ലൈംഗികാതിക്രമത്തിന് ഇരയായവര്‍ക്ക് അവരുടെ ആക്രമണകാരികളെ പ്രോസിക്യൂട്ട് ചെയ്യുന്നത് എളുപ്പമാക്കാന്‍ സഹായകമാകുന്ന നിയമനിര്‍മ്മാണത്തിന് സ്‌പെയിനിലെ കോണ്‍ഗ്രസ് അംഗീകാരം നല്‍കി. കണ്‍സന്റ് അഥവാ സമ്മതത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ടാണ് പുതിയ നിയമം. ആറ് വര്‍ഷം മുമ്പ് നടന്ന കുപ്രസിദ്ധമായ ഒരു കൂട്ടബലാത്സംഗക്കേസിന്റെ നിയമപരവും സാമൂഹികവുമായ വീഴ്ചയാണ് ഈ പുതിയ നയ സംരംഭത്തിലേയ്ക്ക് നയിച്ചത്.
ലൈംഗികാതിക്രമം നേരിടേണ്ടി വന്നതായി കാണിക്കാന്‍ ഇരകള്‍ക്ക് ഇനി അക്രമമോ ഭീഷണിയോ നേരിടേണ്ടിവന്നുവെന്നോ ശാരീരികമായി എതിര്‍ത്തുവെന്നോ തെളിയിക്കേണ്ടതില്ല എന്നാണ് പുതിയ നിയമം അര്‍ത്ഥമാക്കുന്നത്. സമ്മതമില്ലാതെയുള്ള ഏത് ലൈംഗിക പ്രവര്‍ത്തനവും ആക്രമണമായി കണക്കാക്കും. ‘വ്യക്തിയുടെ ഇഷ്ടം വ്യക്തമായി പ്രകടിപ്പിക്കുമ്പോള്‍ മാത്രമേ ആ ബന്ധത്തിന് സമ്മതമുണ്ടെന്ന് മനസ്സിലാകൂ’. ബില്ലിന്റെ വാചകത്തില്‍ പറയുന്നു.
ലൈംഗിക സ്വാതന്ത്ര്യത്തിന്റെ ഗ്യാരണ്ടി നിയമം, അതായത്, ‘അതെ എന്നാല്‍ മാത്രം അതെ’ (only yes means yes) എന്ന നിയമം കോണ്‍ഗ്രസില്‍ വ്യക്തമായ മാര്‍ജിനില്‍ അംഗീകരിക്കപ്പെട്ടു. നിയമം നിലവില്‍ വരുന്നതിന് മുമ്പ് സെനറ്റിന്റെ അംഗീകാരവും നേടേണ്ടതുണ്ട്.
‘ലൈംഗിക സ്വാതന്ത്ര്യം ഒടുവില്‍ നമ്മുടെ രാജ്യത്ത് ഒരു അവകാശമാകാന്‍ പോകുന്നു’ പുതിയ നിയമം സൃഷ്ടിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച സ്‌പെയിനിലെ സമത്വ മന്ത്രി ഐറിന്‍ മൊണ്ടെറോ പറഞ്ഞു. ‘ഞങ്ങള്‍ സ്വാതന്ത്ര്യത്തിനായി അക്രമം ഇല്ലാതാക്കാന്‍ പോകുന്നു, ഭയത്തെ ആഗ്രഹത്തിനായി ഞങ്ങള്‍ മാറ്റാന്‍ പോകുന്നു. ഇന്ന് മുതല്‍, സ്‌പെയിന്‍ എല്ലാ സ്ത്രീകള്‍ക്കും സ്വതന്ത്രവും സുരക്ഷിതവുമായ രാജ്യമാണ്’. അവര്‍ കൂട്ടിച്ചേര്‍ത്തു.
