1952 ഒക്ടോബർ 22 നായിരുന്നു സമ്പൂർണ്ണ ജൂത തോറ ആദ്യമായി ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചത്. പഴയനിയമത്തിലെ ആദ്യത്തെ അഞ്ച് പുസ്തകങ്ങളിൽ വാമൊഴിയായതും രേഖാമൂലമുള്ളതുമായ വ്യാഖ്യാനങ്ങളുടെ ഒരു ശേഖരമായ (ബി. സി. 200 മുതൽ എ. ഡി. 500 വരെ) തോറയിൽ യഹൂദമതത്തിന്റെ അടിസ്ഥാന മതസംഹിത ഉൾപ്പെടുന്നു.
ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ആദ്യ പാരച്യൂട്ട് ജംപ് നടന്നത് 1797 ഒക്ടോബർ 22 നായിരുന്നു. ഫ്രഞ്ച് സ്വദേശിയായ ആന്ദ്രേ ജാക്വസ് ഗാർണെറിൻ ആണ് ആദ്യമായി പാരച്യൂട്ട് ഉപയോഗിച്ചു ചാടി ഗിന്നസ് ബുക്കിൽ ഇടംനേടിയത്. ഫിസിക്സിൽ തല്പരനായിരുന്ന അദ്ദേഹം 1793 ൽ ഫ്രഞ്ച് സൈന്യത്തിൽ ഇൻസ്പെക്ടറായി ചേരുകയും ഫ്രഞ്ച് വിപ്ലവകാലത്ത് ബ്രിട്ടന്റെ തടവിലായശേഷം തടവറയിലിരുന്ന് പാരച്യൂട്ട് എന്ന ആശയം വികസിപ്പിസിച്ചെടുക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം ഫ്രാൻസിൽ തിരിച്ചെത്തി, 23 അടി വ്യാസമുള്ള ഒരു കനോപ്പി ഒരു കുട്ടയോട് ചേർത്തു ബന്ധിച്ച് സ്വന്തമായി പാരച്യൂട്ട് നിർമിച്ചു. ഇതുപയോഗിച്ചാണ് അദ്ദേഹം തന്റെ ആദ്യ പാരച്യൂട്ട് ജംപ് നടത്തിയത്. ഹൈഡ്രജൻ ബലൂണിൽ 3200 അടി ഉയരത്തിലെത്തിയ ശേഷമാണ് അദ്ദേഹം പാരച്യൂട്ട് ഉപയോഗിച്ച് താഴേക്കു ചാടിയത്.
പാക്കിസ്ഥാൻ സൈന്യം ഓപ്പറേഷൻ ഗുൽമാർഗ് ആരംഭിച്ചത് 1947 ഒക്ടോബർ 22 നായിരുന്നു. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഇന്ത്യ – പാക്ക് യുദ്ധത്തിലേക്കു നയിച്ച ആദ്യ യുദ്ധമായിരുന്നു ഇത്. പാക്ക് മേജർ ജനറലായിരുന്ന അക്ബർ ഖാന്റെ നേതൃത്വത്തിൽ ജമ്മു കാശ്മീർ പിടിച്ചെടുക്കാൻ നടത്തിയ നീക്കമായിരുന്നു ഓപ്പറേഷൻ ഗുൽമാർഗ്. 1947 ആഗസ്റ്റിൽ ഇന്ത്യാവിഭജനം നടന്നെങ്കിലും ജമ്മു-കാശ്മീർ, മഹാരാജാ ഹരിസിംഗിന്റെ കീഴിൽ ഒരു നാട്ടുരാജ്യമായി തുടരുകയായിരുന്നു. അത് പാക്കിസ്ഥാനോട് ചേർക്കാനായാണ് ഓപ്പറേഷൻ ഗുൽമാർഗ് നടപ്പാക്കിയത്. ഒക്ടോബർ 22 ന് ആരംഭിച്ച ആക്രമണത്തിലൂടെ മിരാപൂർ, മുസഫറാബാദ്, ബാരാമുള്ള എന്നീ പ്രദേശങ്ങൾ പാക്ക് സൈന്യം പിടിച്ചെടുക്കുകയും ശ്രീനഗർ ലക്ഷ്യമാക്കി ആക്രമണം തുടരുകയും ചെയ്തു. പാക്ക് സൈന്യത്തിനെതിരെ പിടിച്ചുനിൽക്കാൻ കഴിയാതായ രാജാ ഹരിസിംഗ് ഇന്ത്യയുടെ സഹായം അഭ്യർഥിക്കുകയും ഇന്ത്യൻ സൈന്യം സഹായത്തിനെത്തുകയും ചെയ്തു. ഒക്ടോബർ 27 ന് ശ്രീനഗർ എയർപോർട്ടിൽ എത്തിയ ഇന്ത്യൻ പട്ടാളം ശ്രീനഗർ, ബാരാമുള്ള, ഉറി എന്നീ പ്രദേശങ്ങൾ നവംബർ 13 ഓടു കൂടി തിരിച്ചുപിടിച്ചു. 1948 ഡിസംബർ 31 ന് വെടിനിർത്തൽ പ്രഖ്യാപിക്കുന്നതുവരെ യുദ്ധം തുടർന്നു. കാശ്മീർ ചരിത്രത്തിൽ ‘കറുത്തദിനം’ എന്നാണ് 1947 ഒക്ടോബർ 22 അറിയപ്പെടുന്നത്.
2008 ഒക്ടോബർ 22 നാണ് ഇന്ത്യയുടെ ആദ്യ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-1 വിക്ഷേപിച്ചത്. പി. എസ്. എൽ. വി. 11 റോക്കറ്റിലാണ് ചന്ദ്രയാൻ പറന്നുയർന്നത്. 2008 നവംബർ 14 ന് പേടകം ചന്ദ്രോപരിതലത്തിലിറങ്ങി. ചന്ദ്രന്റെ മണ്ണിലെ ജലാംശത്തിന്റെ സാന്നിധ്യം, ചന്ദ്രനിലെ ധ്രുവങ്ങളിൽ ഐസിന്റെ രൂപത്തിലുള്ള ജലസാന്നിധ്യം, അന്തരീക്ഷത്തിലെ ഹീലിയം-3ന്റെ സാന്നിധ്യം തുടങ്ങിയ വിവരങ്ങളോടൊപ്പം ചാന്ദ്രഗർത്തങ്ങളുടെയും പർവതങ്ങളുടെയും ദൃശ്യങ്ങളും പേടകം ശാസ്ത്രലോകത്തിനു നൽകി. 2009 ഓഗസ്റ്റ് 29 ന് പേടകവുമായുള്ള ബന്ധം നഷ്ടമായി. എന്നാൽ ചന്ദ്രോപരിതലത്തിന് 200 കിലോമീറ്റർ മുകളിലായി ചന്ദ്രയാൻ ചന്ദ്രനെ ചുറ്റുന്നുവെന്ന് പിന്നീട് നാസ കണ്ടെത്തി.