Thursday, April 3, 2025

കൊളസ്ട്രോളിനെക്കുറിച്ച് തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

ഉയർന്ന കൊളസ്ട്രോൾ ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കും പക്ഷാഘാതത്തിനും കാരണമാകുമെന്ന് ഏതൊരാൾക്കും അറിയാവുന്ന കാര്യമാണ്. നാം പോലും അറിയാതെയാണ് കൊളസ്ട്രോളിന്റെ അളവ് കൂടുന്നത്. അതുകൊണ്ടാണ് 40 വയസ്സിനു മുകളിൽ പ്രായമുള്ളവർ അഞ്ചു വർഷത്തിലൊരിക്കലെങ്കിലും കൊളസ്ട്രോൾ പരിശോധിക്കണമെന്നു പറയുന്നത്.

പലരുടെയും സംശയമാണ്, മുട്ടയിൽ കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ടോ എന്നത്. മുട്ട കഴിക്കുന്നത് കൊളസ്ട്രോൾ വർധിപ്പിക്കുമെന്നും പലരും പറഞ്ഞുകേൾക്കാറുണ്ട്. ചില പരമ്പരാഗത ശാസ്ത്രജ്ഞരും, കുറഞ്ഞ കാർബോഹൈഡ്രേറ്റും ഉയർന്ന കൊഴുപ്പുമുള്ള ഭക്ഷണക്രമങ്ങളെ പിന്തുണയ്ക്കുന്നവരും ഹൃദ്രോഗത്തിനു കാരണം കൊളസ്ട്രോൾ ആണെന്ന് വാദിക്കുന്നുണ്ട്. ഇത്തരത്തിൽ തെളിവില്ലാത്ത പല കാര്യങ്ങളിലും വിശ്വസിക്കുന്നവർ ഇന്നുമുണ്ട്. എന്നാൽ എന്താണ് കൊളസ്ട്രോളിനെക്കുറിച്ചുള്ള സത്യം? കൊളസ്‌ട്രോളിന്റെ ആരോഗ്യകരമായ അളവ് എങ്ങനെ നിലനിർത്താം? അറിയാം ഇക്കാര്യങ്ങൾ.

എന്താണ് കൊളസ്ട്രോൾ?

നമ്മുടെ രക്തചംക്രമണത്തിന്റെ ഭാഗമായി, സ്വാഭാവികമായി കാണപ്പെടുന്ന കൊഴുപ്പുള്ള ഒരു വസ്തുവാണ് കൊളസ്ട്രോൾ എന്നാണ് ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷനിലെ (BHF) സീനിയർ കാർഡിയാക് നഴ്‌സായ എമിലി മക്‌ഗ്രാത്ത് പറയുന്നത്. ഈസ്ട്രജൻ, ടെസ്റ്റോസ്റ്റിറോൺ തുടങ്ങിയ ഹോർമോണുകൾ നിർമ്മിക്കുന്നതിന് നമുക്ക് ഒരു നിശ്ചിത അളവ് ആവശ്യമാണ്. നമ്മുടെ കോശങ്ങൾക്ക് അവയെ ദൃഢവും ഉറച്ചതുമാക്കാൻ കൊളസ്ട്രോൾ ആവശ്യമാണ്. എന്നാൽ ആ അളവ് ഉയരുമ്പോൾ അതൊരു പ്രശ്നമാണ്. നമ്മുടെ ശരീരം കൊളസ്ട്രോൾ ഉൽപാദിപ്പിക്കുന്നു. എന്നാൽ, ജീവിതശൈലിയും ജനിതകശാസ്ത്രവും ഇതിന്റെ തോതിനെ നിർണ്ണയിക്കുന്നുണ്ട്.

