Sunday, November 24, 2024

വാനോളം ഉയരം, വാനോളം അഭിമാനം! ഘാനയിലെ ഭീമന്‍, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യന്‍

വടക്കന്‍ ഘാനയിലെ 29 കാരനായ സുലൈമാന അബ്ദുള്‍ സമീദിന് 9 അടി 6 ഇഞ്ച് (2.89 മീറ്റര്‍) ആണ് ഉയരം. ഇക്കാരണത്താല്‍ തന്നെ അദ്ദേഹമാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനെന്നും റിപ്പോര്‍ട്ട് പുറത്തുവന്നു. പക്ഷേ ഘാനയിലെ ഗ്രാമീണ ക്ലിനിക്കിന് അളവെടുക്കല്‍ ഉപകരണങ്ങളുടെ അഭാവം ഉണ്ടായതിനാല്‍ സമീദിന്റെ ഉയരം ഉറപ്പാക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് ലോകത്തിലെ ഏറ്റവും ഉയരമുള്ള വ്യക്തിയെന്ന ഔദ്യോഗിക അംഗീകാരം സമീദിന് ലഭിച്ചിട്ടില്ല.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ജൈജാന്റിസം അഥവാ ഭീമാകാരത്വം എന്ന രോഗനിര്‍ണയം ഈ യുവാവ് നടത്തിയത്. ഈ ശാരീരികാവസ്ഥ കാരണം അനേകം സങ്കീര്‍ണതകള്‍ സമീദിന് നേരിടേണ്ടി വരുന്നുണ്ട്. എന്തെങ്കിലും ആവശ്യത്തിനായി ശാരീരിക അളവെടുക്കാന്‍ പോയാലും സ്‌കെയിലിനേക്കാള്‍ പൊക്കമുള്ളതിനാല്‍ അതുപോലും കൃത്യമായി നടത്താനാവില്ല. നിരവധി ആളുകളുടെ സഹായത്തോടെ മാത്രമേ സമീദിന്റെ ഉയരം കണക്കാക്കാനാവൂ.

ഇപ്പോഴും വളരുന്നു

അയല്‍പക്കത്തെ ഒട്ടുമിക്ക വീടുകളേക്കാളും ഉയരമുണ്ട് സമീദിന്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഏഴടി നാലിഞ്ച് ആയിരുന്നു അദ്ദേഹത്തിന്റെ ഉയരം. ഓരോ മൂന്ന് മാസവും നാല് മാസം കൂടുമ്പോള്‍ സമീദ് വളരുന്നു. അങ്ങനെയാണിപ്പോള്‍ റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയിരിക്കുന്നത്.

വികസിക്കുന്ന നാവ്

സമീദിന് 22 വയസ്സുള്ളപ്പോള്‍ ഘാനയുടെ തലസ്ഥാനമായ അക്രയില്‍ താമസിക്കുമ്പോഴാണ് ഉയരത്തിലെ ഈ വര്‍ദ്ധനവ് ശ്രദ്ധിക്കാന്‍ തുടങ്ങിയത്. സെക്കണ്ടറി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം, തന്റെ ഒരു സഹോദരന്‍ താമസിക്കുന്ന നഗരത്തിലേക്ക് സമീദ് മാറി. അവിടെ ഒരു കശാപ്പുശാലയില്‍ ജോലി ചെയ്തു പോന്നു.

എന്നാല്‍ ഒരു പ്രഭാതത്തില്‍ അദ്ദേഹം ഉണര്‍ന്നത് ശ്വസിക്കാന്‍ കഴിയാത്തവിധം തന്റെ നാവ് വികസിച്ചതായി മനസ്സിലാക്കിക്കൊണ്ടാണ്. താത്കാലിക ആശ്വാസത്തിനായി കുറച്ച് മരുന്നുകള്‍ വാങ്ങി കഴിച്ചെങ്കിലും ദിവസങ്ങള്‍ക്ക് ശേഷം തന്റെ ശരീരത്തിന്റെ മറ്റെല്ലാ ഭാഗങ്ങളും വലിപ്പം കൂടാന്‍ തുടങ്ങിയെന്ന് അദ്ദേഹം മനസ്സിലാക്കി. നാട്ടിലും വീട്ടിലുമെല്ലാം ഇക്കാര്യം വലിയ ചര്‍ച്ചാ വിഷയവുമായി. ഈ ഘട്ടത്തിലാണ് താന്‍ ക്രമേണ ഒരു ഭീമനായി മാറുകയാണെന്ന് അയാള്‍ മനസ്സിലാക്കിയത്. അസാധാരണമായ ശാരീരിക വളര്‍ച്ച മറ്റ് സങ്കീര്‍ണതകള്‍ കൂടി കൊണ്ടുവന്നതിനാല്‍ അദ്ദേഹം വൈദ്യസഹായം തേടി.

