Wednesday, November 27, 2024

മോശപ്പെട്ട ഹിജാബ് ധരിച്ച് ഇസ്ലാമിക മൂല്യങ്ങള്‍ ലംഘിക്കുന്നു; അഫ്ഗാനില്‍ സ്ത്രീകളെ അറസ്റ്റ് ചെയ്യുന്നതായി റിപ്പോര്‍ട്ട്

മോശപ്പെട്ട ഹിജാബ് ധരിച്ചെന്നാരോപിച്ച് അഫ്ഗാനില്‍ സ്ത്രീകളെ അറസ്റ്റ് ചെയ്യുന്നതായി റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്ക് വസ്ത്രധാരണ നിയമങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് അറസ്റ്റെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിദ്യാഭ്യാസം, തൊഴില്‍, പൊതു ഇടങ്ങളിലേക്കുള്ള പ്രവേശനം എന്നിവ ഇതിനകം തന്നെ സ്ത്രീകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. പിന്നാലെയാണ് വസ്ത്രധാരണത്തിന്റെ പേരിലുള്ള നടപടി.

എത്ര സ്ത്രീകളെയാണ് അറസ്റ്റ് ചെയ്തതെന്നോ ‘മോശപ്പെട്ട ഹിജാബ്’ എന്താണെന്നോ താലിബാന്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 2021 ല്‍ അധികാരത്തില്‍ വന്നതിനുശേഷം താലിബാന്‍ നടപ്പാക്കുന്ന കര്‍ശനമായ നിയമമായാണ് പുതിയ നീക്കം വിലയിരുത്തപ്പെടുന്നത്. അയല്‍രാജ്യമായ ഇറാനില്‍ സമാനമായ അവസ്ഥയാണ് അഫ്ഗാന്‍ വനിതകള്‍ ഹിജാബിന്റെ പേരില്‍ അനുഭവിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2022 മെയ് മാസത്തില്‍, താലിബാന്‍ സ്ത്രീകള്‍ ബുര്‍ഖ ധരിക്കണമെന്ന ഉത്തരവ് പുറപ്പെടുവിച്ചു. കഴിഞ്ഞ രണ്ടോ അതിലധികമോ വര്‍ഷങ്ങളായി കാബൂളില്‍ അനുചിതമായ ഹിജാബ് ധരിക്കുന്ന സ്ത്രീകളെക്കുറിച്ചുള്ള നിരന്തരം പരാതികള്‍ ലഭിക്കുന്നതായി താലിബാന്‍ വക്താവ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എപിയോട് പറഞ്ഞു.

തുടര്‍ന്ന് മന്ത്രാലയം സ്ത്രീകള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും വസ്ത്രധാരണം കര്‍ശനമായി പാലിക്കണമെന്ന് ഉത്തരവിടുകയും ചെയ്തു. മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം പാലിക്കാത്തതിനെ തുടര്‍ന്നാണ് സ്ത്രീകളെ അറസ്റ്റ് ചെയ്യാന്‍ പോലീസുകാരെ അയച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിക സമൂഹത്തില്‍ മോശം ഹിജാബ് പ്രചരിപ്പിക്കുന്ന ചുരുക്കം ചില സ്ത്രീകളാണിവരെന്നും താലിബാന്‍ വ്യക്തമാക്കി.

അവര്‍ ഇസ്ലാമിക മൂല്യങ്ങളും ആചാരങ്ങളും ലംഘിച്ചു. സമൂഹത്തിലെ ബഹുമാന്യരായ മറ്റു സഹോദരിമാരെ മോശം ഹിജാബ് ധരിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തെന്നും പോലീസ് ജുഡീഷ്യല്‍ അധികാരികള്‍ക്ക് കൈമാറുമെന്നും താലിബാന്‍ വക്താവ് പറഞ്ഞു. രാജ്യത്തെ എല്ലാ പ്രവിശ്യകളിലും ഹിജാബ് ധരിക്കാത്തവരെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

 

Latest News