തെക്കുപടിഞ്ഞാറൻ ചൈനയിലെ ഗുവാങ്‌ഷി പ്രവിശ്യയിൽ തിങ്കളാഴ്ച പുലർച്ചെ ശക്തമായ ഭൂചലനമുണ്ടായി. റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഈ ഭൂകമ്പത്തിൽ രണ്ടുപേർ മരണപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തു. അപകടത്തെത്തുടർന്ന് ലിയൂഷൗ നഗരത്തിൽ നിന്നും ഏഴായിരത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
ഭൂകമ്പത്തിന്റെ ആഘാതത്തിൽ പ്രദേശത്തെ പതിമൂന്ന് കെട്ടിടങ്ങൾ പൂർണ്ണമായും തകർന്നു വീണതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റ നാലുപേരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ല. തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായുള്ള തിരച്ചിലും രക്ഷാപ്രവർത്തനവും പ്രദേശത്ത് ഊർജ്ജിതമായി തുടരുകയാണ്.
ദുരന്തത്തെത്തുടർന്ന് ഈ മേഖലയിലൂടെയുള്ള തീവണ്ടി ഗതാഗതത്തിന് അധികൃതർ താലൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പാളങ്ങൾക്കും മറ്റ് റെയിൽവേ സംവിധാനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്ന് ഉദ്യോഗസ്ഥർ പരിശോധിച്ചു വരികയാണ്. അതേസമയം പ്രദേശത്തെ വൈദ്യുതി, വാർത്താവിനിമയം, കുടിവെള്ള വിതരണം എന്നിവ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഔദ്യോഗിക വിവരങ്ങൾ വ്യക്തമാക്കുന്നു.

