സൈന്യവും അര്‍ധസൈന്യവും തമ്മിലുള്ള പോരാട്ടത്തെത്തുടര്‍ന്ന് സുഡാനില്‍ നിന്ന് പലായനം ചെയ്ത ആയിരങ്ങളില്‍ ഉള്‍പ്പെടുന്നവരാണ്, നൂണ്‍ അബ്ദുല്‍ബാസിത് ഇബ്രാഹിം എന്ന 21 വയസ്സുകാരി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയും അവളുടെ കുടുംബവും. രണ്ട് ദിവസത്തെ അപകടകരമായ യാത്രയ്ക്ക് ശേഷം അവര്‍ ഇപ്പോള്‍ ഈജിപ്ഷ്യന്‍ തലസ്ഥാനമായ കെയ്റോയില്‍, ഒരു ബന്ധുവിന്റെ അപ്പാര്‍ട്ട്‌മെന്റില്‍ സുരക്ഷിതരാണ്.
സൈനിക ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഖാര്‍ത്തൂം ജില്ലയിലെ ബുറിയിലാണ് നൂണും കുടുംബവും താമസിച്ചിരുന്നത്. സംഘര്‍ഷത്തിന്റെ ആദ്യ ദിവസങ്ങളില്‍ നൂണിന്റെ കുടുംബം സ്വദേശത്തു നിന്ന് പലായനം ചെയ്യാന്‍ മടിച്ചിരുന്നു. ‘അയല്‍രാജ്യങ്ങളുമായുള്ള അതിര്‍ത്തികള്‍ അടച്ചിടുമെന്ന് ഞങ്ങള്‍ കരുതി, യാത്ര പുറപ്പെട്ടാലും ഞങ്ങള്‍ എവിടെയെങ്കിലും കുടുങ്ങിപ്പോകുമെന്നും ഓര്‍ത്തു’. അവര്‍ പറഞ്ഞു.
എന്നാല്‍ ഏപ്രില്‍ 18 ന് അവരുടെ കുടുംബ വീട് മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നപ്പോള്‍ അത്തരം ചിന്തയെല്ലാം മാറി. ‘ആക്രമണം ഉണ്ടായ സമയത്ത് എല്ലാവരും മുത്തശ്ശിയുടെ മുറിയിലാണ് ഒളിച്ചിരുന്നത്. കഷ്ടിച്ചാണ് രക്ഷപെട്ടത്. ഇനിയും അവിടെ തുടര്‍ന്നാല്‍ വീണ്ടും ഭാഗ്യം ഞങ്ങളെ തുണയ്ക്കുമോ എന്ന് സംശയമായി. വീടിന് സമീപത്തെ വീടുകളും വ്യാപാര സ്ഥാപനങ്ങളും വെടിയുണ്ടകളാല്‍ തകര്‍ന്നു. അമ്മയുടെ പരിചയക്കാരിലൊരാള്‍ വെടിയേറ്റു മരിച്ചു. വൈദ്യുതി-ജല വിതരണ ശൃംഖലയിലുണ്ടായ തടസ്സവും ഭക്ഷണത്തിന്റെ ക്ഷാമവും വീടുവിട്ടിറങ്ങാന്‍ പ്രേരിപ്പിച്ചു’ നൂണ്‍ പറഞ്ഞു.
5,000 ഡോളറിന് വാടകയ്‌ക്കെടുത്ത വാഹനത്തിലാണ് സുഹൃത്തുക്കള്‍ക്കും അയല്‍ക്കാര്‍ക്കുമൊപ്പം ഏപ്രില്‍ 20 ന് പുലര്‍ച്ചെ നൂണും കുടുംബവും ഖാര്‍ത്തൂമില്‍ നിന്ന് പുറപ്പെട്ടത്. നൂണിനൊപ്പം അവളുടെ പ്രിയപ്പെട്ട പഗ്ഗ് മാരിയോയും ഉണ്ടായിരുന്നു. ഈ യാത്ര വളരെ ചിലവേറിയതായിരുന്നു എന്നും നൂണ്‍ പറയുന്നു. ‘സംഘര്‍ഷവും ആളുകളുടെ കൂട്ട പലായനവും വാഹന ഉടമകള്‍ മുതലെടുക്കുകയാണ്. കനത്ത വാടകയാണ് അവര്‍ വാഹനങ്ങള്‍ക്ക് ഈടാക്കുന്നത്. ഓരോ ഡോളറിനും വലിയ വിലയുള്ള സമയത്താണിതെന്ന് ഓര്‍ക്കണം’.
ബസില്‍ നിരവധി കുട്ടികളും പ്രായമായവരും ഉണ്ടായിരുന്നതിനാല്‍, തലസ്ഥാനത്തിന് ചുറ്റുമുള്ള സൈന്യത്തിന്റെയും അര്‍ദ്ധസൈനികരുടെയും ചെക്ക്പോസ്റ്റുകള്‍ ഒരു പ്രശ്‌നവുമില്ലാതെ കടന്നുപോകാനായി എന്നതാണ് ആശ്വാസമെന്ന് നൂണ്‍ പറഞ്ഞു. സുഡാനീസ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും 50 വയസ്സിനു മുകളിലുള്ളവര്‍ക്കും ഈജിപ്തില്‍ പ്രവേശിക്കാന്‍ വിസ ആവശ്യമില്ല എന്നതും അവരുടെ യാത്ര എളുപ്പമാക്കി.
കഴിഞ്ഞ വര്‍ഷമാണ് നൂണ്‍ മെഡിക്കല്‍ വിദ്യാഭ്യാസം തുടങ്ങിയത്. എത്രയും വേഗം സംഘര്‍ഷം അവസാനിച്ച്, പഠനം പുനരാരംഭിക്കാനാണ് നൂണ്‍ ആഗ്രഹിക്കുന്നത്. തങ്ങളുടെ രാജ്യം സാധാരണ നിലയിലേക്ക് ഉടന്‍ മടങ്ങണമെന്ന് അവള്‍ തീവ്രമായി ആഗ്രഹിക്കുന്നു.
‘ഏറ്റുമുട്ടലിന് നേതൃത്വം നല്‍കുന്ന രണ്ട് സൈനിക വിഭാഗങ്ങളും ചേര്‍ന്ന് ഇതിനോടകം എത്രയധികം നിരപരാധികളെ കൊന്നു. അവര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മറ്റെന്തെല്ലാം വഴികളുണ്ട്, അതുകൊണ്ട് ഈ യുദ്ധം ഉടന്‍ അവസാനിപ്പിക്കണം’. നൂണ്‍ പറയുന്നു.