അണുബോംബുകൾ മാനവരാശിയെ ഭൂമിയിൽ നിന്ന് തുടച്ചുനീക്കുന്ന വിഷമാണെന്ന് ലോകം തിരിച്ചറിഞ്ഞത് രണ്ടാം ലോക മഹായുദ്ധത്തിലൂടെയാണ്. ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക വർഷിച്ച അണുബോംബിലൂടെ ലോകം സാക്ഷ്യം വഹിച്ചത് മഹാവിപത്തിനായിരുന്നു. അതിൻറെ ഭവിഷ്യത്തുകൾ നാളുകൾക്കിപ്പുറം ഇന്നും ആ ജനത അനുഭവിച്ചു കൊണ്ടിരിക്കുന്നു. അതിനാൽ തന്നെ ഈ രണ്ടു ജപ്പാൻ നഗരങ്ങളെയും ഓർക്കാതെ ഓഗസ്റ്റ് മാസം കടന്നുപോകാറില്ല. ഇന്നും ലോകത്ത് ആഭ്യന്തര-അന്താരാഷ്ട്ര യുദ്ധങ്ങൾ അഥവ ഏറ്റുമുട്ടലുകൾ തുടരുമ്പോളും ആണവായുധങ്ങൾ പ്രയേഗിക്കാൻ മടിക്കുന്നതിനു പിന്നിൽ ജപ്പാനിലെ നഗരങ്ങളിൽ അണുബോംബ് വർഷിച്ചതിനെതുടർന്നുണ്ടായ ദുരന്തഫലങ്ങളാകാം.
1945 ഓഗസ്റ്റ് 6 നാണ് ഹിരോഷിമയിൽ ‘ലിറ്റിൽ ബോയ്’ എന്ന് അമേരിക്ക ഓമനപ്പേരിട്ടു വിളിച്ച അണുബോംബ് വർഷിക്കുന്നത്. അണുബോംബ് വർഷിച്ച സമയം തന്നെ ഏതാണ്ട് 1,00,000 പേരുടെ മരണത്തിന് ആ സ്ഫോടനം കാരണമായി. 3,90,000 മുതൽ 5,140,000 വരെ ആളുകൾ ആണവവികിരണം മൂലം പിൽക്കാലത്ത് മരിച്ചു. യുഎസ് വർഷിച്ച ലിറ്റിൽ ബോയ് എന്ന അണുബോംബിന് ഹിരോഷിമയെ ചാരമാക്കാൻ കഴിഞ്ഞുവെങ്കിലും അവർ സഡാക്കോ സസാക്കി എന്ന 12 വയസ്സുകാരിക്ക് മുൻപിൽ തോറ്റുപോയിയെന്നതാണ് സത്യം. ഒക്ടോബർ 25 സഡാക്കോ സസാക്കി എന്ന പെൺകുട്ടിയുടെ ഓർമ്മ ദിവസമാണ്. അവളെക്കുറിച്ചറിയാം.
സഡാക്കോ സസാക്കി(Sadako Sasaki)
1945 ൽ ഹിരോഷിമയിൽ അമേരിക്ക നടത്തിയ അണുബോംബ് വർഷത്തിൽ രക്തസാക്ഷിയാകേണ്ടിവന്ന ജപ്പാനീസ് പെൺകുട്ടിയാണ് സഡാക്കോ സസാക്കി. സഡാക്കോയ്ക്ക് രണ്ട് വയസ്സുള്ളപ്പോഴാണ് ഹിരോഷിമയിൽ അണുബോംബിടുന്നത്. ബോംബ് വീണ സ്ഥലത്ത് നിന്ന് 1.6 കിലോമീറ്റർ അകലെയായിരുന്നു സഡാക്കോയുടെ വീട്. ഈ സമയം വീടിനുളളിൽ കിടക്കുകയായിരുന്ന രണ്ടു വയസുകാരിയായ സഡാക്കോ സ്ഫോടനത്തിന്റെ ആഘാതത്തിൽ ജനലിനുളളിലൂടെ പുറത്തേക്ക് തെറിച്ചുവീണു. തെറിച്ചുവീണ സഡാക്കോയെ വാരിയെടുത്ത് അവളുടെ അമ്മ ജീവനുംകൊണ്ട് ഓടി. അപ്പോൾ മരണത്തിൽ നിന്നും രക്ഷപ്പെട്ടെങ്കിലും, മാരകമായ അണുവികിരണങ്ങൾ അവൾക്ക് രക്താർബുദം (Leukemia) വരുത്തിവച്ചു. ആയിരം കടലാസുകൊക്കുകളെയുണ്ടാക്കി പ്രാർഥിച്ചാൽ ആഗ്രഹിക്കുന്ന കാര്യം സാധിക്കുമെന്ന ഒരു വിശ്വാസം ജപ്പാനിലുണ്ട്. അതുപ്രകാരം രോഗം മാറാനായി സഡാക്കോ ആശുപത്രി കിടക്കയിലിരുന്ന് കടലാസു