‘സഹോദരാ, ഇത്ര നാളും ഞങ്ങള്‍ നിന്നെ അന്വേഷിക്കുകയായിരുന്നു…നീ ജീവിച്ചിരിപ്പുണ്ടെന്ന് ഞങ്ങള്‍ കരുതി’. കീവിന്റെ പ്രാന്തപ്രദേശത്തുള്ള യുക്രേനിയന്‍ പട്ടണമായ ബുച്ചയിലെ ഒരു കൂട്ടക്കുഴിമാടത്തിന്റെ അരികില്‍ നിന്ന് നിലവിളിച്ച് കരയുകയാണ് വ്ളാഡിമിര്‍ എന്ന ചെറുപ്പക്കാരന്‍. ഒരാഴ്ചയിലേറെയായി കാണാതായ സഹോദരന്‍ ദിമിത്രിയെ അന്വേഷിക്കുന്നതിനിടെ നാട്ടുകാരാണ് പറഞ്ഞത് അവനെ ഇവിടെ അടക്കിയിട്ടുണ്ടാവുമെന്ന്.
തന്റെ സഹോദരനെ അവിടെ അടക്കം ചെയ്തിട്ടുണ്ടെന്ന് താന്‍ വിശ്വസിക്കുന്നുവെന്ന് വ്‌ളാഡിമിര്‍ പറയുന്നു. എന്നാല്‍ അക്കാര്യം തനിക്ക് കൃത്യമായി അറിയാന്‍ കഴിയുന്നില്ല എന്നതാണ് സങ്കടകരമായ യാഥാര്‍ത്ഥ്യമെന്നും അയാള്‍ മനസിലാക്കുന്നു.
റഷ്യന്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരില്‍ ചിലരെ മാത്രമേ ഇപ്പോള്‍ അടക്കം ചെയ്യാറുള്ളു. ചെയ്താല്‍ തന്നെ ശവക്കുഴിക്കുള്ളില്‍, കറുത്ത പ്ലാസ്റ്റിക് ബാഗുകളിലാക്കി മൃതദേഹങ്ങള്‍ ഒന്നിന് മുകളില്‍ മറ്റൊന്നായി അടുക്കുകയാണ് ചെയ്യുന്നത്. 150 പേരെയെങ്കിലും ഈ കൂട്ടക്കുഴിമാടത്തില്‍ മാത്രം കുഴിച്ചിട്ടിട്ടുണ്ടെന്ന് കൈവ് റീജിയണല്‍ പോലീസും പ്രദേശവാസികളും പറയുന്നു. എന്നാല്‍ ബുച്ച മേയര്‍ പറയുന്നത് മരണസംഖ്യ 300 വരെയാകാമെന്നാണ്.
റഷ്യയുടെ യുക്രെയിന്‍ അധിനിവേശത്തിന്റെ തുടക്കത്തില്‍ തന്നെ സെന്റ് ആന്‍ഡ്രൂ ആന്‍ഡ് പിയര്‍വോസ്വന്‍നോ ഓള്‍ സെയിന്റ്സ് പള്ളിയുടെ പുറകിലുള്ള ഈ ശവകുടീരം ആഴത്തില്‍ കുഴിച്ചെടുക്കാന്‍ തുടങ്ങിയിരുന്നു. കാരണം കൈവിലെ മരണസംഖ്യ അത്രത്തോളമായിരിക്കുമെന്ന് അവര്‍ ഊഹിച്ചിരുന്നു.
ഇപ്പോള്‍, കൈവിനു ചുറ്റുമുള്ള പ്രദേശങ്ങളില്‍ നിന്ന് റഷ്യന്‍ സൈന്യം പിന്‍വാങ്ങുമ്പോള്‍, മോസ്‌കോയുടെ യുക്രെയ്ന്‍ അധിനിവേശത്തിന്റെ ഭീകരത കൂടുതലായി വെളിച്ചത്തുവരികയാണ്. റഷ്യ കൊണ്ടുവന്ന മരണവും നാശവും ബുച്ചയില്‍ വ്യക്തമായി കാണാം. അവിടെ പ്രാന്തപ്രദേശത്തെ തെരുവുകളില്‍ മൃതദേഹങ്ങള്‍ കാണാം, അവയില്‍ ചിലരുടെ കൈകള്‍ പുറകില്‍ കെട്ടിയ നിലയിലാണ്. തകര്‍ന്ന റോഡുകള്‍ റഷ്യന്‍ കവചിത വാഹനങ്ങളും ടാങ്കുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. വാഹനങ്ങള്‍ തുരുമ്പെടുക്കുന്നു. മോസ്‌കോയ്ക്ക് സംഭവിച്ച നഷ്ടങ്ങളുടെ തെളിവും ഈ നഗരത്തിലുണ്ടെന്ന് സാരം.
കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും തീര്‍ത്തും നശിച്ചിരിക്കുകയാണ്. വളരെ കുറച്ച് വീടുകള്‍ മാത്രം കേടുപാടുകള്‍ കൂടാതെ അവശേഷിക്കുന്നു. എങ്കിലും റഷ്യയുടെ ആക്രമണത്തിന് ശേഷം ഭൂരിഭാഗവും താമസയോഗ്യമല്ല. യുക്രേനിയക്കാരും റഷ്യക്കാരും പ്രദേശത്തിന്റെ നിയന്ത്രണത്തിനായി പോരാടിയപ്പോള്‍, മുഴുവന്‍ ബഹുനില കെട്ടിടങ്ങളും പീരങ്കി ഷെല്ലുകളാല്‍ നശിപ്പിക്കപ്പെട്ടു. അവശിഷ്ടങ്ങള്‍ക്കടിയില്‍ മൃതദേഹങ്ങള്‍ കിടക്കുന്നുണ്ടെന്ന് ജനങ്ങള്‍ ഭയപ്പെടുന്നുവെന്നും യഥാര്‍ത്ഥ മരണസംഖ്യ ഇപ്പോഴും അളക്കാന്‍ കഴിയില്ലെന്നും അധികൃതര്‍ പറയുന്നു.