സുഡാനിലെ യുദ്ധം ലോകത്തിലെ ഏറ്റവും വലിയ പട്ടിണി പ്രതിസന്ധിക്ക് കാരണമാകുമെന്ന് ഐക്യരാഷ്ട്ര ഏജന്‍സിയായ ഡബ്ല്യുഎഫ്പി മുന്നറിയിപ്പ് നല്‍കി. സുഡാന്‍, ദക്ഷിണ സുഡാന്‍, ഛാഡ് എന്നിവിടങ്ങളില്‍ ചിതറിക്കിടക്കുന്ന 25 ദശലക്ഷത്തിലധികം ആളുകള്‍ ഭക്ഷ്യ അരക്ഷിതാവസ്ഥയില്‍ കുടുങ്ങിക്കിടക്കുന്നുവെന്നും വേള്‍ഡ് ഫുഡ് പ്രോഗ്രാം (WFP) പറഞ്ഞു. സുഡാനിലെ ആഭ്യന്തരയുദ്ധത്തിന് പത്തു മാസത്തെ പോരാട്ടത്തിന് ശേഷവും അയവുവരാത്ത സാഹചര്യത്തിലാണ് യുഎന്‍ ഏജന്‍സിയുടെ മുന്നറിയിപ്പ്.
സഹായ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക്, പട്ടിണി അഭിമുഖീകരിക്കുന്ന എല്ലാവരേയും സഹായിക്കാന്‍ കഴിയില്ലെന്ന് WFP എക്സിക്യൂട്ടീവ് ഡയറക്ടര്‍ സിന്‍ഡി മക്കെയ്ന്‍ പറഞ്ഞു. ഏകദേശം 600,000 ആളുകള്‍ സുഡാനില്‍ നിന്ന് പലായനം ചെയ്ത് കഴിയുന്ന ട്രാന്‍സിറ്റ് ക്യാമ്പുകളില്‍ കുടുംബങ്ങള്‍ വിശന്നുവലയുകയും കൂടുതല്‍ പട്ടിണി നേരിടുകയും ചെയ്യുകയാണ്. അതിര്‍ത്തി കടക്കുന്ന അഞ്ചിലൊന്ന് കുട്ടികളും പോഷകാഹാരക്കുറവുള്ളവരാണെന്നും ഡബ്ല്യുഎഫ്പി റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍, സുഡാനിലെ ജനസംഖ്യയുടെ അഞ്ച് ശതമാനം ആളുകള്‍ക്ക് മാത്രമേ ഒരു ദിവസം ഭക്ഷണം വാങ്ങാന്‍ കഴിയൂ എന്ന് യുഎന്‍ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
2023 ഏപ്രിലിലാണ് സുഡാനിലെ എതിരാളികളായ സര്‍ക്കാര്‍ വിഭാഗങ്ങള്‍ തമ്മിലുള്ള ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടത്. സൈനിക മേധാവി അബ്ദുല്‍ ഫത്താഹ് അല്‍-ബുര്‍ഹാന്‍ തന്റെ മുന്‍ ഡെപ്യൂട്ടി മുഹമ്മദ് ഹംദാന്‍ ഹെമെഡ്തി ഡഗലോയ്ക്കെതിരെ നടത്തിയ യുദ്ധത്തില്‍ രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുകയും സുഡാന്റെ സമ്പദ്വ്യവസ്ഥയെ തളര്‍ത്തുകയും ചെയ്തു. എട്ട് ദശലക്ഷത്തിലധികം ആളുകളെയാണ് യുദ്ധം പിഴുതെറിഞ്ഞത്.
ജനവാസ മേഖലകളില്‍ സാധാരണക്കാരെ ലക്ഷ്യമിട്ട് വിവേചനരഹിതമായ ഷെല്ലാക്രമണം നടത്തുകയും അവശ്യ സഹായങ്ങള്‍ തടസ്സപ്പെടുത്തുകയും ചെയ്യുന്നുവെന്നും ആരോപിക്കപ്പെടുന്നു. രാജ്യം തകര്‍ച്ചയുടെ ഘട്ടത്തിലാണെന്നും അക്രമം അവസാനിച്ചില്ലെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും WFP മുന്നറിയിപ്പ് നല്‍കി. ആത്യന്തികമായി, ശത്രുതയ്ക്ക് വിരാമമിട്ട് ശാശ്വതമായ സമാധാനം മാത്രമാണ് യുദ്ധത്തിന്റെ ഗതി തിരിച്ചുവിടാനും ദുരന്തം തടയാനുമുള്ള ഏക മാര്‍ഗമെന്നും WFP പറയുന്നു.