അടുത്തിടെ ഒരു ക്രിസ്ത്യന്‍ ദൈവാലയത്തിനുള്ളില്‍ ജിഹാദികള്‍ 26 പേരെ കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി പൊന്തിഫിക്കല്‍ ഫൗണ്ടേഷന്‍ എയ്ഡ് ടു ചര്‍ച്ച് ഇന്‍ നീഡ്. ആഗസ്റ്റ് 25-ന് പടിഞ്ഞാറന്‍ ബുര്‍ക്കിന ഫാസോയിലെ സനാബ പട്ടണത്തില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിനിടെയാണ് കൂട്ടക്കൊല നടന്നത്.
ജിഹാദികള്‍ ഗ്രാമം വളയുകയും 12 വയസ്സിനു മുകളിലുള്ള ക്രൈസ്തവരായ എല്ലാ പുരുഷന്മാരെയും ബന്ദികളാക്കുകയും ചെയ്തു. തുടര്‍ന്ന് അവരെ അടുത്തുള്ള ദൈവാലയത്തില്‍ കൊണ്ടുപോകുകയും അവിടെവച്ച് 26 പേരെ കഴുത്തറത്ത് കൊലപ്പെടുത്തുകയുമായിരുന്നു. ബര്‍സലോഗോ എന്ന ഗ്രാമത്തില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിന് ഒരു ദിവസത്തിനുശേഷമാണ് സനാബ പട്ടണത്തില്‍ ആക്രമണമുണ്ടായതെന്ന് പൊന്തിഫിക്കല്‍ ഫൗണ്ടേഷന്‍ വെളിപ്പെടുത്തുന്നു. അവിടെ, കൊല്ലപ്പെട്ടവരുടെ ഔദ്യോഗിക കണക്ക് 150 ആണെങ്കിലും മരണസംഖ്യ 250 കവിഞ്ഞേക്കാമെന്നും 150 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു എന്നും സംഘടന പുറത്തുവിടുന്ന വിവരങ്ങളില്‍ വെളിപ്പെടുത്തുന്നു.
എയ്ഡ് ടു ചര്‍ച്ച് ഇന്‍ നീഡ് വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, ഇസ്ലാമിക തീവ്രവാദികളുടെ അക്രമത്തെത്തുടര്‍ന്ന് മാലിയുടെ അതിര്‍ത്തിക്കടുത്തുള്ള രാജ്യത്തിന്റെ വടക്കു-പടിഞ്ഞാറ് ഭാഗത്തുള്ള ഏകദേശം 5,000 സ്ത്രീകളും കുട്ടികളും നൗന പട്ടണത്തില്‍ അഭയം തേടിയിരിക്കുകയാണ്. ‘അവരില്‍ ഒരു പുരുഷന്‍ പോലുമില്ല. പുരുഷന്മാര്‍ എവിടെയാണെന്നത് അജ്ഞാതമായി തുടരുന്നു. അവര്‍ രക്ഷപെട്ട് ഒളിച്ചിരിക്കുകയാണോ, അതോ കൊല്ലപ്പെട്ടതാണോ എന്ന് ഞങ്ങള്‍ക്കറിയില്ല’ – എ. സി. എന്‍. അധികൃതര്‍ വെളിപ്പെടുത്തുന്നു.
പൊന്തിഫിക്കല്‍ ഫൗണ്ടേഷന്‍ നല്‍കുന്ന വിവരങ്ങളനുസരിച്ച്, മെയ് 2024 മുതല്‍ വടക്കുപടിഞ്ഞാറന്‍ ബുര്‍ക്കിന ഫാസോയില്‍ ഏകദേശം 100 ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഒപ്പംതന്നെ കൂടുതല്‍ പേരെ തട്ടിക്കൊണ്ടുപോയിട്ടുമുണ്ട്. അവര്‍ എവിടെയാണെന്നതിനെക്കുറിച്ച് ഒരു വിവരവുമില്ല.
2023-ലെ വേള്‍ഡ് റിലീജിയസ് ഫ്രീഡം റിപ്പോര്‍ട്ടനുസരിച്ച്, ബുര്‍ക്കിന ഫാസോയിലെ ക്രൈസ്തവര്‍ വര്‍ധിച്ചുവരുന്ന പീഡനങ്ങളെ അഭിമുഖീകരിക്കുകയാണ്. കൂടുതലും ഇസ്ലാമിക തീവ്രവാദികളാണ് ക്രൈസ്തവരെ കൊന്നൊടുക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്.