യുദ്ധത്തിന്റെ ആഘാതം മറച്ചുവയ്ക്കുന്നതിനായി റഷ്യ മരിച്ചവരുടെ എണ്ണം വെളിപ്പെടുത്താത്ത സാഹചര്യത്തില്‍ യുക്രൈനിലെ ഭൂമിയില്‍ റഷ്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ കുന്നുകൂടുകയാണ്. മഞ്ഞില്‍ പുതഞ്ഞ നിലയിലും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലുമെല്ലാം റഷ്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ അനാഥമായി കിടക്കുന്നതു കാണാം. അന്താരാഷ്ട്ര മാധ്യമങ്ങള്‍ പലതും അത് റിപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്.
ശനിയാഴ്ച രാത്രിയിലെ തന്റെ വീഡിയോ സന്ദേശത്തില്‍, മൈക്കോളൈവ് പ്രദേശത്തെ ഗവര്‍ണറായ വിറ്റാലി കിം, ചൂട് കൂടുന്നതിനാല്‍ തെരുവുകളില്‍ അനാഥമായി കിടക്കുന്ന റഷ്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ ശേഖരിച്ച് നീക്കം ചെയ്യാന്‍ സഹായിക്കാന്‍ പ്രദേശവാസികളോട് അഭ്യര്‍ത്ഥിച്ചു. യുദ്ധത്തില്‍ സ്വന്തമായ പലരെയും ഇതിനകം നഷ്ടപ്പെട്ടവരെങ്കിലും ‘ഞങ്ങള്‍ മൃഗങ്ങളല്ല’ എന്നും അദ്ദേഹം പറഞ്ഞു. മൃതദേഹങ്ങള്‍ മോര്‍ച്ചറികളില്‍ സൂക്ഷിക്കാനും ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിയുന്നതിനായി റഷ്യയിലേക്ക് തിരിച്ചയക്കാനും ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, യുദ്ധം ഒരു മാസം പിന്നിട്ടിട്ടും, സൈനികരുടെ മൃതദേഹങ്ങള്‍ റഷ്യയിലേക്ക് എങ്ങനെ തിരിച്ചയക്കുന്നുവെന്ന് ഇപ്പോഴും വ്യക്തമല്ല.
ഫെബ്രുവരി 24 ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഉക്രെയ്ന്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം ആക്രമിക്കപ്പെട്ട ആദ്യത്തെ പ്രാദേശിക തലസ്ഥാനങ്ങളില്‍ ഒന്നാണ് മൈക്കോളൈവ്. യുദ്ധ വാഹനങ്ങളും ടാങ്കുകളുമായി നഗര കേന്ദ്രത്തിലേക്ക് റഷ്യന്‍ സൈനികര്‍ തള്ളിക്കയറുകയായിരുന്നു. യുക്രൈന്‍ സൈന്യം ശക്തമായി പ്രതിരോധച്ചപ്പോള്‍ റഷ്യക്കാര്‍ പിന്‍വാങ്ങുകയും സഹപ്രവര്‍ത്തകരുടെ കത്തിക്കരിഞ്ഞ ശരീരങ്ങള്‍ യുദ്ധക്കളത്തില്‍ ഉപേക്ഷിക്കുകയുമാണുണ്ടായത്.
ഇതിനെല്ലാം പുറമേ സ്വന്തം അംഗങ്ങളുടെ മൃതദേഹങ്ങള്‍ ദഹിപ്പിക്കാന്‍ റഷ്യന്‍ സൈന്യം മൊബൈല്‍ ശ്മശാനങ്ങള്‍ അയച്ചുവെന്ന് യുക്രേനിയന്‍ സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. പ്രധാനമായും സ്വന്തം സേനയിലെ ആള്‍നാശം കുറച്ച് കാണിക്കുന്നതിന് വേണ്ടിയും, സിവിലിയന്‍മാരുടെ അടക്കം മരണ സംഖ്യ കുറയ്ക്കുന്നതിനുമാണ് മൊബൈല്‍ ശ്മശാനങ്ങള്‍ യുക്രെയിനിലേക്ക് അയച്ചതെന്ന് കരുതുന്നു. ഒരു സമയം ഒന്നിലേറെ മൃദേഹങ്ങള്‍ ദഹിപ്പിക്കാന്‍ കഴിയുന്ന റഷ്യന്‍ ട്രക്കുകളുടെ ചിത്രങ്ങള്‍ ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടിരുന്നു.