കൊക്കുകളെയുണ്ടാക്കി. പക്ഷെ 644 കൊക്കുകളെ ഉണ്ടാകിയപ്പോയേക്കും അവൾ മരണത്തിനു കീഴടങ്ങി. പിന്നീട് അവളുടെ സുഹൃത്തുക്കൾ ചേർന്ന് 1000 എന്ന എണ്ണം പൂർത്തിയാക്കി ആ കൊറ്റികളെ അവളോടൊപ്പം ദഹിപ്പിച്ചു. മരണശേഷം സഡാക്കൊയും അവളുടെ ഒറിഗാമി കൊക്കുകളും ലോകസമാധാനത്തിന്റെ പ്രതീകമായി ലോകമെങ്ങും അറിയപ്പെട്ടു തുടങ്ങി.
ചരിത്രം
രണ്ടാം ലോകയുദ്ധത്തിന്റെ അവസാന ദിനങ്ങളിലാണ് ലോകമനഃസാക്ഷിയെ ഞെട്ടിച്ച രണ്ട് മഹാദുരന്തങ്ങൾ അണുബോംബിന്റെ രൂപത്തിൽ ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും വന്ന് പതിച്ചത്.
ശാന്തസമുദ്രത്തിലെ ടിനിയൻ ദ്വീപിൽ നിന്ന് പൈലറ്റായ പോൾ ടിബറ്റ്സിന്റെ നേതൃത്വത്തിൽ 1945 ഓഗസ്റ്റ് 6-ന് പുലർച്ചെയായിരുന്നു എനോളഗെ എന്ന അമേരിക്കൻ ബോംബർ വിമാനം ജപ്പാനെ ലക്ഷ്യമാക്കി കുതിച്ചത്. രാവിലെ 8.15 കഴിഞ്ഞ് 17 സെക്കൻഡിലെത്തിയപ്പോൾ ലിറ്റിൽ ബോയ് എന്ന ഓമനപ്പേരിട്ട യുറേനിയം ബോംബ് ജപ്പാൻ നഗരമായ ഹിരോഷിമയുടെ ഹൃദയഭാഗത്ത് പതിച്ചു. ആയിരം സൂര്യന്മാർ ഒന്നിച്ചുദിച്ച ചൂടിൽ നഗരം വെന്തെരിഞ്ഞു. 13 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ നഗരം ചുട്ടു ചാമ്പലായി. ബോംബ് വീണ നിമിഷത്തിൽതന്നെ 70,000 പേർ മരണമടഞ്ഞു. നാലഞ്ച് ദിവസത്തിനകം മരണസംഖ്യ ഒന്നരലക്ഷത്തിൽ കവിഞ്ഞു. അണുവികിരണമേറ്റ് നാലുലക്ഷത്തിലധികം ജനങ്ങൾ ജീവച്ഛവങ്ങളായി. ഹിരോഷിമ നഗരത്തിലുണ്ടായിരുന്ന 76,000ത്തോളം കെട്ടിടങ്ങൾ തകർന്നടിഞ്ഞു. നഗരത്തിൽനിന്ന് ആറ് കൈവഴികളായി പിരിഞ്ഞൊഴുകുന്ന ഓട്ടാഗാവം നദിയിലെ വെള്ളം തിളച്ചുമറിഞ്ഞു…
കലിയടങ്ങാതെ നാഗസാക്കിയിൽ…
അതുവരെ ലോകത്ത് പ്രയോഗിക്കപ്പെട്ട ബോംബിന്റെ 2000 മടങ്ങ് പ്രഹരശേഷിയോടെ ഹിരോഷിമ നഗരത്തെ ചുട്ടുചാമ്പലാക്കിയിട്ടും അമേരിക്കയ്ക്ക് കലിയടങ്ങിയില്ല. മൂന്നുദിവസം കഴിഞ്ഞ് ഓഗസ്റ്റ് 9-ന് അതേ ഉറവിടത്തിൽനിന്ന് തന്നെ ബോക്സ്കാർ എന്ന യുദ്ധവിമാനം അതി പ്രഹരശേഷിയുള്ള അണുബോംബുമായി ജപ്പാനിലെത്തി. ഫാറ്റ്മാൻ എന്ന് പേരിട്ട ഈ പ്ലൂട്ടോണിയം ബോംബ് ജപ്പാന്റെ തുറമുഖ നഗരമായ നാഗസാക്കിയിലാണ് ഏകദേശം രാവിലെ 11 മണിയോടെ വർഷിക്കപ്പെട്ടത്. അരലക്ഷം അടി ഉയരത്തിൽ നഗരം തീഗോളമായി മാറി. ബോംബ് വർഷിക്കപ്പെട്ട നിമിഷത്തിൽ തന്നെ 50,000-ത്തിൽ കൂടുതൽ പേർ കത്തിക്കരിഞ്ഞു. ഏതാനും ദിവസങ്ങൾക്കുള്ളിൽ മരണസംഖ്യ ലക്ഷക്കണക്കിനായി.
