Tuesday, November 26, 2024

നരകമായി സുഡാന്‍: വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന

ആഫ്രിക്കൻ രാജ്യമായ സുഡാനില്‍ സായുധകലാപത്തെ തുടര്‍ന്നുള്ള അസ്വസ്ഥതകളില്‍ ജനലക്ഷങ്ങൾ നരകയാതന അനുഭവിക്കുകയാണ്. കൊടിയദാരിദ്ര്യവും ഇസ്ലാമിക മൗലികവാദി ആക്രമണങ്ങളും ആഫ്രിക്കന്‍ രാജ്യത്ത് നരകസമാനമായ അനുഭവങ്ങളാണ് നല്‍കുന്നതെന്ന് സുഡാനികള്‍ തന്നെ നേരത്തെ പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെ കൂടുതല്‍ വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടനയും രംഗത്തെത്തിയിരിക്കുകയാണ്.

ഏപ്രിൽ 15-ന് രാജ്യതലസ്ഥാനമായ ഖാർതൂമിൽ ഉടലെടുത്ത കലാപം ദാർഫറിലേക്കു വ്യാപിക്കുകയും ഇത് പിന്നീട് വലിയ ഏറ്റുമുട്ടലുകളിലേക്ക് പോവുകയായിരുന്നു. കരസേനാമേധാവി അബ്ദെൽ ഫത്താ അൽ ബുർഹാനെതിരെ മുൻ ഡെപ്യൂട്ടി ജനറൽ മുഹമ്മദ് ഹംദാൻ ദാഗ്ലോയുടെ നേതൃത്വത്തിലുള്ള സമാന്തരസൈന്യം ആരംഭിച്ച ആക്രമണമാണ് ആഭ്യന്തരകലാപമായി വളർന്നത്.

കലാപം ആരംഭിച്ചിട്ട് മാസങ്ങള്‍ പിന്നിടുമ്പോഴും ഇരുവിഭാഗങ്ങളില്‍ നിന്നുമുള്ള രക്തച്ചൊരിച്ചിലുകള്‍ക്ക് കുറവില്ല. ഇതുവരെ രാജ്യത്ത് സിവിലിയന്മാര്‍ ഉള്‍പ്പടെ മൂവായിരത്തോളം പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ ഇനിയും സ്ഥിരീകരിക്കാത്ത എത്രയോ മരണങ്ങള്‍ രാജ്യത്ത് ഉണ്ടായിരുന്നിരിക്കാം. ഏറ്റുമുട്ടല്‍ ആരംഭിച്ചതിനു പിന്നാലെ സൗദി ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ നേതൃത്വത്തില്‍ വിദേശരാജ്യങ്ങളില്‍ നിന്നുമുള്ള പൗരന്മാരെ ഒഴിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ലായിരുന്നെങ്കില്‍ ലോകം കണ്ട മറ്റൊരു ദുരന്തമായി സുഡാന്‍ അഭ്യന്തരയുദ്ധം പരിവര്‍ത്തനപ്പെടുമായിരുന്നു എന്നതും തള്ളിക്കളയാനാകില്ല.

ജീവന്‍ രക്ഷിക്കാന്‍ പലായനം

യുദ്ധം ഛിന്നഭിന്നമാക്കിയ സുഡാനിലെ ജനങ്ങള്‍ നാടും വീടും ഉപേക്ഷിച്ച് രാജ്യത്തു നിന്നും പലായനം ചെയ്തിട്ടുണ്ട്. ഭക്ഷണവും പാർപ്പിടവും ആരോഗ്യരക്ഷാ സംവിധാനങ്ങളും അന്യമായ ജനങ്ങൾ നെട്ടോട്ടമോടുകയാണെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. 48 ദശലക്ഷം ജനങ്ങൾ അധിവസിക്കുന്ന ദാർഫർ പട്ടണത്തിൽ ഒരു കെട്ടിടം പോലും അവശേഷിക്കാതെ എല്ലാം തകർക്കപ്പെട്ടു. കൂട്ടക്കൊലകളും വംശീയ കൊലപാതകങ്ങളും നിമിഷം തോറും നടക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം.

സുഡാനിൽ കഴിഞ്ഞ മൂന്നു മാസത്തിനിടെ 26 ലക്ഷം പേർ കുടിയൊഴിപ്പിക്കപ്പെട്ടതായി ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടുന്നു. ആരോഗ്യപ്രവർത്തകർക്കെതിരെ ഇസ്ലാമിക മൗലികവാദികൾ ആക്രമണങ്ങൾ അഴിച്ചുവിടുന്നതിനാൽ രാജ്യത്തെ 67% ആശുപത്രികളും പ്രവർത്തനരഹിതമാണെന്നും ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ടിൽ പറയുന്നു. ആരോഗ്യപ്രവർത്തകർക്കെതിരെ നടന്ന 51 ആക്രമണങ്ങളിൽ 10 മരണങ്ങൾ സംഭവിച്ചതായും 24 പേർക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

രാജ്യത്തെ നാലു ദശലക്ഷം സ്ത്രീകളും പെൺകുട്ടികളും കൂട്ടബലാത്സംഗങ്ങൾക്ക് ഇരകളായിട്ടുണ്ട്. യുദ്ധക്കെടുതിക്കു പുറമെ മഴക്കാലം ആരംഭിച്ചതോടെ പകർച്ചവ്യാധി ഭീഷണിയും രൂക്ഷമാണ്. സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക്, ചാഡ്, എത്യോപ്യ, സൗത്ത് സുഡാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് വലിയ അഭയാർഥിപ്രവാഹമാണ് സുഡാനിൽ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ദരിദ്രമായ ഈ രാജ്യങ്ങളുടെ അവസ്ഥ ഇതോടെ കൂടുതൽ ദയനീയമാകുകയാണെന്നാണ് വിവരം.

Latest News