Friday, April 4, 2025

ഏഴ് വര്‍ഷം മുമ്പ് സൊമാലിയയില്‍ നിന്ന് രക്ഷപ്പെട്ട് യുക്രൈനിലെത്തി, ഇപ്പോള്‍ വീണ്ടും മറ്റൊരു പലായനം! രണ്ടാംതവണ അഭയാര്‍ത്ഥികളായി മാറേണ്ടിവന്ന ഒരു യുവകുടുംബം

ഫെബ്രുവരി 24, മേഘാവൃതമായ ഒരു വ്യാഴാഴ്ച രാവിലെ റഷ്യന്‍ സൈന്യം യുക്രേനിയന്‍ തലസ്ഥാനത്ത് ബോംബാക്രമണം തുടങ്ങിയപ്പോള്‍, തന്റെ ഭാര്യ ഏഴ് വയസ്സുള്ള മകളെ സ്‌കൂളില്‍ വിടാന്‍ ഒരുക്കുന്നതിനിടെ, മുഹമ്മദ് അബ്ദി കീവില്‍ ജോലിക്ക് പോകാന്‍ തയ്യാറെടുക്കുകയായിരുന്നു.

പൊട്ടിത്തെറികള്‍ മുഴങ്ങിയപ്പോള്‍, പലചരക്ക് വ്യാപാരിയായ അബ്ദിയും ഭാര്യ സംസം ഹുസൈനും മകള്‍ റുവെയ്ദയും അവരുടെ അപ്പാര്‍ട്ട്‌മെന്റില്‍ തന്നെ തുടര്‍ന്നു. സംഘര്‍ഷം എങ്ങനെ പരിണമിക്കുമെന്ന് ഓര്‍ത്തപ്പോള്‍ അവര്‍ പരിഭ്രാന്തരായി. റഷ്യ ഒരു സമ്പൂര്‍ണ്ണ യുദ്ധം ആരംഭിച്ചതായി മനസ്സിലാക്കിയ അവര്‍ അപ്പാര്‍ട്ട്‌മെന്റ് വിട്ടു പോകാന്‍ തീരുമാനിച്ചു. അബ്ദി തിടുക്കത്തില്‍ ബാഗുകള്‍ പാക്ക് ചെയ്ത് 14 നിലകളുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ പടികള്‍ ഇറങ്ങി.

‘യുദ്ധം വളരെ പെട്ടെന്ന് എന്റെ കുടുംബത്തിന്റെ ലക്ഷ്യങ്ങളെ മാറ്റിമറിച്ചു. എങ്ങനെ അവിടെ നിന്ന് രക്ഷപ്പെടാം എന്നതിനെക്കുറിച്ച് ഞങ്ങള്‍ ചിന്തിക്കാന്‍ തുടങ്ങി. ഞങ്ങള്‍ ഞങ്ങളുടെ അടുത്തുള്ള ബസ് സ്റ്റേഷനിലേക്ക് നോക്കിയപ്പോള്‍, മറ്റുള്ളവരും ഓടിപ്പോകാന്‍ ശ്രമിക്കുന്നതായി കണ്ടു. നഗരത്തിലെ റോഡുകള്‍ അപ്പോഴേയ്ക്കും സ്തംഭിച്ചിരുന്നു. ഡ്രൈവര്‍മാര്‍ തുടര്‍ച്ചയായി ഹോണ്‍ മുഴക്കിക്കൊണ്ടിരുന്നു”. അബ്ദി പറഞ്ഞു.

സൊമാലിയയിലെ സായുധ സംഘട്ടനത്തില്‍ നിന്ന് ഭാര്യയോടൊപ്പം പലായനം ചെയ്ത സൊമാലിയന്‍ അഭയാര്‍ത്ഥിയായിരുന്നു അബ്ദി. 2015 ല്‍ എത്യോപ്യ, റഷ്യ വഴി യുക്രൈനിലെത്തിയതാണ് അവര്‍. കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രത്തില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിരുന്ന ഈ 31 കാരന്‍ സുരക്ഷിതമായ ഒരു യൂറോപ്യന്‍ രാജ്യത്തില്‍ എത്തിപ്പെട്ടതിന്റെ സന്തോഷത്തിലായിരുന്നു. എന്നാല്‍ ഏഴ് വര്‍ഷത്തിന് ശേഷം, അദ്ദേഹത്തിന് ഇപ്പോള്‍ വീണ്ടും മറ്റൊരു യുദ്ധത്തില്‍ നിന്ന് രക്ഷപ്പെടേണ്ടതായി വന്നു.