രക്തത്തിൽ രണ്ടുതരം കൊളസ്ട്രോളുകൾ ഉണ്ട്. കുറഞ്ഞ സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ (LDL) – ഇത് മോശം കൊളസ്ട്രോൾ എന്നറിയപ്പെടുന്നു. കാരണം അതിന്റെ അമിത അളവ് ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടാൻ കാരണമാകും. ഇത് ഹൃദയാഘാതം അല്ലെങ്കിൽ പക്ഷാഘാതസാധ്യത വർധിപ്പിക്കും. ഉയർന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ (HDL) നല്ലതാണ്. LDL രക്തപ്രവാഹത്തിലേക്ക് വീണ്ടും ആഗിരണം ചെയ്യാനും ഇത് സഹായിക്കുന്നു. അതായത്, LDL ന്റെ അളവ് സന്തുലിതമായി നിലനിർത്താൻ HDL സഹായിക്കുന്നു. നിരവധി പഠനങ്ങളിൽ പറയുന്നത്‍, ‘മോശം കൊളസ്ട്രോൾ കുറയ്ക്കുകയാണെങ്കിൽ ഹൃദയസംബന്ധമായ രോഗങ്ങൾ കുറയുന്നു’ എന്നാണ്.

കൊളസ്ട്രോൾ പരിശോധിക്കേണ്ടത് എപ്പോൾ?

40-74 വയസ്സ് പ്രായമുള്ളവർക്ക് അഞ്ചുവർഷത്തിലൊരിക്കൽ പരിശോധനകൾ നടത്തണം.75 വയസ്സോ, അതിൽ കൂടുതലോ പ്രായമുള്ളവർക്ക് വാർഷിക ആരോഗ്യപരിശോധനകൾ നടത്തണം. എന്നാൽ കുടുംബത്തിൽ ഹൃദ്രോഗത്തിന്റെ പാരമ്പര്യമുള്ളവർ അല്ലെങ്കിൽ ആൻജീന പോലുള്ള നെഞ്ചുവേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ പരിശോധന നടത്തേണ്ടതാണ്.

പാരമ്പര്യം

ആരോഗ്യകരമായ ഭക്ഷണക്രമവും സജീവമായ ജീവിതശൈലിയും ഉണ്ടെങ്കിലും ചിലർക്ക് പാരമ്പര്യമായി കൊളസ്ട്രോൾ ലഭിച്ചേക്കാം. പലർക്കും, ലിപിഡ് അളവ് ജനിതകമാണ്. നിങ്ങൾക്ക് വളരെ ഉയർന്ന കൊളസ്ട്രോൾ ഉണ്ടെങ്കിൽ അത് ഒരുപക്ഷെ, മാതാപിതാക്കളിൽനിന്നു പാരമ്പര്യമായി ലഭിച്ചതാകാം. ഇത്തരമൊരു സാഹചര്യത്തിൽ ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തുന്നതു മാത്രമല്ല, മരുന്ന് കഴിക്കേണ്ടതും ആവശ്യമാണ്.

ഹൃദ്രോഗസാധ്യത വർധിക്കുന്നു

കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് അപകടസാധ്യത തന്നെയാണ്. ഒരാളുടെ പ്രായം, ഭാരം, കുടുംബചരിത്രം, പുകവലി, മദ്യപാനം, ഉയർന്ന രക്തസമ്മർദം ഇവയെല്ലാം അപകടസാധ്യതയുടെ ഘടകങ്ങളാണ്. ഉദാഹരണത്തിന്, പുരുഷന്മാർക്ക് ഉയർന്ന രക്തസമ്മർദം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ശരീരഭാരം എങ്ങനെ കൊളസ്ട്രോളിനെ ബാധിക്കുന്നു?

അമിതഭാരമുള്ളവരോ, പൊണ്ണത്തടിയുള്ളവരോ ഉള്ള എല്ലാവർക്കും ഉയർന്ന കൊളസ്ട്രോൾ ഉണ്ടാകണമെന്നില്ല. എന്നാൽ, ഇതൊരു പ്രധാന ഘടകമാണ്. ഉയർന്ന കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദം, അമിതഭാരം അല്ലെങ്കിൽ പൊണ്ണത്തടി, വ്യായാമം ഇല്ലാത്തത് അല്ലെങ്കിൽ മോശം ഭക്ഷണക്രമം എന്നിവ ഉണ്ടാകുമ്പോൾ ഹൃദ്രോഗസാധ്യത വർധിക്കുന്നു. എന്നാൽ നിങ്ങൾക്ക് ഉയർന്ന കൊളസ്ട്രോൾ ഉണ്ടെങ്കിൽ, നിങ്ങൾ അമിതഭാരമുള്ളവരോ പൊണ്ണത്തടിയുള്ളവരോ ആണെങ്കിൽ, ശരീരഭാരം കുറയ്ക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News