Tuesday, November 26, 2024

യുദ്ധവിമാനങ്ങളുടെ ഇരമ്പലില്‍ സ്വസ്ഥതയറിയാതെ സുഡാന്‍ ജനത

സുഡാനീസ് സൈന്യവും പാരാമിലിട്ടറി റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും തമ്മിലുള്ള പോരാട്ടം അവസാനിക്കാത്തതിനാല്‍ സ്വസ്ഥമായി ഉറങ്ങാന്‍ പോലുമാകാത്ത അവസ്ഥയിലാണ് പ്രദേശത്തെ ഭൂരിഭാഗം ജനങ്ങളും. സുഡാനിലെ ഒംദുര്‍മാന്‍ നഗരത്തിലെ തന്റെ വീടിന് മുകളിലൂടെ യുദ്ധവിമാനങ്ങള്‍ ഇരമ്പിപ്പറക്കുകയാണെന്ന് ജേണലിസ്റ്റായ സെയ്‌നാബ് മുഹമ്മദ് സാലി പറയുന്നു.

‘തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് എന്റെ അയല്‍വാസിയുടെ വീടിന്റെ മേല്‍ക്കൂരയിലൂടെ ഒരു ബുള്ളറ്റ് അകത്തേയ്ക്ക് പാഞ്ഞുകയറി. അവിടുത്തെ സ്ത്രീ അപ്പോള്‍ ഉറങ്ങുകയായിരുന്നു. ബുള്ളറ്റ് അവളുടെ കാലില്‍ തട്ടി. ഭാഗ്യവശാല്‍, അവള്‍ക്ക് കാര്യമായ പരിക്കില്ല. എപ്പോഴും ഞങ്ങള്‍ക്ക് വലിയ ശബ്ദങ്ങള്‍ കേള്‍ക്കാം. ജനലിലൂടെ പുറത്തേക്ക് നോക്കുന്നത് പോലും അപകടകരമായതിനാല്‍ പലരും തങ്ങളുടെ വീടുകളില്‍ ഒളിക്കുകയാണ്’. മുഹമ്മദ് സാലി പറഞ്ഞു.

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ല. യുദ്ധവിമാനങ്ങള്‍ തൊട്ടരികിലൂടെ പോലും പറക്കുന്നു. യുദ്ധവിമാനങ്ങളെ വീഴ്ത്താന്‍ ആര്‍എസ്എഫ് വിമാനവിരുദ്ധ പീരങ്കികള്‍ പ്രയോഗിക്കുന്നു. തനിക്ക് ലഭിച്ച എല്ലാ റിപ്പോര്‍ട്ടുകളില്‍ നിന്നും, ഖാര്‍ത്തൂമിന്റെ ഭൂരിഭാഗവും നിയന്ത്രിക്കുന്നത് ആര്‍എസ്എഫ് പോരാളികളാണെന്നും തെരുവുകളില്‍ സൈനികരോ പോലീസ് ഉദ്യോഗസ്ഥരോ ഇല്ലെന്നും മുഹമ്മദ് സാലി പറഞ്ഞു. ഓരോ തവണയും ആളുകള്‍ തങ്ങളുടെ ജീവിതം പണയപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ പ്രദേശങ്ങളില്‍ താമസിച്ചിരുന്ന തന്റെ സുഹൃത്തുക്കളെല്ലാം പലായനം ചെയ്തതായും എത്രനാള്‍ ഇവിടെ പിടിച്ചു നില്‍ക്കാമെന്ന് തനിക്കും അറിയില്ലെന്നും മുഹമ്മദ് സാലി പറയുന്നു.

അന്താരാഷ്ട്ര വിമാനത്താവളം, പ്രസിഡന്‍ഷ്യല്‍ കൊട്ടാരം, സൈനിക ആസ്ഥാനം എന്നിവിടങ്ങളിലും പോരാട്ടം ഏറ്റവും ശക്തമാണ്. ആശുപത്രികള്‍ പോലും അടച്ചിട്ടിരിക്കുന്നതിനാല്‍ പലര്‍ക്കും ചികിത്സ പോലും ലഭിക്കുന്നില്ല. തുറന്നിരിക്കുന്ന ആശുപത്രികളിലാകട്ടെ, വെടിയേറ്റവരെ മാത്രമാണ് ചികിത്സിക്കുന്നത്. യാത്രാദുരിതമായതിനാല്‍ പല ഡോക്ടര്‍മാര്‍ക്കും ആശുപത്രിയിലെത്താന്‍ കഴിയുന്നില്ല. ആരോഗ്യമേഖലയിലെ തകര്‍ച്ചയ്ക്കൊപ്പം വെള്ളത്തിന്റെയും വൈദ്യുതിയുടെയും പ്രതിസന്ധിയുണ്ട്.

‘സിറിയയിലും ലിബിയയിലും ഉള്ളതിനേക്കാള്‍ മോശമായ ആഭ്യന്തരയുദ്ധത്തിലേക്കാണ് സുഡാന്‍ ഇറങ്ങുന്നത്. എങ്കിലും യുദ്ധം ഉടന്‍ അവസാനിക്കുമെന്ന് ഞങ്ങള്‍ എല്ലാവരും പ്രതീക്ഷിക്കുന്നു’. മുഹമ്മദ് സാലി പറയുന്നു.

 

 

Latest News