അതേ ദിവസം, ഒഡെസ ഉള്‍പ്പെടെ നിരവധി പ്രദേശങ്ങളില്‍ മരിച്ച റഷ്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ നീക്കം ചെയ്യുന്നതിനായി യുക്രെയ്‌നിന്റെ സായുധ സേനയ്ക്ക് 20 ശീതീകരിച്ച കാറുകള്‍ നല്‍കിയതായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള യുക്രേനിയന്‍ റെയില്‍വേയായ ഉക്രസാലിസ്‌നിറ്റ്‌സിയ അതിന്റെ വെബ്സൈറ്റിലെ പ്രസ്താവനയില്‍ പറഞ്ഞു. മൂന്നു ദിവസത്തിനുശേഷം ഉക്രസാലിസ്നിറ്റ്സിയയുടെ ചെയര്‍മാന്‍ തന്റെ സ്വകാര്യ ടെലിഗ്രാം ചാനലില്‍ ഒരു സന്ദേശം പോസ്റ്റ് ചെയ്തു, റഷ്യ ഇതുവരെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ തയാറായിട്ടില്ലെന്നും മൃതദേഹങ്ങള്‍ അടക്കം ചെയ്യാനുള്ള അവസരം പോലും അവരുടെ അമ്മമാര്‍ക്ക് നഷ്ടപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള റഷ്യന്‍ അധികൃതരുടെ അഭ്യര്‍ത്ഥന ലഭിക്കാന്‍ ഇനിയും കാത്തിരിക്കുകയാണെന്ന് യുക്രെയ്ന്‍ സര്‍ക്കാരും അറിയിച്ചു. റഷ്യന്‍ കുടുംബങ്ങളെ ലക്ഷ്യമാക്കി, മരിച്ച സൈനികരുടെയും പിടിക്കപ്പെട്ട യുവാക്കളുടെയും ഫോട്ടോകളും തിരിച്ചറിയല്‍ കാര്‍ഡുകളും സഹിതം ഉക്രേനിയന്‍ ആഭ്യന്തര മന്ത്രാലയം സ്ഥാപിച്ച ഒരു വെബ്സൈറ്റിലും ടെലിഗ്രാം ചാനലിലും പോസ്റ്റ് ചെയ്യാറുമുണ്ട്.
ഉക്രൈനിനെതിരായ യുദ്ധത്തില്‍ പങ്കെടുക്കുന്ന റഷ്യന്‍ സൈനീകരുടെ ശബ്ദരേഖകള്‍ പരിശോധിച്ച ഒരു ബ്രിട്ടീഷ് രഹസ്യാന്വേഷണ കമ്പനി, റഷ്യന്‍ സൈനികര്‍ ‘പൂര്‍ണ്ണമായും തകര്‍ന്ന അവസ്ഥയിലാണ്’ എന്ന് വെളിപ്പെടുത്തുന്നു. യുക്രൈന്‍ പട്ടണങ്ങളില്‍ ഷെല്‍ വര്‍ഷിക്കാനുള്ള സെന്‍ട്രല്‍ കമാന്‍ഡ് ഉത്തരവുകള്‍ അനുസരിക്കാന്‍ സൈന്യം വിസമ്മതിക്കുന്നുവെന്നും സൈന്യത്തിനുള്ള ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും വിതരണം നിലച്ചതായും സൈനീകര്‍ മേലധികാരികള്‍ക്ക് പരാതിപ്പെടുന്ന റേഡിയോ സന്ദേശങ്ങളാണ് രഹസ്യാന്വേഷണ ഏജന്‍സി പിടിച്ചെടുത്തത്. സംഭാഷണങ്ങളിലൊന്നില്‍, ഒരു പട്ടാളക്കാരന്‍ കരയുകയും മറ്റൊന്നില്‍, ഭക്ഷണമോ വെള്ളമോ ഇന്ധനമോ എപ്പോള്‍ എത്തുമെന്ന് ദേഷ്യത്തോടെ ചോദിക്കുന്നതും കേള്‍ക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇതേസമയം റഷ്യയില്‍ സൈനികരുടെ മരണസംഖ്യയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നിശബ്ദമാണ്. രക്തരൂക്ഷിതമായ യുദ്ധത്തിന്റെ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും രാജ്യം ഒതുക്കുകയാണ്. പാശ്ചാത്യ മാധ്യമ റിപ്പോര്‍ട്ടുകളിലേക്കും റഷ്യന്‍ പ്രദേശത്തെ സോഷ്യല്‍ നെറ്റ്വര്‍ക്കുകളായ Twitter, Facebook എന്നിവയിലേക്കും റഷ്യക്കാര്‍ക്ക് പ്രവേശനം പരിമിതപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. അതിനാല്‍ യുക്രൈനില്‍ എത്ര റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്നത് ഒരു രഹസ്യമായി തുടരുകയാണ്.
3,000 നും 10,000 നും ഇടയില്‍ റഷ്യന്‍ സൈനികര്‍ മരിച്ചെന്നാണ് അടുത്തിടെ യുഎസ്, നാറ്റോ ഉദ്യോഗസ്ഥര്‍ പറഞ്ഞത്. യുക്രേനിയന്‍ ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നത് 15,000-ത്തിലധികം റഷ്യന്‍ സൈനികരെ തങ്ങള്‍ വധിച്ചു എന്നാണ്. എന്നാല്‍ യഥാര്‍ത്ഥ കണക്ക് ഇപ്പോഴും അവ്യക്തമാണ്. യുക്രൈനോട് യുദ്ധം ചെയ്യാന്‍ അയച്ച 1,50,000 ത്തിലധികം റഷ്യക്കാരുടെ അജ്ഞാതത്വവും അവരുടെ അവസ്ഥയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്ന റഷ്യന്‍ കുടുംബങ്ങളുടെ ഉത്കണ്ഠയും ബാക്കിനില്‍ക്കുന്നു.