായ ഷൈമ ഖലീലിന്റെ ട്വിറ്റര്‍ ഫീഡിലാണ് ഞാന്‍ ആദ്യം ഷിറീന്റെ മരണ വാര്‍ത്ത കണ്ടത്. വാര്‍ത്ത കണ്ട് ഭയന്നുപോയി. കാരണം ഞാനും ദശലക്ഷക്കണക്കിന് ആളുകളും വര്‍ഷങ്ങളായി ഷിറീന്റെ റിപ്പോര്‍ട്ടിംഗ് പിന്തുടരുന്നവരാണ്’. ബിബിസി കറസ്‌പോണ്ടന്റായ ലൈസ് ഡോസറ്റ് പറയുന്നു.

അധിനിവേശ വെസ്റ്റ്ബാങ്ക് നഗരമായ ജെനിനില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ റെയ്ഡിനെക്കുറിച്ച് അല്‍ ജസീറയ്ക്ക് വേണ്ടി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് പലസ്തീന്‍-അമേരിക്കന്‍ പത്രപ്രവര്‍ത്തകയായ ഷിറിന്‍ അബു അഖ്‌ല വെടിയേറ്റ് മരിച്ചത്. 51 കാരിയായ ഷിറിന്‍ ഏവര്‍ക്കും വളരെ പ്രിയപ്പെട്ട ഒരു റിപ്പോര്‍ട്ടര്‍ ആയിരുന്നു, പ്രദേശത്തെ ഏറ്റവും പരിചയസമ്പന്നരായ റിപ്പോര്‍ട്ടര്‍മാരില്‍ ഒരാളായിരുന്നു, ഷെറിന്‍. വാര്‍ത്തകളില്‍ എപ്പോഴും പരിചിതമായ മുഖം. പലസ്തീനികളുടെ ഒരു തലമുറ വളര്‍ന്നത് അവരുടെ ടിവി സ്‌ക്രീനുകളില്‍ അവളെ കണ്ടാണ്, സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും അറിയപ്പെടുന്ന വനിതാ റിപ്പോര്‍ട്ടര്‍മാരില്‍ ഒരാളാണ്.

‘ഒരുപാട് പെണ്‍കുട്ടികള്‍ കണ്ണാടിക്ക് മുന്നില്‍ ഹെയര്‍ ബ്രഷ് മൈക്കായി പിടിച്ച് ഷിറീനായി അഭിനയിച്ചാണ് വളര്‍ന്നത്’ അവളുടെ സഹപ്രവര്‍ത്തകയും സുഹൃത്തുമായ ഡാലിയ ഹതുഖ പറഞ്ഞു.

‘ഏറ്റവും ഭയാനകമായ സാഹചര്യങ്ങളും രക്തരൂക്ഷിതമായ രംഗങ്ങളും അഭിമുഖീകരിക്കുമ്പോള്‍ പോലും അവള്‍ ശാന്തയായിരുന്നു’. പ്രമുഖ അറബ് പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ മര്‍വാന്‍ ബിഷാര എഴുതി.

ഇസ്രായേലികള്‍ക്കിടയിലും ഷിറീന്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചതായി അവളുടെ മറ്റൊരു അല്‍ ജസീറ സഹപ്രവര്‍ത്തകയായ ലിന അല്‍ സാഫിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു.

കടിച്ചമര്‍ത്തുന്ന ദുഃഖം

അറബ് ലോകത്ത്, 1993-ലെ ഓസ്ലോ ഉടമ്പടിയുടെ പശ്ചാത്തലത്തില്‍ യുദ്ധത്തിന്റെയും സമാധാനത്തിന്റെയും ദൈനംദിന മുഖവും ശബ്ദവുമായിരുന്നു അവള്‍. അന്ന് ജറുസലേമില്‍ താമസിക്കുമ്പോള്‍, സംഘര്‍ഷം കവര്‍ ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ തിരക്കുകളില്‍ ഞാന്‍ അവളെ ഓര്‍ക്കുന്നു. അവള്‍ ഞങ്ങളുടെ ഭാഗമായിരുന്നു, പക്ഷേ, അവളുടെ അധികാര ഭാവവും ശാന്തമായ ആത്മവിശ്വാസവും അവളെ വേറിട്ടു നിര്‍ത്തി – അവളുടെ പുഞ്ചിരിയും അവളിലേക്ക് പലരെയും ആകര്‍ഷിച്ചു. ഡോസറ്റ് പറയുന്നു.

അധിനിവേശ വെസ്റ്റ് ബാങ്കിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെക്കുറിച്ചുള്ള അവളുടെ റിപ്പോര്‍ട്ടുകള്‍ 20 വര്‍ഷം മുമ്പ് അവളുടെ പ്രശസ്തി വാനോളം ഉയര്‍ത്തി. ഇപ്പോള്‍, അതേ വടക്കന്‍ പട്ടണത്തില്‍, ഒരു ഇസ്രായേലി റെയ്ഡ് റിപ്പോര്‍ട്ട് ചെയ്തതോടെ അവള്‍ തന്നെ ഏറ്റവും വലിയ വാര്‍ത്തയായി. ലോകമെമ്പാടും അത് ഞെട്ടലിന്റെയും സങ്കടത്തിന്റെയും തിരമാലയുയര്‍ത്തുകയും ചെയ്തു.

അവളുടെ ശവപ്പെട്ടിയില്‍ വച്ചിരുന്ന, വെള്ള അക്ഷരങ്ങളില്‍ ‘PRESS’ എന്ന് ആലേഖനം ചെയ്ത നീല ജാക്കറ്റ്, ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷവും മറ്റ് നിരവധി കഠിന യുദ്ധങ്ങളും കവര്‍ ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ ഭീമമായ വിലയുടെ ശക്തവും വേദനാജനകവുമായ ഓര്‍മ്മപ്പെടുത്തലായിരുന്നു.

അവളുടെ ധീര മരണത്തെത്തുടര്‍ന്ന്, സോഷ്യല്‍ മീഡിയയില്‍ ഉടനീളം അവളെ വിശേഷിപ്പിക്കാന്‍ പുതിയ ശീര്‍ഷകങ്ങള്‍ പലതും പ്രചരിക്കുന്നുണ്ട്. എന്നാല്‍ അവളുടെ ജീവിതത്തിലുടനീളം അവള്‍ നേടിയ ഒരേയൊരു പദവി മാത്രമേയുള്ളൂ – പത്രപ്രവര്‍ത്തക.

Latest News