യുദ്ധം തകര്‍ത്ത സുഡാനിലെ സ്ത്രീകളുടെ ജീവിതം നരകതുല്യമാണെന്ന് റിപ്പോര്‍ട്ട്. കുടുംബത്തിലേക്ക് ഭക്ഷണം എത്തിക്കാന്‍ പട്ടാളക്കാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് സുഡാനിലെ സ്ത്രീകള്‍. ദ ഗാര്‍ഡിയന്‍ ആണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. സുഡാനിലെ ഒംദുര്‍മാന്‍ നഗരത്തില്‍ നിന്ന് പലായനം ചെയ്ത സ്ത്രീകളാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭക്ഷണം ശേഖരിച്ച് വെച്ചിരിക്കുന്ന ഫാക്ടറികളില്‍ വെച്ചാണ് പട്ടാളക്കാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടേണ്ടി വന്നിരുന്നതെന്ന് സ്ത്രീകള്‍ പറഞ്ഞു. ‘എന്റെ രക്ഷിതാക്കള്‍ക്ക് പ്രായമായി. ഭക്ഷണം തേടിപ്പോകാന്‍ എന്റെ മകളെ ഞാന്‍ അനുവദിക്കില്ല. ഞാന്‍ പട്ടാളക്കാരുടെ അടുത്തേക്ക് പോയിരുന്നു. ഭക്ഷണം ലഭിക്കാന്‍ അതു മാത്രമാണ് വഴി’. മീറ്റ് പ്രോസസിംഗ് ഫാക്ടറിയില്‍ വെച്ച് ലൈംഗികാതിക്രമം നേരിടേണ്ടി വന്ന സ്ത്രീ പറഞ്ഞു.
സുഡാനില്‍ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെയാണ് സ്ത്രീകള്‍ക്ക് നേരേയുള്ള അതിക്രമങ്ങളും വര്‍ധിച്ചത്. യുദ്ധം ആരംഭിച്ച് ദിവസങ്ങള്‍ക്ക് പിന്നാലെ പട്ടാളക്കാര്‍ സ്ത്രീകളെ ക്രൂരമായി ആക്രമിക്കുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
തങ്ങളുടെ അധീനതയിലുള്ള സ്ഥലങ്ങളില്‍ വെച്ച് പട്ടാളക്കാര്‍ സ്ത്രീകളെ ലൈംഗികാതിക്രമം ചെയ്യുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. പല സ്ത്രീകളും തങ്ങള്‍ നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തെ കുറിച്ച് തുറന്നുപറയാന്‍ മുന്നോട്ട് വന്നിരുന്നു.
അനാഥമായ വീടുകളില്‍ കയറി ഭക്ഷണം ശേഖരിക്കുന്നതിന് പകരമായി തങ്ങളോടൊപ്പം ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്നാണ് പട്ടാളക്കാര്‍ പറയുന്നതെന്ന് സ്ത്രീകള്‍ പറഞ്ഞു. ഉപേക്ഷിക്കപ്പെട്ട വീടുകളില്‍ നിന്ന് ലഭിക്കുന്ന സാധനങ്ങള്‍ പ്രാദേശിക വിപണിയില്‍ വിറ്റ് പണം കണ്ടെത്താനാണ് പല സ്ത്രീകളും ഇത്തരം വീടുകളില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നത്. ഈ സാഹചര്യവും സൈന്യം മുതലെടുക്കുകയാണെന്ന് സ്ത്രീകള്‍ പറയുന്നു. ഇത്തരത്തില്‍ പട്ടാളക്കാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന് ശേഷമാണ് ആളൊഴിഞ്ഞ ഒരു വീട്ടില്‍ നിന്നും അടുക്കള വസ്തുക്കളും ഭക്ഷണവും എടുക്കാന്‍ തനിക്ക് കഴിഞ്ഞതെന്ന് ഒരു സ്ത്രീ വെളിപ്പെടുത്തി.
‘വല്ലാത്ത അവസ്ഥയിലൂടെയാണ് ഞാന്‍ കടന്നുപോയത്. ശത്രുക്കള്‍ക്ക് പോലും ഈ അവസ്ഥ വരരുതെന്നാണ് പ്രാര്‍ത്ഥിക്കുന്നത്. എന്റെ കുട്ടികള്‍ പട്ടിണിയാകാതിരിക്കാനാണ് ഭക്ഷണം തേടിപോയത്’. എന്ന് ഒരു സ്ത്രീ പറഞ്ഞു.
എന്നാല്‍ പട്ടാളക്കാരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ വിസമ്മതിച്ചതിന് ക്രൂര പീഡനം നേരിടേണ്ടി വന്നുവെന്ന് മറ്റൊരു സ്ത്രീ ദി ഗാര്‍ഡിയനോട് പറഞ്ഞു. സൈന്യം തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്നും കാലില്‍ പൊള്ളലേല്‍പ്പിച്ചുവെന്നും ഈ സ്ത്രീ പറഞ്ഞു.