അഫ്ഗാനിസ്ഥാനിൽ വിവാഹം, വിവാഹമോചനം എന്നിവയുമായി ബന്ധപ്പെട്ട് താലിബാൻ സർക്കാർ പുതിയ കുടുംബ നിയമം പുറത്തിറക്കി. താലിബാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്സാദ അംഗീകാരം നൽകിയ ഈ പുതിയ നിയമത്തിൽ 31 നിർദ്ദേശങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അവിവാഹിതരായ പെൺകുട്ടികളുടെ മൗനം വിവാഹത്തിനുള്ള സമ്മതമായി കണക്കാക്കാം എന്ന വിവാദപരമായ നിർദ്ദേശമാണ് ഈ നിയമത്തിലെ പ്രധാന വശം.
ചില പ്രത്യേക സാഹചര്യങ്ങളിൽ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ വിവാഹത്തിനും ഈ പുതിയ നിയമം അനുമതി നൽകുന്നുണ്ട്. കുട്ടികളുടെ വിവാഹം നിശ്ചയിക്കാനുള്ള പൂർണ്ണ അധികാരം പിതാവിനും മുത്തശ്ശനുമായിരിക്കുമെന്ന് നിയമത്തിൽ വ്യക്തമാക്കുന്നു. എന്നാൽ കുട്ടികൾക്ക് പ്രായപൂർത്തിയായ ശേഷം ഈ വിവാഹം റദ്ദാക്കാൻ മതകോടതികളെ സമീപിക്കാനുള്ള അവകാശവും നിയമം നൽകുന്നുണ്ട്.
സ്ത്രീകൾക്കെതിരെ താലിബാൻ സർക്കാർ കൊണ്ടുവരുന്ന കർശന നിയന്ത്രണങ്ങളുടെ തുടർച്ചയായാണ് ഈ പുതിയ നിയമവും പുറത്തുവന്നിരിക്കുന്നത്. നിലവിൽ അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികൾക്ക് ആറാം ക്ലാസിന് മുകളിൽ പഠിക്കുന്നതിനും സ്ത്രീകൾക്ക് സർവ്വകലാശാലകളിൽ പോകുന്നതിനും വിലക്കുണ്ട്. സ്ത്രീകളുടെ ജോലി സ്വാതന്ത്ര്യത്തിനും യാത്രകൾക്കും മേൽ കടുത്ത നിയന്ത്രണങ്ങൾ തുടരുന്നതിനിടയിലാണ് പുതിയ വിവാഹ നിയമവും നടപ്പിലാക്കുന്നത്.

