Tuesday, November 26, 2024

കുടുംബത്തിനും കുട്ടികള്‍ക്കും സുരക്ഷിതമായ ജീവിതത്തിന് ഏറ്റവും അനുകൂലമായ സാഹചര്യങ്ങള്‍ ഒരുക്കി നല്‍കുന്ന അഞ്ച് രാജ്യങ്ങള്‍

കുടിയേറ്റം ഇന്ന് സര്‍വസാധാരണമായിരിക്കുകയാണ്, പ്രത്യേകിച്ച് കേരളത്തില്‍. മികച്ച വിദ്യാഭ്യാസവും ഉയര്‍ന്ന ജോലിയും ഉന്നത ജീവിതനിലവാരവും നോക്കിയാണ് ഓരോരുത്തരും കുടിയേറ്റം നടത്തുന്നതും. കഴിഞ്ഞ നൂറ്റാണ്ടുകളില്‍ നിന്ന് വ്യത്യസ്തമായി ഇന്ന് കുടിയേറുന്നവരെല്ലാം അവര്‍ എത്തിപ്പെടുന്ന രാജ്യത്ത് തന്നെ കുടുംബത്തോടൊപ്പം സ്ഥിരതാമസമാക്കാന്‍ താത്പര്യപ്പെടുന്നവരുമാണ്. സകുടുംബം, ആജീവനാന്തം സാമ്പത്തികവും അക്കാദമികവുമായി ഉയര്‍ന്ന നിലവാരത്തില്‍ ജീവിക്കാന്‍ സാധിക്കുന്നതും അതിന് അവസരം ഒരുക്കുന്നതുമായ രാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് തിരയുന്നവരാണ് വിദേശമോഹമുള്ളവരില്‍ അധികവും.

കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ഏറ്റവുമധികം സുരക്ഷയും സൗകര്യങ്ങളും അനുവദിക്കുന്ന, അതിനായി തീവ്രമായി പരിശ്രമിക്കുന്ന ഏതാനും രാജ്യങ്ങളെ പരിചയപ്പെടാം. യുണിസെഫ് വിവിധ വര്‍ഷങ്ങളിലായി വിവിധ വിഷയങ്ങള്‍ പരിഗണിച്ച് നടത്തിയ പഠനത്തില്‍ മുന്‍പന്തിയിലെത്തിയ രാജ്യങ്ങളാണ് ഇവയെല്ലാം…

ജപ്പാന്‍

കുട്ടികളുടെ ക്ഷേമത്തെക്കുറിച്ചുള്ള യുണിസെഫിന്റെ 2020 ലെ വിശകലനത്തില്‍, കുട്ടികളുടെ ശാരീരിക ആരോഗ്യത്തിന്റെ കാര്യത്തില്‍ ജപ്പാനാണ് ഒന്നാം സ്ഥാനത്ത്. കൂടാതെ, 2022-ലെ യുണിസെഫിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് കാര്‍ഡില്‍, കുട്ടികള്‍ വളരുന്ന ചുറ്റുപാടുകളെ പ്രത്യേകം വീക്ഷിച്ചപ്പോള്‍ സൗകര്യവും സുരക്ഷയും ഒരുക്കുന്ന കാര്യത്തില്‍ ജപ്പാന്‍ രണ്ടാം സ്ഥാനത്താണ്. കുട്ടികളുടെ പൊണ്ണത്തടി, ശിശുമരണ നിരക്ക്, കുട്ടികളെ മോശമായി ബാധിക്കുന്ന തരത്തിലുള്ള വായു അല്ലെങ്കില്‍ ജല മലിനീകരണം എന്നിവയും ജപ്പാനില്‍ കുറവാണ്. റോഡപകടങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, കുടുംബങ്ങള്‍ക്ക് ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളില്‍ ഒന്നാണിത്. ജപ്പാന്റെ മൊത്തത്തിലുള്ള കൊലപാതക നിരക്ക് യുണിസെഫ് വിലയിരുത്തിയിട്ടുള്ള രാജ്യങ്ങളില്‍ വച്ച് ഏറ്റവും താഴ്ന്നതാണ്.

അത്യധികം തിരക്കേറിയ ടോക്കിയോ നഗരത്തില്‍ പോലും കുട്ടികള്‍ തനിയെ നടന്ന് സ്‌കൂളില്‍ പോകുന്നത് തികച്ചും സാധാരണമാണ്. കാരണം അവിടെ ശരിക്കും സുരക്ഷിതമാണ്. കുട്ടികള്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന സ്വാതന്ത്ര്യത്തിലും ഇത് വലിയ സ്വാധീനം ചെലുത്തുന്നു. ഇതിനെല്ലാം പുറമേ, ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സംവിധാനങ്ങളിലൊന്നും ജപ്പാനിലാണ്. കുടുംബത്തിന്റേയും കുട്ടികളുടേയും കാര്യങ്ങള്‍ക്ക് ശ്രദ്ധ നല്‍കുന്നതിനായി ജോലി ചെയ്യുന്ന ഓരോ രക്ഷിതാവിനും ഏകദേശം 12 മാസത്തെ അവധിയും ജപ്പാനില്‍ നല്‍കുന്നുണ്ട്.

