അനേകം കത്തുകളാണ് ഉമ്മൻ ചാണ്ടിയുടെ കബറിടത്തിന്റെ മൂന്നു വശങ്ങളിലായി തൂക്കിയിട്ടിരിക്കുന്നത്. എല്ലാ കത്തുകളിലും സ്നേഹവും നന്ദിയും നിറഞ്ഞു നിൽക്കുന്നു. ചില കത്തുകളിൽ പരിഹാരമാവശ്യമുള്ള സങ്കടങ്ങളും വേദനകളും. ഒരു കത്തിൽ ഉമ്മന്‍ ചാണ്ടിയെ, സംബോധന ചെയ്തിരിക്കുന്നത്, ‘ക്രിസ്തുവിനുശേഷം വന്ന മനുഷ്യാവതാരം’ എന്നാണ്. എന്തു സ്നേഹമാണാ വാക്കുകളിൽ! “ശ്രീ. ഉമ്മന്‍ ചാണ്ടി അങ്ങ് ജനലക്ഷങ്ങളിലൂടെ ഓര്‍മ്മിക്കപ്പെടും” എന്ന് രേഖപ്പെടുത്തിയാണ് ആ കത്ത് അവസാനിക്കുന്നത്. വരൂ നമുക്കാ കബറിടത്തിൽ ഒരിക്കൽ കൂടി പോകാം. തുടർന്നു വായിക്കുക.
“സാര്‍, അങ്ങയുടെ മരണം എന്നെ അതിയായി വേദനിപ്പിച്ചു. അങ്ങയുടെ കബറിടത്തിലേക്കുള്ള ആയിരങ്ങളുടെ വരവ് എന്നെയും ആകര്‍ഷിച്ചു. സാര്‍ ഇപ്പോള്‍ ക്രിസ്തുവിന്‍റെ സമീപത്തുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിനാല്‍ എന്‍റെ ആവശ്യങ്ങള്‍ സാറിനെ ഏല്പിക്കുന്നു. അങ്ങ് ക്രിസ്തുവിനോട് ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കണമേ” – സ്നേഹിക്കുന്നവരെയും എതിര്‍ക്കുന്നവരെയും ഉള്‍ക്കൊണ്ട നീതിമാന്‍റെ കബറിടത്തില്‍ നിന്നുള്ള വാക്കുകളാണിത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കബറിടത്തില്‍ നിന്നുള്ള കാഴ്ചകള്‍.
“ഈ കത്തുമായി വരുന്നയാളെ സഹായിക്കണം – ഉമ്മന്‍ ചാണ്ടി.” എം.എല്‍.എയും, മുഖ്യമന്ത്രിയും, പ്രതിപക്ഷനേതാവും ആയിരുന്നപ്പോഴും സഹായം വേണ്ടവര്‍ക്ക് ഉമ്മന്‍ ചാണ്ടി നല്‍കുന്ന കത്തിലെ ഉള്ളടക്കം ഇത്രമാത്രമായിരുന്നു. ഒരു കടലാസിൽ എഴുതിയ ഈ ചെറിയ വരികള്‍ രക്ഷപെടുത്തിയത് അനേകരുടെ ജീവിതങ്ങളെയാണ്. ഇന്നും ഉമ്മന്‍ ചാണ്ടി സാറിന്‍റെ ജനസമ്പര്‍ക്ക പരിപാടികളില്‍ മാറ്റമൊന്നുമില്ല. മുന്‍പ് പുതുപ്പള്ളിയിലെ വീട്ടിലായിരുന്നു അതെങ്കില്‍, ഇന്നത് പുതുപ്പള്ളിപ്പള്ളിയില്‍, അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന കബറിടത്തിനു മുന്നിലാണെന്നുമാത്രം. അതെ, പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിലെ പുണ്യാളച്ചനുപുറമേ, തന്‍റെ തികഞ്ഞ ഭക്തനായിരുന്ന നീതിമാനായ ഉമ്മന്‍ ചാണ്ടി എന്ന ഒരു മനുഷ്യന്‍റെകൂടി തീർത്ഥാടനകേന്ദ്രമായി ഈ ദേവാലയം മാറികൊണ്ടിരിക്കുകയാണ്.
