യുദ്ധക്കെടുതിയിൽ പൊറുതിമുട്ടിയിരിക്കുന്ന കിഴക്കൻ മേഖലയിൽ നിന്നും താരതമ്യേന സമാധാനപരമായ പടിഞ്ഞാറൻ ഉക്രേനിയൻ നഗരമായ എൽവിവിലെ ഒരു സ്‌റ്റേഷനിലേക്ക് ഒരു ട്രെയിൻ വന്നു നിന്നു. അതിലൊരു ബോഗി തുറന്നു പരിക്കേറ്റ രണ്ട് യുവാക്കളെ സ്‌ട്രെച്ചറിൽ പുറത്തേക്കിറക്കി. മാസങ്ങളായി റഷ്യൻ സൈന്യം ഷെല്ലാക്രമണം നടത്തുന്ന കിഴക്കൻ ഡോൺബാസ് മേഖലയിലെ ബഖ്മുട്ട് നഗരത്തിൽ കഴിഞ്ഞ ദിവസം ബോംബ് സ്‌ഫോടനത്തിൽ പരിക്കേറ്റവരായിരുന്നു ഇരുവരും. അവരുടെ മുഖങ്ങളിൽ നിന്നും വ്യക്തമായിരുന്നു ഇരുവരും വളരെ ഗുരുതരമായി പരിക്കേറ്റിരുന്നുവെന്ന്…
യുദ്ധത്തിന്റെ നടുവിലും ഇത്തരത്തിൽ പരിക്കേറ്റവർക്ക് ആശ്വാസമായി മാറുകയാണ് ഹോസ്പിറ്റൽ ട്രെയിൻ. നിലവിൽ ഉക്രെയ്‌നിലെ അറിയപ്പെടുന്ന ഏക മെഡിക്കൽ ട്രെയിൻ പ്രവർത്തിപ്പിക്കുന്നത് എംഎസ്‌എഫ് ആണ്. കിഴക്കൻ പ്രദേശങ്ങളിലെ ആശുപത്രികളിൽ നിന്ന് രോഗികളെ ഇപ്പോൾ സുരക്ഷിതമെന്ന് കരുതുന്ന പടിഞ്ഞാറൻ പ്രദേശങ്ങളിലെ ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നതിനാണ് പ്രധാനമായും ഈ മെഡിക്കൽ ട്രെയിൻ ഉപയോഗിക്കുന്നത്. ട്രെയിനിന്റെ ബോഗികളിലെ സീറ്റുകൾ നീക്കം ചെയ്ത് കിടക്കകൾ, ഓക്‌സിജൻ, മെഡിക്കൽ ഉപകരണങ്ങൾക്കുള്ള ജനറേറ്ററുകൾ, തീവ്രപരിചരണ വിഭാഗം എന്നിവയാൽ പുനർക്രമീകരിച്ചിരിക്കുകയാണ്.
‘പുതിയ ജീവിതത്തിന്റെ പ്രതീക്ഷയുമായി സഞ്ചരിക്കുന്ന ആശുപത്രി ട്രെയിൻ’- ഓർമകളുമായി ഡോ. നതാലിയ കിനിവ്
നതാലിയ കിനിവ് അന്താരാഷ്ട്ര ജീവകാരുണ്യ സംഘടനയായ ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സിലെ (MSF) ഒരു ഡോക്ടറാണ്. 35 -കാരിയായ ഈ ഡോക്ടറിന് ആശുപത്രി ട്രെയിനിലെ സേവനം സമ്മാനിക്കുന്നത് വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ്. ചോരയുടെയും കണ്ണുനീരിന്റെയും താഴ്വരയിലൂടെ പുതിയ ജീവിതത്തിന്റെ പ്രതീക്ഷയുമായി സഞ്ചരിക്കുന്ന ആശുപത്രി ട്രെയിനിലെ കിനിവിന്റെ അനുഭവങ്ങൾ വ്യത്യസ്തമാണ്.
