“ഇത് ചെയ്യുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളു. കാരണം കുട്ടികൾക്ക് പഠിപ്പ് മുടങ്ങില്ലല്ലോ”- പറയുന്നത് ഏഞ്ചൽ കരാസ്കോ എന്ന പ്രൈമറി സ്‌കൂൾ അധ്യാപകനാണ്. സാൻ ജുവാൻ നദിക്ക് ഇക്കരെയുള്ള കുട്ടികളെ എല്ലാ ദിവസവും തന്റെ തോളിലേറ്റി അക്കരെയുള്ള സ്‌കൂളിൽ എത്തിക്കുന്ന ഈ അദ്ധ്യാപകൻ പെറുവിലെ മൂല്യ ബോധമുള്ള അധ്യാപകരുടെ പ്രതീകമായി മാറുകയാണ്.
പെറുവിലെ അരെക്വിപയിലെ ഒരു ഗ്രാമീണ മേഖലയിലെ സ്‌കൂളിലാണ് ഏഞ്ചൽ കരാസ്കോ പഠിപ്പിക്കുന്നത്. അൽപ്പം ദുർഘടമായ ഭൂപ്രദേശമുള്ള ഒരു ഗ്രാമപ്രദേശം ആണിത്. പലപ്പോഴും കുന്നും മലയും പുഴകളും താണ്ടി വേണം കുട്ടികൾക്ക് സ്‌കൂളിൽ എത്താൻ. ഈ സാഹചര്യത്തിലാണ് ഏയ്ഞ്ചൽ തന്റെ ദൗത്യം ഏറ്റെടുക്കുന്നത്. സാൻ ജുവാൻ നദിക്ക് കുറുകെ കടന്നു വേണം അധ്യാപകനായ ഏയ്ഞ്ചലിന്റെ അഞ്ചു വിദ്യാർത്ഥികൾക്ക് സ്‌കൂളിൽ എത്താൻ. പ്രദേശത്തെ മഴയെ ആശ്രയിച്ച് ആണ് നദിയിലെ വെള്ളത്തിന്റെ ഒഴുക്ക്. നദിക്കു ആഴം കുറവാണെങ്കിലും വെള്ളം ശക്തിയായി കുത്തിയൊഴുകുന്നതിനാൽ കൊച്ചു കുട്ടികൾക്ക് നദി മുറിച്ചു കടക്കുക സാധ്യമല്ല. ഈ സാഹചര്യത്തിൽ തന്റെ വിദ്യാർത്ഥികളെ ഈ അധ്യാപകൻ തോളിൽ എടുത്ത് ഇക്കരയിൽ എത്തിക്കും. സ്‌കൂൾ വിട്ടതിനു ശേഷം അവരെ സുരക്ഷിതരായി തിരികെ നദി കടത്തി വിടുകയും ചെയ്യും ഈ അദ്ധ്യാപകൻ.
“ഇത് ചെയ്യാൻ എനിക്ക് സന്തോഷമുണ്ട്, കാരണം മാതാപിതാക്കൾ അവരുടെ കുട്ടികളെ പഠിനത്തിന് അയക്കാൻ ശ്രമിക്കുന്നു. ഞാൻ രണ്ട് കുട്ടികളുടെ പിതാവ് കൂടിയാണ്. പ്രകൃതിയിലെ ചില മാറ്റങ്ങൾ കാരണം അവർക്ക് സ്കൂൾ നഷ്‌ടമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല,”ഏയ്ഞ്ചൽ പറയുന്നു.
നദി മുറിച്ചു കടക്കേണ്ടി വരും എന്ന കാരണത്താൽ വിദ്യാർത്ഥികൾക്ക് ധാരാളം ക്ലാസുകൾ നഷ്ടപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ആണ് ഈ അദ്ധ്യാപകൻ മുൻകൈയെടുത്ത് അവരെ മുതുകിൽ കയറ്റി നദി മുറിച്ചുകടത്തുവാൻ ആരംഭിച്ചത്. പല കുട്ടികളുടെയും മാതാപിതാക്കൾ ദിവസകൂലിക്കാരായതിനാൽ കൃത്യസമയത്ത് ജോലിക്കു എത്തേണ്ടതുണ്ട്. അതിനാൽ പല രക്ഷിതാക്കൾക്കും കുട്ടികളെ അനുഗമിക്കാൻ കഴിയില്ല. അങ്ങനെ ആശങ്കയിൽ ആയ മാതാപിതാക്കൾക്ക് ഒരു ആശ്വാസമായി മാറിയിരിക്കുകയാണ് ഈ അദ്ധ്യാപകൻ.
എന്നാൽ നദി മുറിച്ചു കടത്തിയതുകൊണ്ട് മാത്രം ഈ അധ്യാപകനും വിദ്യാർത്ഥികൾക്കും മുന്നിലുള്ള പ്രതിസന്ധികൾ അവസാനിക്കുന്നില്ല. ഇപ്പോൾ അവർ പഠിക്കുന്ന സ്‌കൂളിൽ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത കുറവാണ്. കുടിക്കാൻ ശുദ്ധജലമില്ല. ഇന്റർനെറ്റ് സൗകര്യമില്ല. നല്ല ക്ലാസ്മുറികളും മറ്റും ഇല്ല. കറന്റ് മാത്രം ഉണ്ട്. എങ്കിലും പഠിപ്പ് മുടങ്ങില്ലല്ലോ എന്ന ആശ്വാസത്തിൽ മുന്നോട്ട് സഞ്ചരിക്കുകയാണ് ഇവർ.