ഹിബാക്കുഷ…
അണുബോംബ് സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെടാതെ, അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിച്ച് ജീവച്ഛവങ്ങളായി കഴിയുന്നവരെ ജപ്പാൻ ഭാഷയിൽ ഹിബാക്കുഷ എന്നാണ് വിളിക്കുന്നത്. അണുവികരണങ്ങൾ മൂലമുള്ള ജനിതക രോഗങ്ങളാൽ കഷ്ടപ്പെടുന്നവരാണവർ.
രക്തം പുരണ്ട കൈകൾ!…
‘ഞാൻ മരണമായിക്കഴിഞ്ഞു…ലോകം നശിപ്പിക്കുന്നവൻ (I am become death…the distroyer of world) ആറ്റംബോംബ് നിർമാണത്തിന് രൂപകല്പന ചെയ്ത ഗവേഷകസംഘത്തിന്റെ തലവനായ ജെ. റോബർട്ട് ഓപ്പൻ ഹൈമർ ഹിരോഷിമയിലെയും നാഗസാക്കിയിലെയും ദുരന്തത്തിന്റെ തീവ്രതയറിഞ്ഞ ഉടനെ രേഖപ്പെടുത്തിയ അഭിപ്രായമാണിത്. തന്റെ കണ്ടുപിടുത്തത്തെത്തന്നെ തള്ളിപ്പറയാൻ അദ്ദേഹത്തെ പ്രേരിപ്പിക്കത്തക്കവിധം മാരകമായിരുന്നു ആ പ്രഹരം. യുദ്ധമവസാനിച്ച് ആദ്യമായി അമേരിക്കൻ പ്രസിഡന്റ് ട്രൂമാനെ കണ്ടപ്പോൾ ”എന്റെ കൈയിൽ രക്തം പുരണ്ടിരിക്കുന്നു ( I have blood on my hand)” എന്നാണ് അദ്ദേഹം പരിതപിച്ചത്.
സഡാക്കോവിന്റെ കൊക്കുകൾ…
ഹിരോഷിമയിൽ ബോംബ് സ്ഫോടനം നടന്നപ്പോൾ ഒരു പോറൽപോലുമേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ട ഒരു രണ്ടുവയസ്സുകാരിയായിരുന്നു സഡാക്കോ സസാക്കി. പഠിക്കാൻ മിടുക്കിയായിരുന്ന അവൾ സ്കൂളിലെ മികച്ച ഓട്ടക്കാരികളിൽ ഒരാളായി വളർന്നു. പന്ത്രണ്ട് വയസ്സുള്ളപ്പോൾ ഒരുദിവസം കായികപരിശീലനം നടത്തിക്കൊണ്ടിരിക്കെ സഡാക്കോ ഗ്രൗണ്ടിൽ തളർന്നുവീണു. ആശുപത്രിയിലെത്തിച്ച് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ അണുവിഗിരണം മൂലമുള്ള ‘ആറ്റമിക് റേഡിയേഷൻ സിൻഡ്രോം’ എന്ന് പേരുള്ള രക്താർബുദം സഡാക്കോവിനെ കീഴടക്കിക്കഴിഞ്ഞെന്ന് മനസ്സിലായി. മരണത്തോട് മല്ലടിച്ചുകൊണ്ടിരുന്ന ആ കൊച്ചുമിടുക്കിയെ ആശ്വസിപ്പിക്കാൻ കൂട്ടുകാർ ഒപ്പം നിന്നു. കടലാസുകൊണ്ട് ആയിരം കൊക്കുകളുണ്ടാക്കിയാൽ ഏത് അസുഖത്തിൽ നിന്നും രക്ഷപ്പെടാമെന്ന ഒരു വിശ്വാസം ജപ്പാനിൽ പ്രചാരത്തിലുണ്ടായിരുന്നു. കൂട്ടുകാരികളുടെ ഉപദേശപ്രകാരം സഡാക്കോ മരണക്കിടക്കയിലിരുന്ന് കടലാസ് കൊക്കുകളെ ഉണ്ടാക്കാൻ തുടങ്ങി. കൊക്കുകളുടെ എണ്ണം 644 തികഞ്ഞ 1955 ഒക്ടോബർ 25-ന് മരണം അവളെ മാടിവിളിച്ചു.