“ഇന്ന്, ഞങ്ങൾ ലിവിവിൽ എത്തുന്നതിനു മുമ്പ് വഴിക്കുവച്ച് പരിക്കുപറ്റിയ സ്ത്രീയെ ഡിനിപ്രോയിലെ ഒരു ഹോസ്പിറ്റലിൽ ഇറക്കേണ്ടി വന്നു. അവർക്ക് വളരെയധികം രക്തം നഷ്ടപ്പെടുന്നുണ്ടായിരുന്നു,” കിനിവ് പറഞ്ഞു. കിഴക്കൻ ഉക്രെയ്നിലെ യുദ്ധം ബാധിച്ച നഗരങ്ങളിൽ നിന്ന് 240 കിലോമീറ്റർ (149 മൈൽ) അകലെ സ്ഥിതി ചെയ്യുന്ന നഗരമാണ് ഡിനിപ്രോ. ലിവിവിൽ എത്തുന്നതുവരെ പരിക്കേറ്റ സ്ത്രീയെ കൊണ്ടുവരാൻ സാധിക്കില്ലെന്ന് ഡോക്ടർമാർ മനസ്സിലാക്കിയപ്പോൾ വഴിമധ്യേയുള്ള ആശുപത്രിയിൽ ഇറക്കാൻ തീരുമാനമെടുക്കുകയായിരുന്നു.
അടുത്തിടെ ട്രെയിനിൽ വച്ച് താൻ കണ്ടുമുട്ടിയ നിരവധി രോഗികളെ കിനിവ് വ്യക്തമായി ഓർത്തെടുത്തു. എല്ലാവരും കിഴക്കൻ നഗരമായ ഡോൺബാസിൽ നിന്നുള്ളവരായിരുന്നു. “മുഖത്ത് ഗുരുതമായ പരിക്കേറ്റ മരിയുപോളിൽ നിന്നുള്ള ഒരു സ്ത്രീക്ക് അവരുടെ കണ്ണുകൾ നഷ്ടപ്പെട്ടിരുന്നു. അവരുടെ കൂടെ മിസൈൽ ആക്രമണത്തിൽ കൈകാലുകൾ നഷ്ടപ്പെട്ട ക്രാമാറ്റോർസ്കിൽ നിന്നുള്ള ചില കുട്ടികളും ഉണ്ടായിരുന്നു. ഓരോ തവണയും ആളുകൾ കിഴക്കുനിന്നും പടിഞ്ഞാറോട്ട് നീങ്ങുന്നതിനർത്ഥം അവർക്ക് എന്തെങ്കിലും നഷ്ടപ്പെട്ടു എന്നാണ്. ചിലപ്പോൾ അവരുടെ വീടുകൾ, അവരുടെ കുടുംബങ്ങൾ അതുമല്ലെങ്കിൽ അംഗഭംഗങ്ങൾ. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു ജോലിയായി മാത്രം തോന്നുന്നില്ല. ഇത് വളരെ വൈകാരികമാണ്, ” അവർ പറയുന്നു.
‘ഈ ട്രെയിനിൽ ഞങ്ങൾ എല്ലാവരേയും കൊണ്ടുപോകുന്നു’
മെഡിക്കൽ ട്രെയിനിൽ രോഗികളെ മാത്രമല്ല അവരുടെ വളർത്തുമൃഗങ്ങളെ കൂടെ രോഗികളോടൊപ്പം കൊണ്ടുപോകാറുണ്ട്. വളർത്തുമൃഗങ്ങളെ കൂടെ കൊണ്ടുപോകാൻ കഴിയുമെന്ന് അറിയുന്ന രോഗികളുടെ സന്തോഷ മുഹൂർത്തങ്ങൾക്കും കിനിവ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. “അതെ, ഈ ട്രെയിനിൽ ഞങ്ങൾ എല്ലാവരേയും കൊണ്ടുപോകുന്നു,” അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
രാജ്യത്തെ നിലവിലുള്ള മെഡിക്കൽ സംവിധാനത്തിലെ ബുദ്ധിമുട്ട് കുറക്കാൻ ഉക്രൈൻ ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എം.എസ്.എഫ് പ്രവർത്തിക്കുന്നത്. ബാക്ക്-ടു-ബാക്ക് ട്രിപ്പുകൾ നടത്തുന്ന ഈ മെഡിക്കൽ ട്രെയിൻ ഇതുവരെ ചികിത്സ ആവശ്യമുള്ള 1,000-ത്തിലധികം ആളുകളെ ലിവിവിലെ ആശുപത്രികളിൽ എത്തിച്ചിട്ടുണ്ട്. യുദ്ധത്തിൽ പരിക്കേറ്റവരെ കൂടാതെ, വിട്ടുമാറാത്ത രോഗങ്ങളുള്ള നിരവധി ആളുകളെ എം.എസ്.എഫ് സുരക്ഷിത സ്ഥലങ്ങളിൽ എത്തിച്ചിട്ടുണ്ട്. അവരിൽ വലിയൊരു ഭാഗം പ്രായമായവരാണ്.