എസ്റ്റോണിയ

യുണിസെഫിന്റെ റാങ്കിംഗില്‍ എസ്റ്റോണിയ ഒന്നാം സ്ഥാനത്തല്ലെങ്കിലും, നിരവധി സുപ്രധാന വശങ്ങള്‍ പരിഗണിക്കുമ്പോള്‍ ഈ രാജ്യം മുന്‍പന്തിയിലാണുള്ളത്. മറ്റേതൊരു സമ്പന്ന രാജ്യത്തേക്കാളും കുറഞ്ഞ വായു മലിനീകരണം, കുറഞ്ഞ ശബ്ദ മലിനീകരണം, കുറവ് കീടനാശിനി പ്രയോഗം എന്നിവ ഇവിടുത്തെ പ്രത്യേകതയാണ്. യുഎസ്, കാനഡ, ഓസ്ട്രേലിയ, യുകെ എന്നിവയുള്‍പ്പെടെ മറ്റ് നിരവധി രാജ്യങ്ങളെ അപേക്ഷിച്ച് ഇവിടെ കൂടുതല്‍ ഹരിത ഇടങ്ങളുമുണ്ട്. കളിസ്ഥലങ്ങളും ധാരാളം. ഗര്‍ഭകാല പരിചരണത്തിന്റെ ഗുണനിലവാരത്തിലും എസ്റ്റോണിയ മുന്‍പന്തിയില്‍ തന്നെ.

എന്നിരുന്നാലും, ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്ന് എസ്റ്റോണിയയുടെ വിദ്യാഭ്യാസ സമ്പ്രദായമാണ്. ഇവിടുത്തെ കുട്ടികള്‍ക്ക് മറ്റേതൊരു രാജ്യത്തേക്കാളും മികച്ച സാക്ഷരതയുണ്ട്. ഡിജിറ്റല്‍ കഴിവുകള്‍ക്കും ഊന്നല്‍ നല്‍കുന്നു. കിന്റര്‍ഗാര്‍ട്ടനുകളിലടക്കം ഇതിനകം, റോബോട്ടിക്സ്, സ്മാര്‍ട്ട് ടാബ്ലെറ്റുകള്‍ തുടങ്ങിയവയെല്ലാം പ്ലേ-ബേസ്ഡ് ലേണിംഗിന്റെ ഭാഗമായി ഉപയോഗിക്കുന്നുണ്ട്.

ലോകത്തിലെ ഏതൊരു രാജ്യത്തേയും പോലെ ഏറ്റവും ഉദാരമായ നയങ്ങളിലൊന്ന് എസ്റ്റോണിയയിലുണ്ട്. 100 ദിവസത്തെ പ്രസവാവധിയും അതുപോലെ 30 ദിവസത്തെ പിതൃത്വ അവധിയും പിന്നീട് 475 ദിവസത്തെ പെയ്ഡ് പാരന്റല്‍ ലീവും ഉണ്ട്. കുട്ടിക്ക് മൂന്ന് വയസ്സ് തികയുന്നതു വരെ മാതാപിതാക്കള്‍ രണ്ടു പേര്‍ക്കും വീട്ടിലിരുന്ന് പാര്‍ട്ട് ടൈം ആയും ജോലി ചെയ്യാം. കുട്ടിക്ക് 14 വയസ്സ് തികയുന്നത് വരെ ഓരോ രക്ഷിതാവിനും ഓരോ കുട്ടിക്കും 10 പ്രവര്‍ത്തി ദിനത്തിന്റെ ശമ്പളത്തോടെയുള്ള രക്ഷാകര്‍തൃ അവധി ലഭിക്കും. വിദേശികള്‍ ഉള്‍പ്പെടെ എസ്‌റ്റോണിയയിലെ സ്ഥിര താമസക്കാര്‍ക്കും താല്‍ക്കാലിക താമസക്കാര്‍ക്കും ഈ അവധി ലഭ്യമാണ്.

സ്‌പെയിന്‍

വായു അല്ലെങ്കില്‍ ജല മലിനീകരണം മൂലമുള്ള കുട്ടികളുടെ രോഗാവസ്ഥയുടെ അളവ് സ്‌പെയിനില്‍ വളരെ കുറവാണ്. യുണിസെഫിന്റെ അഭിപ്രായത്തില്‍, സ്‌പെയിനിലെ കുട്ടികള്‍ക്ക് ഉയര്‍ന്ന ക്ഷേമമുണ്ട്. മാനസികവും അക്കാദമികവും സാമൂഹികവുമായ കഴിവുകളുടെ കാര്യത്തില്‍ സ്‌പെയിനിലെ കുട്ടികള്‍ നാലാം സ്ഥാനത്താണ്. കൗമാരക്കാരുടെ ആത്മഹത്യ നിരക്കും ഏറ്റവും കുറഞ്ഞ സമ്പന്ന രാജ്യങ്ങളിലൊന്നാണ് സ്‌പെയിന്‍. റെസ്റ്റോറന്റുകള്‍, ബാറുകള്‍, തിയറ്ററുകള്‍ തുടങ്ങി എവിടേയും ഏതു പ്രായത്തിലുള്ള കുട്ടികളേയും കൊണ്ടുപോകുന്നതിനും ഇവിടെ വിലക്കില്ല.

