Wednesday, April 9, 2025

ശൈത്യകാലത്ത് പോകാന്‍കഴിയുന്ന രാജ്യത്തെ ചില മികച്ച വിനോദസഞ്ചാരകേന്ദ്രങ്ങള്‍

യാത്രകൾ ഇഷ്ടപ്പെടാത്തവര്‍ വിരളമാണ്. ജോലിഭാരവും വീര്‍പ്പുമുട്ടലുകളുമൊക്കെ ഒഴിവാക്കിയുള്ള യാത്രകള്‍ ആനന്ദവും ഒപ്പം പുതിയ അറിവുകളും നമുക്കു സമ്മാനിക്കുന്നു. അതിനാല്‍തന്നെ ശൈത്യകാല- ക്രിസ്തുമസ് അവധിദിനങ്ങളുള്ള ഡിസംബര്‍ മാസത്തില്‍ യാത്രാപ്രേമികള്‍ മികച്ച സ്പോട്ടുകള്‍ അന്വേഷിക്കുന്ന തിരക്കിലാകാം. ഇത്തരത്തില്‍ മികച്ച യാത്രാ ഇടങ്ങള്‍ തേടുന്നവര്‍ക്കായി ഡിസംബറില്‍ പോകാന്‍കഴിയുന്ന രാജ്യത്തെ ചില മികച്ച വിനോദസഞ്ചാരകേന്ദ്രങ്ങൾ പരിചയപ്പെടാം.

1. കാശ്മീര്‍: ശൈത്യകാലത്ത് പോകാന്‍ കഴിയുന്ന മികച്ച ഒരിടമാണ് കാശ്മീര്‍. മഞ്ഞുമൂടിയ പുല്‍മേടുകള്‍, കൊടുമുടികള്‍, തണുത്തുറഞ്ഞ തടകങ്ങള്‍ എന്നിവ കാശമീരിന്റെ പ്രത്യേകതകളാണ്.

2. മണാലി: ഇന്ത്യയുടെ വടക്കേ അറ്റത്ത് ഹിമാചൽപ്രദേശില്‍ സ്ഥിതിചെയ്യുന്ന വിനോദസഞ്ചാരകേന്ദ്രമാണ് മണാലി. ബിയാസ് നദിയുടെ തീരത്തായി സ്ഥിതിചെയ്യുന്ന ഈ നഗരം കുല്ലു താഴ്വരയുടെ വടക്കേ അറ്റത്തായിട്ടാണ്. ശൈത്യകാലത്ത് മലനിരകളില്‍ മഞ്ഞുപുതഞ്ഞ കാഴ്ച കണ്ണിനു വിരുന്നാണ്. അതിനാല്‍തന്നെ പ്രസന്നവും തണുപ്പുള്ളതുമായ കാലാവസ്ഥ ഇവിടേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നു.

ഹഡിംബാ ക്ഷേത്രം,മാൾ റോഡ്, മ്യൂസിയം ഓഫ് ഹിമാചൽ കൾച്ചർ ആന്ഡ് ഫോക് ആർട്, ക്ലബ് ഹൗസ്, മനു ക്ഷേത്രം, ടിബറ്റൻ ആശ്രമങ്ങള്‍, സോലാങ് വാലി, ജോഗിനി വെള്ളച്ചാട്ടം, നഗ്ഗാർ വില്ലേജ്, റഹാല വെള്ളച്ചാട്ടം, കോത്തി, അർജുൻ ഗുഫാസ ഓൾഡ് മണാലി, വൻ വിഹാർ, മണാലി സാങ്ച്വറി തുടങ്ങിയവ മണാലിയിലെത്തുന്ന സഞ്ചാരികള്‍ കണ്ടിരിക്കേണ്ടതാണ്.