സുരക്ഷിതമല്ല ആശുപത്രികളും
ഫെബ്രുവരി 24-ന് റഷ്യൻ അധിനിവേശം ആരംഭിച്ചതുമുതൽ, ഡോൺബാസിലെയും യുദ്ധം പ്രത്യേകിച്ച് തീവ്രമായ മറ്റ് പ്രദേശങ്ങളിലെയും തിരക്കേറിയതോ തകർക്കപ്പെട്ടതോ ആയ ആശുപത്രികളിൽ നിന്ന് രക്ഷപ്പെട്ട് ആയിരക്കണക്കിന് ആളുകൾ സമാനമായ യാത്രകൾ മറ്റ് മാർഗങ്ങളിലൂടെ നടത്തിയിട്ടുണ്ട്.
ഉക്രെയ്നിലുടനീളം, ആശുപത്രികളിലെ സ്ഥിതികൾ അപകടകരമാണ്. ജൂലൈയിൽ, 123 ആശുപത്രികൾ പൂർണ്ണമായും 746 എണ്ണം ഭാഗികമായും തകർക്കപ്പെട്ടിട്ടുണ്ട്. താരതമ്യേന സമാധാനപരമായ ലിവിവിൽ, കിഴക്ക് നിന്നുള്ള രോഗികളുടെ വരവ് ഇപ്പോൾ ഒരു പരിധിവരെ കുറഞ്ഞു. എന്നാൽ കിഴക്കേ പ്രദേശങ്ങളിലെ സിവിലിയൻ കെട്ടിടങ്ങൾക്ക് റഷ്യ ആക്രമണം തുടരുന്നതിനാൽ, ലിവിവിലെ ആശുപത്രികളിൽ രോഗികളുടെ എണ്ണം വീണ്ടും ഉയരുമെന്നാണ് റിപ്പോർട്ടുകൾ.
ലിവിവിലെ ആശുപത്രികളിൽ MSF ട്രെയിനിൽ വന്ന രോഗികളിൽ പലരും സുഖം പ്രാപിച്ചു വരുന്നു. ബഖ്‌മുട്ടിൽ നിന്നുള്ള 37 കാരിയായ ഐറിന വെട്രോവയ്ക്ക് കഴിഞ്ഞ രണ്ട് മാസമായി ലിവിവിലെ ഹോസ്പിറ്റൽ മുറി താൽക്കാലിക വീടായിരുന്നു. തന്റെ നാട്ടിൽ പിതാവുമൊത്ത് ബസ് സ്റ്റോപ്പിൽ ഇരിക്കുമ്പോഴായിരുന്നു 12 മീറ്റർ അകലെ ബോംബ് പതിക്കുന്നത്. സ്ഫോടനത്തിൽ പരിക്കേറ്റ ഐറിനയെയും അവളുടെ പിതാവിനെയും അവിടെ ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരായിരുന്നു ആശുപ്പത്രിയിൽ എത്തിച്ചത്. ഗുരുതര പരിക്കേറ്റ ഐറിനയെ ലിവിവിലെ ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും അവൾക്ക് തന്റെ വലതു കൈയിലെ തള്ളവിരൽ നഷ്ട്ടപെട്ടു.
ഉക്രൈന്റെ പടിഞ്ഞാറൻ മേഖലയിലുള്ള ആശുപത്രികളും സുരക്ഷിതമല്ല. അവയും ഏതുനേരവും ഷെല്ലാക്രമണത്തിനു ഇരയായേക്കാം. എങ്കിലും കിനിവിനെ പോലെയുള്ള സേവനസന്നദ്ധരായ മനുഷ്യരും മെഡിക്കൽ ട്രെയിനും ഒരു പ്രതീക്ഷയുടെ തിരിനാളം യുദ്ധത്തിനിരയായവരിൽ പ്രകാശിപ്പിക്കുന്നു.
മരിയ ജോസ്