ഞായറാഴ്ചകളിൽ പുതുപ്പള്ളിയിലെ പള്ളിയിൽച്ചെന്ന് പ്രാർഥിക്കുക എന്നത് ഉമ്മൻ ചാണ്ടിയുടെ തെറ്റാത്ത ശീലങ്ങളിലൊന്നായിരുന്നു. മുഖ്യമന്ത്രിയായിരുന്നപ്പോഴും ആ പതിവ് തെറ്റിച്ചിട്ടില്ല. എന്നാൽ, ഇപ്പോൾ ഞായറാഴ്‌ച്ചകളിൽ പ്രാർഥനയ്ക്കെത്തുന്നവരും സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവരും അദ്ദേഹത്തിന്‍റെ കല്ലറ സന്ദർശിക്കാനെത്തുന്നു. ആ മനുഷ്യനുവേണ്ടി കല്ലറയ്ക്കു മുന്നിലെത്തി പ്രാർഥിക്കുന്നു, ആവശ്യങ്ങള്‍ നടത്തിത്തരാന്‍ കത്തുകള്‍ എഴുതി കബറിടത്തില്‍ സമര്‍പ്പിക്കുന്നു, കണ്ണീരൊഴുക്കുന്നു. ദൈവത്തിന്‍റെ മുന്നില്‍ തങ്ങള്‍ക്കായി പ്രാര്‍ഥിക്കണമേയെന്ന് അപേക്ഷിക്കുന്നു.
ഉമ്മന്‍ചാണ്ടി സാറിന്‍റെ കബറിടത്തിനുമുന്നില്‍ ഒരു കുട്ടിയുടെ കയ്യക്ഷരമെന്നു തോന്നിക്കുന്ന ഒരു കത്തില്‍ പറയുന്നത് വളരെ പ്രസക്തമായ ഒരു കാര്യമാണ്.
“ഇവിടെ ഒരു വിശുദ്ധന്‍ മധ്യസ്ഥത ചെയ്യുന്നു.”
അതെ, പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ്, അയാൾ അവര്‍ക്കൊരു വിശുദ്ധനാണ്. വിവിധ ദേശങ്ങളിൽനിന്നും വിവിധ തുറകളിൽനിന്നും ഉമ്മന്‍ ചാണ്ടിയുടെ കല്ലറതേടി ഒഴുകിയെത്തുന്നവര്‍ പുതുപ്പള്ളിക്കാര്‍ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളില്‍ നിന്നുപോലും ആളുകള്‍ അദ്ദേഹത്തിന്‍റെ അന്ത്യവിശ്രമ ഇടത്തെ ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നു.
“ഞാന്‍ അങ്ങയുടെ കല്ലറയില്‍ വന്നത് അങ്ങയോടുള്ള സ്നേഹത്തിന്‍റെ പ്രതീകമായിട്ടാണ്. ഞങ്ങള്‍ അങ്ങേക്കുവേണ്ടി പ്രര്‍ഥിക്കുന്നു. സ്വര്‍ഗത്തിലിരുന്നു ഞങ്ങള്‍ക്കുവേണ്ടിയും പ്രാര്‍ഥിക്കണമേ” – തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ഊട്ടിയില്‍ നിന്നെത്തിയ ഒരാളുടെ കത്തിലെ ഉളളടക്കമാണിത്.
ചില കത്തുകളില്‍ ബാങ്കു വായ്പ ലഭിക്കുന്നതിനും, ദിവസവേതനം ലഭിക്കാത്തത്തില്‍ ഇടപെടണമെന്നുമൊക്കെയുമുള്ള ആവശ്യങ്ങള്‍ പറയുന്നു.
