Sunday, July 5, 2026

സംസ്ഥാനത്ത് ആറ് പേർക്ക് കൂടി ഷിഗെല്ല; പത്തനംതിട്ടയിലും ആദ്യ കേസ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ആറ് പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി. തിരുവനന്തപുരം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ഒരാൾക്ക് വീതമാണ് പുതുതായി രോഗം കണ്ടെത്തിയത്. ഇതോടൊപ്പം പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ പത്ത് വയസ്സുകാരിക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ജൂൺ മാസം മുതൽ മാത്രം സംസ്ഥാനത്ത് 224 പേർക്ക് ഈ രോഗം ബാധിക്കുകയും ആറ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. രോഗം ബാധിച്ച പത്തനംതിട്ട സ്വദേശിയായ കുട്ടി നിലവിൽ കോഴഞ്ചേരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.

ഈ വർഷം ഇതുവരെ സംസ്ഥാനത്താകെ 300 പേർക്കാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം പടരുന്ന സാഹചര്യത്തിൽ കോഴിക്കോട്, വയനാട്, തൃശൂർ, ആലപ്പുഴ എന്നീ നാല് ജില്ലകളിൽ ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായും കൂടുതൽ ആളുകൾക്ക് ലക്ഷണങ്ങളുണ്ടോ എന്ന് പരിശോധിക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News