3. ഷിംല: ഹിമാലയന്‍ മടിത്തട്ടില്‍ സ്ഥിതിചെയ്യുന്ന ഏറ്റവും പ്രശസ്തമായതും ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ സന്ദര്‍ശിക്കുന്നതുമായ സ്ഥലമാണ് ഷിംല. ശൈത്യകാലമായാല്‍ ഇവിടം മഞ്ഞുമൂടിയ നിലയിലാകും. സമുദ്രനിരപ്പില്‍ നിന്ന് 2,200 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഷിംല, ഹിമാചല്‍പ്രദേശിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ്.

അമ്പതുവര്‍ഷമായി ഷിംല ലോകത്തെ തന്നെ പ്രശസ്തമായ ഹില്‍ സ്റ്റേഷനുകളിലൊന്നാണ്. കുടുംബസമേതവും സുഹൃത്തുക്കള്‍ക്കൊപ്പവും ദമ്പതികള്‍ ഹണിമൂണിനായുമൊക്കെ ഷിംലയിലെത്താറുണ്ട്. കൊളോണിയല്‍ വാസ്തുശാസ്ത്രവിദ്യ ഇവിടത്തെ പല കെട്ടിടങ്ങളിലും കാണാന്‍ സാധിക്കും

4. തവാങ്: അരുണാചൽപ്രദേശിലെ ഒരു ജില്ലയും ജില്ലാ ആസ്ഥാനവുമാണ് തവാങ്. ജനസാന്ദ്രത വളരെ കുറഞ്ഞ ഈ അതിർത്തി ജില്ല മുമ്പ് വെസ്റ്റ് കാമെങ് ജില്ലയുടെ ഭാഗമായിരുന്നു. സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രകൃതിവിഭവങ്ങളാല്‍ സമ്പന്നമാണെന്നതാണ് തവാങിന്റെ പ്രത്യേകത. ഹിമാലയ പർവതനിരകൾ, വീതികുറഞ്ഞ താഴ്വരകൾ, ഇടതൂർന്ന വനങ്ങൾ എന്നിവ തവാങിനെ പ്രിയമേറുന്നതാക്കുന്നു. വനങ്ങൾ സമ്പദ്പ്രാധാന്യമുള്ള വൃക്ഷങ്ങൾ നിറഞ്ഞവയാണ്. വനവിഭവങ്ങളെ ആശ്രയിച്ചുള്ള നിരവധി വ്യവസായങ്ങൾ ഈ ജില്ലയിൽ വികസിച്ചിരിക്കുന്നു.

5. ഓലി: ഉത്തരാഖണ്ഡിലെ പ്രമുഖ സ്കീയിങ് കേന്ദ്രമാണ് ഓലി. ഹമാലയന്‍ മലനിരകളോടു ചേര്‍ന്നാണ് ഈ സ്കീയിങ് കേന്ദ്രം സ്ഥിതിചെയ്യുന്നത്. ഷിംല, ഗുൽമാർഗ്, മണാലി തുടങ്ങിയ കേന്ദ്രങ്ങൾക്കുംമേലെ ലോകത്തിലെതന്നെ മികച്ച സ്കീയിങ് കേന്ദ്രങ്ങളിലൊന്നായി ഓലിയെ പരിഗണിക്കുന്ന വിദഗ്ദരും കുറവല്ല. ഉത്തർപ്രദേശിൽനിന്നും വേർപെട്ട് ഉത്തരാഖണ്ഡ് (പഴയ ഉത്തരാഞ്ചൽ) പുതിയ സംസ്ഥാനമായതിനുശേഷമാണ് ഓലി സഞ്ചാരികളുടെ ശ്രദ്ധയിലേക്ക് കടന്നുവരുന്നത്.

ബദരിനാഥിലേക്കുള്ള വഴിയിൽ സ്ഥിതിചെയ്യുന്ന ഓലി ഹിമാലയൻ മലനിരകളുടെ ദൃശ്യങ്ങളാൽ മനോഹരമാണ്. പ്രൊഫഷണൽ സ്കീ ഡൈവർമാർക്ക് ഇവിടുത്തെ മഞ്ഞിൻചരിവുകൾ അവർണ്ണനീയ അനുഭവം നൽകുന്നു.

Latest News