‘തെളിവില്ലാതെ ഒരു സ്ത്രീയെ വിശ്വസിക്കാന്‍ നിങ്ങള്‍ വ്യവസ്ഥിതിയെ നിര്‍ബന്ധിക്കുമ്പോള്‍, അത് ഏതൊരു സ്ത്രീക്കും പ്രതികാരം ചെയ്യാനോ ഒരു നിരപരാധിയുടെ ജീവിതം നുണ പറഞ്ഞ് നശിപ്പിക്കാനോ ഉപയോഗിക്കാവുന്ന വളരെ അപകടകരമായ ആയുധം സൃഷ്ടിക്കുന്നു’ എന്ന് പ്രതിപക്ഷം പറഞ്ഞു. പല കേസുകളിലും ഒരു പുരുഷന് സമ്മതം തെളിയിക്കുക അസാധ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
2021-ല്‍ സ്‌പെയിനില്‍ മൊത്തം 2,143 ബലാത്സംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മുന്‍ വര്‍ഷത്തേക്കാള്‍ 14% കൂടുതലും റെക്കോര്‍ഡിലെ ഏറ്റവും ഉയര്‍ന്ന കണക്കുമാണിത്. ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ കണക്കനുസരിച്ച് ഡെന്‍മാര്‍ക്ക്, ക്രൊയേഷ്യ, ഗ്രീസ്, മാള്‍ട്ട, സ്വീഡന്‍, ഐസ്ലാന്‍ഡ്, സ്ലോവേനിയ എന്നീ ഏഴ് യൂറോപ്യന്‍ രാജ്യങ്ങള്‍ 2018 മുതല്‍ ‘സമ്മതം’ അടിസ്ഥാനമാക്കിയുള്ള ബലാത്സംഗ നിയമം കൊണ്ടുവന്നിട്ടുണ്ട്.
ലൈംഗികാതിക്രമത്തിന് ഇരയായവര്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കാനും പുതിയ നിയമം ശ്രമിക്കും. പുതിയ നിയമമനുസരിച്ച് ലൈംഗിക അതിക്രമത്തിന്റെ നിര്‍വചനം വിശാലമാണ്. ഉദാഹരണത്തിന് ഒരു പൊതു സ്ഥലത്ത് അനാവശ്യമായ ലൈംഗികമോ ലൈംഗികതയുമായി ബന്ധപ്പെട്ടതുമായ പദപ്രയോഗങ്ങള്‍, പെരുമാറ്റങ്ങള്‍ അല്ലെങ്കില്‍ നിര്‍ദ്ദേശങ്ങള്‍ എന്നിവയാല്‍ ഒരു വ്യക്തി അപമാനിക്കപ്പെടുന്നതും ഉള്‍പ്പെടും.
ലിംഗപരമായ സ്റ്റീരിയോടൈപ്പിംഗ് ശക്തിപ്പെടുത്തുന്നതോ വേശ്യാവൃത്തി പ്രോത്സാഹിപ്പിക്കുന്നതോ ആയ പരസ്യങ്ങളും പുതിയ നിയമം നിരോധിക്കുന്നു. ‘ലൈംഗിക ചൂഷണം, വേശ്യാവൃത്തി, ലൈംഗികാതിക്രമങ്ങള്‍ സാധാരണമാക്കുന്ന അശ്ലീലസാഹിത്യം എന്നിവയുമായി ബന്ധപ്പെട്ട എല്ലാത്തരം സേവനങ്ങളുടെയും ആവശ്യം നിരാകരിക്കുക’ എന്നതാണ് ലക്ഷ്യമെന്ന് നിയമനിര്‍മ്മാണത്തിന്റെ വാചകം പറയുന്നു. യുവ ലൈംഗിക കുറ്റവാളികള്‍ ലൈംഗിക പെരുമാറ്റത്തെയും സമത്വത്തെയും കുറിച്ചുള്ള വിദ്യാഭ്യാസ പരിപാടികള്‍ക്ക് വിധേയരാകാനും നിയമം ആവശ്യപ്പെടുന്നു.
പ്രായപൂര്‍ത്തിയാകാത്തവരുടെ സമീപകാല ലൈംഗികാതിക്രമങ്ങളുടെ പരമ്പര ആശങ്ക ഉയര്‍ത്തുകയും ഈ മാസം ആദ്യം വലന്‍സിയയിലെ ബുര്‍ജസോട്ടില്‍, കൗമാരക്കാരായ രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത അഞ്ച് കൗമാരക്കാരായ ആണ്‍കുട്ടികളെ അറസ്റ്റ് ചെയ്യുകയും ചെയ്തതോടെയാണ് നിയമം എത്രയും വേഗം പ്രാബല്യത്തില്‍ കൊണ്ടുവരണമെന്ന ആവശ്യവും തീരുമാനവും ഉയര്‍ന്നുവന്നത്.