റഷ്യയുടെ അധിനിവേശത്തിന് മുമ്പ്, യൂറോപ്പിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്ന അഭയാര്‍ത്ഥികളുടെ ലക്ഷ്യസ്ഥാനമായിരുന്നു യുക്രെയ്ന്‍. ആഫ്രിക്ക, ഏഷ്യ, മിഡില്‍ ഈസ്റ്റ് എന്നീ യുദ്ധത്തില്‍ തകര്‍ന്ന രാജ്യങ്ങളില്‍ നിന്നുള്ള പലരും യുക്രൈനില്‍ അഭയം തേടിയിട്ടുമുണ്ട്.

യൂറോപ്പില്‍ തനിക്ക് വീണ്ടും ഈ വിധി നേരിടേണ്ടിവരുമെന്ന് അദ്ദേഹം ഒരിക്കലും കരുതിയിരുന്നില്ല. സോമാലിയയിലെ തന്റെ ഏറ്റവും മോശം സമയത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ഈ പലായനം എന്നും അദ്ദേഹം പറയുന്നു.

കീവില്‍ നിന്ന് ഏറെ ബുദ്ധിമുട്ടിയാണ് രാജ്യത്തിന്റെ യൂറോപ്യന്‍ അതിര്‍ത്തിക്കടുത്തുള്ള പടിഞ്ഞാറന്‍ യുക്രെയ്നിലേക്ക് അവര്‍ എത്തിപ്പെട്ടത്. ‘പോളണ്ട് അതിര്‍ത്തിയിലേക്കുള്ള ഞങ്ങളുടെ യാത്രയില്‍, റഷ്യന്‍ സൈനിക വ്യോമാക്രമണത്തെക്കുറിച്ച് ഞങ്ങള്‍ ഭയപ്പെട്ടു. ഞങ്ങളുടെ ഭാവിയെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വത്തെക്കുറിച്ച് ഞാന്‍ നിരന്തരം ചിന്തിച്ചിരുന്നു’. അബ്ദി പറഞ്ഞു.

മടുപ്പിക്കുന്നതും ഭയം നിറഞ്ഞതുമായ മൂന്ന് ദിവസത്തെ യാത്രയ്ക്ക് ശേഷം അവര്‍ യുക്രെയ്ന്‍-പോളണ്ട് അതിര്‍ത്തിയില്‍ എത്തി, അവിടെ മിഡില്‍ ഈസ്റ്റ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളെ കണ്ടുമുട്ടി. ‘ഞാന്‍ എന്റെ രാജ്യം, സൊമാലിയ, വിടാന്‍ കാരണം യുദ്ധമാണ്. അതേ യുദ്ധം യൂറോപ്പിലെ എന്റെ രണ്ടാമത്തെ ഭവനം തകര്‍ത്തു. ഞാന്‍ വീണ്ടും ജര്‍മ്മനിയിലെ കാസലില്‍ അഭയം തേടുകയാണ്’. അബ്ദി പറഞ്ഞു.

മധ്യ ജര്‍മ്മന്‍ നഗരത്തിലെ ഒരു സ്റ്റുഡിയോ അപ്പാര്‍ട്ട്മെന്റില്‍ ഇപ്പോള്‍ താമസിക്കുന്ന ഈ യുവകുടുംബം അമേരിക്കയില്‍ എത്തിപ്പെടാനാണ് ആഗ്രഹിക്കുന്നത്. അത് ബുദ്ധിമുട്ടായിരിക്കാം. എങ്കിലും യുക്രെയ്‌നില്‍ നിന്നുള്ള 100,000 അഭയാര്‍ത്ഥികളെ യുഎസ് സ്വീകരിക്കുമെന്ന് മാര്‍ച്ചില്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞതാണ് പ്രതീക്ഷയെന്ന് അബ്ദി പറയുന്നു.

 

 

 

Latest News