രക്ഷാകര്‍തൃ അവധി സ്‌പെയിനിലും ആവശ്യത്തിനുണ്ട്. മാതാവിനും പിതാവിനും അവരുടെ വേതനത്തിന്റെ 100% നല്‍കിക്കൊണ്ട് 16 ആഴ്ചത്തെ അവധി ലഭിക്കും (ഫ്രീലാന്‍സര്‍മാരും ഇതിന് യോഗ്യരാണ്). അതിനുശേഷം അമ്മയ്ക്ക് മൂന്ന് വര്‍ഷം വരെ ശമ്പളമില്ലാത്ത അവധി എടുക്കാം. സ്‌പെയിനിലെ സോഷ്യല്‍ സെക്യൂരിറ്റി സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏതൊരു നിയമപരമായ താമസക്കാരനും ഈ ആനുകൂല്യങ്ങള്‍ ലഭ്യമാണ്.

ഫിന്‍ലാന്‍ഡ്

പരിസ്ഥിതി സൗഹാര്‍ദ്ദം എന്ന ഘടകം കൂടാതെ കുട്ടികളുടെ സാക്ഷരതയും ഗണിത വൈദഗ്ധ്യവും കണക്കിലെടുത്ത് ലോകത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന രാജ്യങ്ങളിലൊന്നാണ് ഫിന്‍ലാന്‍ഡ് എന്ന് യുണിസെഫ് വിലയിരുത്തുകയുണ്ടായി. 5-14 വയസ് പ്രായമുള്ള കുട്ടികളുടെ മരണനിരക്ക് ലോകത്തിലെ തന്നെ ഏറ്റവും താഴ്ന്നിരിക്കുന്നത് ഈ രാജ്യത്താണ്. കൂടാതെ, എട്ട് ആഴ്ചത്തെ പേയ്ഡ് മെറ്റേണിറ്റി ലീവ്, മാതാപിതാക്കള്‍ക്ക് 14 മാസത്തെ ശമ്പളത്തോടുകൂടിയ രക്ഷാകര്‍തൃ അവധി, കുട്ടിക്ക് മൂന്ന് വയസ്സ് തികയുന്നത് വരെ അധിക ശിശു സംരക്ഷണ അവധി എന്നിവയുള്‍പ്പെടെ രാജ്യം ഉദാരമായ രക്ഷാകര്‍തൃ അവധി വാഗ്ദാനം ചെയ്യുന്നു.

നെതര്‍ലന്‍ഡ്‌സ്

കുട്ടികളുടെ ക്ഷേമത്തിനായുള്ള യുണിസെഫിന്റെ മൊത്തത്തിലുള്ള ലിസ്റ്റില്‍ മുന്നില്‍ വരുന്നത് നെതര്‍ലാന്‍ഡ്സാണ്. 15 വയസ്സുള്ള 10-ല്‍ ഒമ്പത് പേരും തങ്ങള്‍ക്ക് ഉയര്‍ന്ന ജീവിത സംതൃപ്തിയുണ്ടെന്ന് പറയുന്നു.

ഗ്രൂപ്പുകള്‍, ക്ലബ്ബുകള്‍, കമ്മ്യൂണിറ്റി പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കൊപ്പം സോഷ്യലൈസിംഗിനും വലിയ ഊന്നല്‍ ഇവിടെ ഉണ്ട്. ഡച്ച് വെല്‍ഫെയര്‍ സിസ്റ്റം വളരെയധികം ശക്തവും ദൃഢവുമാണ്. നെതര്‍ലാന്‍ഡ്സ് മാതാപിതാക്കള്‍ക്കും ധാരാളം പിന്തുണ വാഗ്ദാനം ചെയ്യുന്നു. ഇവിടുത്തെ കുടുംബ അവധി നയം ഒരു ഉദാഹരണമാണ്. ഇതില്‍, കുറഞ്ഞത് 16 ആഴ്ച നിര്‍ബന്ധിതവും പൂര്‍ണമായി ശമ്പളം ലഭിക്കുന്നതുമായ പ്രസവാവധിയും ആറാഴ്ച വരെ ശമ്പളമുള്ള പിതൃത്വ അവധിയും കുട്ടിക്ക് എട്ട് വയസ്സ് തികയുന്നതുവരെ എടുക്കാവുന്ന ശമ്പളമില്ലാത്ത രക്ഷാകര്‍തൃ അവധിയും ഉള്‍പ്പെടുന്നു. രാജ്യത്ത് നിയമപരമായി ജീവിക്കുകയും ജോലിചെയ്യുകയും ചെയ്യുന്ന ആര്‍ക്കും ഇത് ലഭ്യമാണ്.

Latest News