ഏകദേശം 3,800 വർഷങ്ങൾക്ക് മുമ്പ് സാഖിക്കു എന്ന ഒരു പുരാതന നഗരം നിലനിന്നിരുന്നു. വർഷങ്ങൾക്കിപ്പുറം ചരിത്രത്താളുകളിൽ മറഞ്ഞ ആ പുരാതന നഗരം വെളിച്ചം കണ്ടിരിക്കുകയാണ്. പുരാതന നഗരത്തെ കണ്ടെടുക്കുകയും വീണ്ടെടുക്കുകയും ചെയ്ത സന്തോഷത്തിനിടയിലും ആശങ്കകൾ നിറയുകയാണ്. അതിനു കാരണം ഈ നഗരത്തിന്റെ ഉയർന്നു വരവിനു കാരണമായ കാലാവസ്ഥാ മാറ്റങ്ങൾ തന്നെയാണ്. ഒരിക്കൽ വെള്ളത്തിനടിയിലായി പോയ നഗരം കനത്ത വരൾച്ചയെ തുടർന്ന് വെള്ളം വറ്റി വീണ്ടും അതിന്റെ രൂപം വെളിവാക്കുമ്പോൾ അതിശയോക്തികളും അത്ഭുതങ്ങളും ഒപ്പം ആശങ്കകളും ആണ് നിറയുന്നത്. അറിയാം ഈ ആശങ്കകൾക്ക് വഴിതെളിച്ച പുരാതന സാഖിക്കു നഗരത്തിന്റെ ചരിത്രം.
ഏകദേശം 3,800 വർഷങ്ങൾക്ക് മുമ്പ്, പുരാതന നഗരമായ സാഖിക്കു വ്യാപാരികൾക്ക് ഏറെ പ്രിയപ്പെട്ട നഗരമായിരുന്നു. ഇന്നത്തെ ഇറാഖ്, കുവൈറ്റ്, തുർക്കി, ഇറാൻ, സിറിയ എന്നിവയുടെ ചില ഭാഗങ്ങൾ ഉൾപ്പെടുന്ന മെസപ്പൊട്ടോമിയയിൽ നിന്നുള്ള ചരക്കു വസ്തുക്കൾ ശേഖരിക്കുന്ന ഇടമായിരുന്നു ഇവിടം. ആദ്യം വനങ്ങളിൽ നിന്നും വെട്ടികൊണ്ടുവരുന്ന തടികളും മറ്റും ആയിരുന്നു ഇവിടെ സൂക്ഷിക്കുകയും വ്യാപാരം ചെയ്യുകയും ചെയ്തിരുന്നതെങ്കിൽ പിന്നീട് അത് സ്വർണ്ണവും വെള്ളിയും മറ്റു ലോഹങ്ങളുടെ വ്യാപാരത്തിലേയ്ക്കും വളർന്നു. ചുരുങ്ങിയ സമയം കൊണ്ട് വ്യാപാരികളുടെയും ബിസിനസുകാരുടെയും താവളമായി ഈ നഗരം വളർന്നു.
ബിസി 19-നും 15-നും ഇടയിൽ മെസൊപ്പൊട്ടേമിയ ഭരിച്ചിരുന്ന ബാബിലോൺ ഭരണാധികാരികളുടെ കീഴിൽ രൂപം കൊണ്ട നഗരമാണ് സാഖിക്കു. വെള്ളത്താലും കരഭൂമിയാലും ചുറ്റപ്പെട്ടു കിടക്കുന്ന ഈ ഭൂമി ഇന്നത്തെ മിഡിൽ ഈസ്റ്റ്, തുർക്കി, ഈജിപ്ത് എന്നിവ ഉൾപ്പെടുന്ന നിയർ ഈസ്റ്റിലെ വ്യാപാരത്തെ സഹായിച്ച ഒരു വ്യാപാര ഇടത്താവളം എന്ന നിലയിലാണ് ഇവിടെ ഈ നഗരം വളർന്നു വന്നത്. 600 വർഷത്തോളം ഈ മേഖലയിലെ ഒരു പ്രധാന വാണിജ്യ നഗരമായി ഈ വ്യാപാരകേന്ദ്രം വളർന്നു. എന്നാൽ ഒരു ഭൂചലനം ഈ നഗരത്തിന്റെ പ്രതാപകാലം അവസാനിപ്പിക്കുന്നതിന് കാരണമായി. തകർന്ന നഗരം പിന്നീട് അഭിവൃദ്ധിയുടെ പാതയിലേക്ക് തിരികെ എത്തിയില്ല. പതിയെ പതിയെ ഉപേക്ഷിക്കപ്പെട്ട നഗരങ്ങളുടെ പട്ടികയിൽ ഇടം നേടി സാഖിക്കു ചരിത്ര താളുകളിലേയ്ക്ക് മറഞ്ഞു.
അതിനു ശേഷം ആണ് അന്തരിച്ച ഇറാഖി നേതാവ് സദ്ദാം ഹുസൈന്റെ കീഴിൽ മൊസൂൾ അണക്കെട്ട് പദ്ധതി ആരംഭിക്കുന്നത്. അണക്കെട്ട് വന്നതോട് കൂടി ഈ പുരാതന നഗരം പൂർണ്ണമായും വെള്ളത്തിനടിയിലായി. ‘സദ്ദാം അണക്കെട്ട്’ എന്നറിയപ്പെട്ടിരുന്ന ഇത് ഇറാഖിലെ ഏറ്റവും വലുതും താഴെതട്ടിൽ വരെയുള്ള ജലസേചനത്തിനായി ഉപയോഗിക്കുന്നതുമായ ഏറ്റവും പ്രധാനപ്പെട്ട ജലസംഭരണിയായിരുന്നു. ഈ ഡാം പൂർത്തിയതോടെ, 1980-കളിൽ സാഖിക്കു നഗരവും മറഞ്ഞു.
നാളുകൾ കടന്നു പോയി. വർഷങ്ങൾക്കിപ്പുറം കാലാവസ്ഥയിലും വലിയ മാറ്റം ഉണ്ടായി. ആഗോളതാപനവും മറ്റും അന്തരീക്ഷത്തിലെ ചൂട് വർധിപ്പിച്ചു. അത് കടുത്ത വരൾച്ചയിലേക്കും നയിച്ചു. കാലാവസ്ഥാ വ്യതിയാനം ഏറ്റവും സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് ഇറാഖ്. വേനൽക്കാലത്ത് താപനില 50 ഡിഗ്രി സെൽഷ്യസ് കടക്കുന്ന ഇറാക്ക് കഠിനമായ വരൾച്ചയിലൂടെയാണ് കഴിഞ്ഞ വർഷങ്ങളിൽ കടന്നു പോയത്. ഇത് ടൈഗ്രിസ് നദിയിൽ ജലനിരപ്പ് താഴുന്നതിനും സാഖിക്കു നഗരം തെളിഞ്ഞു വരുന്നതിനും കാരണമായി. ഇന്ന് ഗവേഷകർ ഈ പുരാതന നഗരത്തെ പൂർണ്ണമായും കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ്.