മറ്റുചിലര്‍ ഉമ്മന്‍ ചാണ്ടിയില്‍ നിന്നും അനുഭവിച്ചതും അറിഞ്ഞതുമായ നന്മകള്‍ തങ്ങളുടെ ജീവിതസാക്ഷ്യങ്ങള്‍ കവിതാ രൂപത്തില്‍ എഴുതിയാണ് സമര്‍പ്പിച്ചിരിക്കുന്നത്. ‘സമാധാനത്തിന്‍റെ വെള്ളരിപ്രാവ്’ എന്ന് തലവാചകം നല്‍കിയിരിക്കുന്ന കവിതയില്‍ ഉമ്മന്‍ ചാണ്ടി എന്ന വ്യക്തി ആരായിരുന്നു എന്നു വ്യക്തം.
‘ദുഃഖിക്കുന്നവര്‍ക്ക് ആശ്വാസമായി,
ആലംബമറ്റവര്‍ക്ക് ആശ്രയമായി,
വീടില്ലാത്തോര്‍ക്കെന്നും തുണയായി
ആത്മമിത്രമായി ഇവിടെ വാണിരുന്നു…’
ജീവിച്ചിരുന്നപ്പോൾ ഉമ്മന്‍ചാണ്ടി പകർന്ന വെളിച്ചം അണയാത്ത മെഴുകുതിരിവെട്ടമായി കല്ലറയ്ക്കുമുന്നിൽ ഇപ്പോഴും പടരുകയാണ് എന്നതാണു സത്യം. ജനങ്ങളെ സ്നേഹിച്ച ഉമ്മന്‍ ചാണ്ടിയെ, മറ്റൊരു കത്തില്‍ സംബോധന ചെയ്യുന്നത്, ‘ക്രിസ്തുവിനുശേഷം വന്ന മനുഷ്യാവതാരം’ എന്നാണ്. “ശ്രീ. ഉമ്മന്‍ ചാണ്ടി അങ്ങ് ജനലക്ഷങ്ങളിലൂടെ ഓര്‍മ്മിക്കപ്പെടും” എന്ന് രേഖപ്പെടുത്തിയാണ് ആ കത്ത് അവസാനിക്കുന്നത്.
ഇതുകൂടാതെയും നിരവധി കത്തുകളാണ് ഉമ്മന്‍ ചാണ്ടിയുടെ കബറിടത്തിലുള്ളത്. അവയില്‍ വീടുനിര്‍മ്മാണത്തിലെ തടസ്സം നീങ്ങുന്നതും, കടബാധ്യത മാറുന്നതും തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉൾപ്പെട്ടിട്ടുണ്ട്. വീടുപണിക്കായി ലോണ്‍ എടുത്ത നാലര ലക്ഷം രൂപയില്‍ ഒരുലക്ഷം രൂപ സഹകരണ ബാങ്ക് ജീവനക്കാര്‍ കബളിപ്പിച്ച ഒരു വ്യക്തിയുടെ പരാതിയും ഉമ്മന്‍ ചാണ്ടി സാറിന്‍റെ കല്ലറയിലുണ്ട്. “എനിക്ക് നീതി കിട്ടുമോ?” എന്നാണ് ആ കത്തിന്‍റെ ഒടുവില്‍ കറുത്ത നിറത്തില്‍ ബോള്‍ഡായി കുറിച്ചിരിക്കുന്നത്.
ഉമ്മന്‍ ചാണ്ടി എന്ന നീതിമാനായ ഭരണാധികാരിയില്‍ ജനങ്ങളുടെ പ്രതീക്ഷ വ്യക്തമാക്കുന്നതാണ് ഈ കത്തുകളിലെ ഒരോ വാക്കും. ഇങ്ങനെ സ്നേഹിക്കുന്നവരെയും എതിര്‍ക്കുന്നവരെയും ഒരുപോലെ ഉള്‍ക്കൊണ്ട മരിക്കാത്ത രാഷ്ട്രീയക്കാരന്‍റെ ഏറ്റവും വലിയ ജനസമ്പര്‍ക്ക പരിപാടി പുതുപ്പള്ളിയില്‍ തുടരുകയാണ്. ഉമ്മന്‍ ചാണ്ടിയുടെ അന്ത്യവിശ്രമ സ്ഥലത്തേക്കുള്ള ഈ ജനപ്രവാഹം കാണുമ്പോള്‍ പറയാതെ വയ്യ, അയാള്‍ അവര്‍ക്കൊരു വിശുദ്ധനാണ്!