സാധാരണക്കാർക്കു മാത്രമല്ല, ബഹിരാകാശ നിരീക്ഷകർക്കുപോലും ബഹിരാകാശത്തോടുള്ള കൗതുകം അവസാനിക്കാറില്ല. അതുകൊണ്ടുതന്നെ നിരവധി നിഗൂഢതകൾ ഒളിഞ്ഞിരിക്കുകയും ഇപ്പോഴും പഠനവിധേയമാകുകയും ചെയ്യുന്ന ബഹിരാകാശത്ത് ഒരു പുഷ്പം വിരിഞ്ഞിട്ടുണ്ടെന്ന് അറിയാമോ? ബഹിരാകാശത്തു വിരിഞ്ഞ ആദ്യത്തെ പുഷ്പം സീനിയ ആണ്. 2016 ലാണ് ബഹിരാകാശത്ത് സീനിയ വിരിയുന്നത്. നല്ല ഓറഞ്ച് നിറമുള്ള തിളക്കമുള്ള പുഷ്പമാണിത്. മൈക്രോഗ്രാവിറ്റിയിലെ സസ്യവളർച്ച പഠിക്കാനും ബഹിരാകാശത്ത് ഭക്ഷ്യോൽപാദനം പര്യവേഷണം ചെയ്യാനും ലക്ഷ്യമിട്ടുള്ള നാസയുടെ ‘വെജ്ജി’ സസ്യവളർച്ച പരീക്ഷണത്തിന്റെ ഭാഗമായിരുന്നു ഈ പുഷ്പത്തിന്റെ പരീക്ഷണം. 2015 നവംബർ 16 ന് നാസ ബഹിരാകാശ യാത്രികനായ കെജെൽ ലിൻഡ്ഗ്രെൻ വെജി സിസ്റ്റവും ആണ് പൂച്ചെടിവിള പരീക്ഷണം ആരംഭിച്ചത്.
മനുഷ്യചരിത്രത്തിൽ ആദ്യമായാണ് ബഹിരാകാശത്ത് ഒരു പുഷ്പം വിരിയുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ISS) സസ്യങ്ങൾക്ക് വെളിച്ചവും പോഷകവിതരണവും നൽകുന്ന കുറഞ്ഞ ചെലവിലുള്ള വളർച്ചാചേമ്പറായ വെജ്ജി സൗകര്യത്തിലാണ് സീനിയ പൂക്കൾ വളർത്തിയത്. ബഹിരാകാശ യാത്രികൻ സ്കോട്ട് കെല്ലി, വിരിഞ്ഞുനിൽക്കുന്ന സീനിയയുടെ ഒരു ഫോട്ടോ പങ്കിട്ടതോടെയാണ് ബഹിരാകാശത്ത് ആദ്യമായി ഒരു പുഷ്പം വിരിഞ്ഞത് അന്ന് പുറം ലോകം അറിയുന്നത്.
ബഹിരാകാശത്ത് ഒരു പൂ വിരിയിക്കുന്നത് അത്ര എളുപ്പമല്ലെന്നും നിരവധി പ്രതിസന്ധികൾ നേരിട്ടാണെന്നും പ്രത്യേകം പറയേണ്ടതില്ലല്ലോ. ഈർപ്പം, പൂപ്പൽ വളർച്ച എന്നിവ നിയന്ത്രിക്കുന്നത് ഒരു പ്രശ്നമായതിനാൽ, ഗുരുത്വാകർഷണ വിരുദ്ധ അന്തരീക്ഷത്തിൽ ഒരു പുഷ്പം വിരിയിക്കുക എന്നത് വെല്ലുവിളി തന്നെയായിരുന്നു. പക്ഷേ, പൂക്കളെ പരിപാലിക്കുന്നതിലും അവ വിരിയിക്കുന്നതിലും ബഹിരാകാശ യാത്രികർ വിജയിച്ചു. സ്വയംപര്യാപ്തമായ ഒരു ഗ്രഹം പര്യവേക്ഷണം ചെയ്യുന്നതിനുള്ള ഭാവിശ്രമങ്ങൾക്ക് ഈ പരീക്ഷണം വഴിയൊരുക്കി.