ജനിതക വൈകല്യമായ മാര്‍ഫാന്‍ സിന്‍ഡ്രോം എന്ന രോഗാവസ്ഥയാണ് കാരണമെന്നും പ്രധാന ലക്ഷണങ്ങളിലൊന്നാണ് നട്ടെല്ല് അസാധാരണമായി വളയുന്നതെന്നും ഇത് നീളമുള്ള കൈകാലുകള്‍ക്ക് കാരണമാകുമെന്നും സമീദ് മനസിലാക്കി. രോഗം സങ്കീര്‍ണമായാല്‍ ഹൃദയ വൈകല്യങ്ങളും ഉണ്ടാകുമത്രേ. വളര്‍ച്ച തടയാന്‍ തലച്ചോറില്‍ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ ഘാനയുടെ പബ്ലിക് ഹെല്‍ത്ത് കെയര്‍ ഇന്‍ഷുറന്‍സിന് അതിനുള്ള ശേഷിയില്ല. ഓരോ ആശുപത്രി സന്ദര്‍ശനത്തിനും അദ്ദേഹത്തിന് നല്ലൊരു തുക ചെലവാകുകയും ചെയ്യുന്നു.

ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ആറ് വര്‍ഷം മുമ്പ് സ്വന്തം ഗ്രാമത്തിലേക്ക് സമീദ് മടങ്ങി. ഡ്രൈവറാകാനുള്ള സ്വപ്‌നങ്ങളും ഉപേക്ഷിച്ചു. സഹോദരനൊപ്പമാണ് സമീദ് ഇപ്പോള്‍ താമസിക്കുന്നത്. ‘ഞാന്‍ ഡ്രൈവിംഗ് സ്‌കൂളില്‍ പോകാന്‍ പ്ലാന്‍ ചെയ്യുകയായിരുന്നു, പക്ഷേ ഞാന്‍ സീറ്റ് പിന്നിലേക്ക് മാറ്റിയാല്‍ പോലും, എനിക്ക് സ്റ്റിയറിംഗ് വീല്‍ പിടിക്കാന്‍ കഴിയില്ല. എനിക്ക് എന്റെ കാല്‍ നീട്ടാന്‍ കഴിയില്ല, കാരണം എന്റെ കാല്‍മുട്ട് ചക്രത്തില്‍ തട്ടും. മറ്റെല്ലാ ചെറുപ്പക്കാരെയും പോലെ ഞാനും ഫുട്‌ബോള്‍ കളിക്കുമായിരുന്നു, അത്‌ലറ്റ് ആയിരുന്നു, എന്നാല്‍ ഇപ്പോള്‍ എനിക്ക് ചെറിയ ദൂരം പോലും നടക്കാന്‍ കഴിയില്ല’. സമീദ് പറയുന്നു.

പ്രാദേശിക സെലിബ്രിറ്റി

എന്നാല്‍ തന്റെ പ്രശ്നങ്ങള്‍ കൊണ്ട് സ്വയം തളര്‍ത്താന്‍ സമീദ് തയാറല്ല. ഗ്രാമത്തിലൂടെ അഭിമാനത്തോടെ തന്നെ അയാള്‍ നടക്കുന്നു. ആളുകള്‍ സമീദിനെ കാണുമ്പോള്‍ അഭിവാദ്യം ചെയ്യുന്നു, കുശലം പറയുന്നു, ആലിംഗനം ചെയ്യുന്നു, വിശേഷങ്ങളും ആരായുന്നു. ചിലര്‍ അദ്ദേഹത്തോടൊപ്പം സെല്‍ഫിയെടുക്കാനും എത്തുന്നു. ചുരുക്കിപ്പറഞ്ഞാല്‍ പ്രാദേശിക സെലിബ്രിറ്റിയായാണ് സമീദിന്റെ ഇപ്പോഴത്തെ ജീവിതം.

തന്റെ കുടുംബത്തിന്റെ വൈകാരിക പിന്തുണയാണ് സമീദിന്റെ ഏറ്റവും വലിയ ബലം. അതില്‍ അദ്ദേഹം വളരെയധികം നന്ദിയുള്ളവനുമാണ്. വിവാഹം കഴിക്കാനും കുട്ടികളെ വളര്‍ത്താനും സമീദ് ആഗ്രഹിക്കുന്നു. പക്ഷേ ആദ്യം തന്റെ ആരോഗ്യം ക്രമീകരിക്കുന്നതിലാണ് സമീദ് ശ്രദ്ധിക്കുന്നത്. കണങ്കാലിലും കാലിലും ഉണ്ടാകുന്ന ഗുരുതരമായ ത്വക്ക് രോഗം പരിഹരിക്കുന്നതിനായി പ്ലാസ്റ്റിക് സര്‍ജറിക്ക് പണം കണ്ടെത്തുക എന്നതാണ് അദ്ദേഹത്തിന്റെ പ്രഥമ പരിഗണന.

‘ഇങ്ങനെയാണ് അള്ളാഹു എന്നെ തിരഞ്ഞെടുത്തത്, എനിക്ക് കുഴപ്പമില്ല, ദൈവം എന്നെ സൃഷ്ടിച്ച രീതിയില്‍ എനിക്ക് ഒരു പ്രശ്‌നവുമില്ല’. പുഞ്ചിരിയോടെ സമീദ് പറയുന്നു.

Latest News