Sunday, November 24, 2024

വിദ്യാര്‍ത്ഥി രാഷ്ട്രീയം അക്രമത്തിന് വഴിമാറരുത്

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഇടത് വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐയും തമ്മിലുള്ള പോര് മുറുകുകയാണ്. ഗവര്‍ണറെ തൊട്ടുകളിച്ചാല്‍ എസ്എഫ്‌ഐക്കാര്‍ വിവരമറിയുമെന്ന് എബിവിപി പ്രവര്‍ത്തകരും ഭീഷണി മുഴക്കി. ശത്രുവിന്റെ ശത്രു മിത്രമെന്ന തത്വത്തിലൂന്നി ഗവര്‍ണര്‍ക്ക് പ്രതിരോധവുമായി യൂത്ത് കോണ്‍ഗ്രസും കെഎസ്‌യുവും രംഗത്തുണ്ട്. വാക് പോരും വെല്ലുവിളികളും പ്രതിഷേധങ്ങളും കയ്യാങ്കളിയുമൊക്കെയായി കേരളത്തിലെ നിക്ഷ്പക്ഷ ജനതയ്ക്കുകൂടി നാണക്കേട് ഉണ്ടാക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ നടത്തിയ പ്രതിഷേധം വിരല്‍ചൂണ്ടുന്നത് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ അധപതനത്തിലേയ്ക്കാണെന്ന് പറയാതെവയ്യ. ‘സിപിയെ വെട്ടിയെ നാടാണേ’ എന്നെഴുതിയ ബാനര്‍ നീതിന്യായ വ്യവസ്ഥയെ പോലും വെല്ലുവിളിച്ചുകൊണ്ടുള്ളതാണ്. പോലീസ് ഇതിനെല്ലാം ഒത്താശ ചെയ്യുന്നു എന്നതും ലജ്ജാവഹമാണ്. ഗവര്‍ണര്‍ക്കെതിരെ ഡിവൈഎഫ്‌ഐ രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ച് ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് തടഞ്ഞെങ്കിലും ബാരിക്കേഡിനു മുകളില്‍ കയറി നിന്നാണ് ഗവര്‍ണര്‍ക്കെതിരെയുള്ള ബാനര്‍ ഡിവൈഎഫ്‌ഐ സ്ഥാപിച്ചത്.

ഇത് വിദ്യാര്‍ത്ഥി രാഷ്ട്രീയമോ ഗുണ്ടാ രാഷ്ട്രീയമോ?

ജനാധിപത്യത്തിന്റേയും സാമൂഹ്യ നന്മകളുടേയും അടിസ്ഥാന പരിശീലന കളരി എന്നതാണ് കാമ്പസ് രാഷ്ട്രീയത്തിന്റെ നിര്‍വചനമെങ്കിലും കാമ്പസുകളിലെ അക്രമ രാഷ്ട്രീയത്തിനാണ് സാക്ഷര കേരളം ഇപ്പോള്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മിലും വിദ്യാര്‍ത്ഥി സംഘടനകള്‍ക്കുവേണ്ടി വിവിധ രാഷ്ട്രീയ പാര്‍ട്ടികളും, അവരുടെ തന്നെ വാടക ഗുണ്ടകളും നടത്തുന്ന അക്രമങ്ങള്‍ പതിവ് കാഴ്ചകളായി മാറുന്നു. രാഷ്ട്ട്രീയ പാര്‍ട്ടികള്‍ യുവജന സംഘടനകളെ പലപ്പോഴും ചാവേറുകളായി ഉപയോഗിക്കുകയാണെന്നതും പകല്‍ പോലെ വ്യക്തമാണ്. ഇത്തരം അക്രമവാസനകളെയും ഗുണ്ടാപ്രവര്‍ത്തനങ്ങളേയും ഒഴിവാക്കി മുന്നോട്ടു പോയില്ലെങ്കില്‍ മുഖ്യധാരാ രാഷ്ട്ട്രീയ കക്ഷികള്‍ക്കുപോലും നിലനില്‍പ്പ് ഉണ്ടാകില്ല.

സര്‍ക്കാരുകളുടെ ഒത്താശ

വിദ്യാലയങ്ങളില്‍ രാഷ്ട്രീയം വേണ്ടെന്ന നിലപാടുമായി കേരളത്തിലെ ഹൈക്കോടതി രംഗത്തെത്തിയിരുന്നു. മാതാപിതാക്കള്‍ മക്കളെ വിദ്യാലയങ്ങളിലേക്ക് അയക്കുന്നത് പഠിക്കാനാണെന്നും രാഷ്ട്രീയം തൊഴിലാക്കാനല്ലെന്നും അന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കലാലയ രാഷ്ട്രീയം അധ്യയന അന്തരീക്ഷത്തെ തകര്‍ക്കുമെന്ന് നിരീക്ഷിച്ച കോടതി അതിനാല്‍ കാമ്പസില്‍ രാഷ്ട്രീയം അനുവദിക്കാനാവില്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള സമാധാനപരമായ അധ്യയനന്തരീക്ഷം ഉറപ്പു വരുത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതാത് സമയത്ത് ഭരിക്കുന്ന സര്‍ക്കാരുകളുടെ കീഴിലുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് എന്ത് അതിക്രമവും ചെയ്യുന്നതിനുള്ള മൗന സമ്മതവും പോലീസിന്റെ ഒത്താശയും ലഭിക്കുന്നതായും കാണാം.

മാറണം യുവതലമുറ

കലാലയങ്ങള്‍ സൗഹൃദങ്ങള്‍ മൊട്ടിടേണ്ട ഇടമാണ്. അവിടെ കൈവരിക്കേണ്ടത്, ബൗദ്ധികാടിത്തറയും സാമൂഹ്യ ബോധവുമാണ്. അവിടെ നിന്ന് ഉറപ്പാക്കേണ്ടത് അവരുടെ രാഷ്ട്രബോധമാണ്. ആ രാഷ്ട്രബോധത്തില്‍ നിന്നാണ് രാഷ്ട്രീയവും പൊതുബോധവും ഉടലെടുക്കേണ്ടത്. അതുകൊണ്ട്, നല്ല നാളേയ്ക്കുവേണ്ടി തങ്ങളുടെ സംഘടനയിലൂടെ ഏതൊക്കെ രീതിയില്‍ സമൂഹത്തിന് സംഭാവന ചെയ്യാം എന്നതിനെക്കുറിച്ചാകട്ടെ, ഓരോ വിദ്യാര്‍ത്ഥിയുടേയും വിദ്യാര്‍ത്ഥി സംഘടനകളുടേയും ചിന്ത.

Latest News