ഹൃദയം തകർത്ത കാഴ്ച…
ഹിരോഷിമയിൽ അണുബോംബുവർഷം നടന്നപ്പോൾ അവിടെ ഒരു ആശുപത്രിയിൽ ഡോക്ടറായി സേവനമനുഷ്ഠിച്ചിരുന്ന താഹേക്കുമോ ആ രംഗത്തെക്കുറിച്ച് വിവരിക്കുന്നത് ഇങ്ങനെയാണ്:
”സ്ഫോടനസ്ഥലത്തിന് തൊട്ടടുത്തുള്ള മെഡിക്കൽ സെന്ററിലേക്ക് ഞാൻ ഓടിച്ചെന്നു. ആളുകൾ സഹായമഭ്യർഥനയുമായി എന്നെ വളഞ്ഞു. മിക്കവർക്കും സംസാരിക്കാൻപോലും പറ്റുന്നുണ്ടായിരുന്നില്ല. മാംസക്കഷണങ്ങൾ ശരീരത്തിൽ തൂങ്ങിക്കിടക്കുന്നു. മെഡിക്കൽ സെന്റർ തകർന്ന് തരിപ്പണമായിരിക്കുന്നു. എവിടെയും ശവശരീരങ്ങൾ. ജീവൻ അവശേഷിച്ചവർക്കു തന്നെ എഴുന്നേൽക്കുവാനോ സംസാരിക്കുവാനോ ശക്തിയുണ്ടായിരുന്നില്ല.”
സാമാധാനം ഉണ്ടാകണേ….
”ഇതാണ് ഞങ്ങൾക്ക് പറയാനുള്ളത്.
ഇതാണ് ഞങ്ങൾക്ക് പ്രാർഥിക്കാനുള്ളത്
ലോകത്ത് സമാധാനം ഉണ്ടാകണേ…”
ഹിരോഷിമാ നഗരത്തിലെ ദേശീയ പാർക്കിൽ ഗ്രാനൈറ്റ് ശിലയിൽ സ്വർണ കൊക്കിനെയും കൈയിലേന്തി നിൽക്കുന സഡാക്കോവിന്റെ പ്രതിമയ്ക്ക് താഴെ രേഖപ്പെടുത്തിയ വാക്യങ്ങളാണിത്.
സഡാക്കോയുടെ ക്ലാസ്സിലെ 39 കൂട്ടുകാരും അധ്യാപകരും അടങ്ങിയിരുന്നില്ല. കുട്ടികളിൽനിന്നുതന്നെ പണം സമാഹരിച്ച് സഡാക്കോയ്ക്കായി ഒരു സ്മാരകം പണിയാൻ അവർ തീരുമാനിച്ചു. ജപ്പാനിലും പുറത്തുമുള്ള വിദ്യാർഥികൾ ആ ഉദ്യമത്തോട് സഹകരിച്ചപ്പോൾ യുദ്ധക്കെടുതിക്കെതിരായ നിത്യസ്മാരകമായി ഹിരോഷിമയിൽ ഒരു പീസ് പാർക്ക് ഉദയംചെയ്തു. എല്ലാ വർഷവും ഹിരോഷിമ ദിനത്തിൽ ലോകത്തിന്റെ നാനാ ഭാഗങ്ങളിൽനിന്നുമായി കുട്ടികൾ അവിടേക്ക് കടലാസു കൊക്കുകളെ അയച്ചുകൊടുക്കും. സഡാക്കോയ്ക്കുള്ള സമ്മാനമായി ആ കൊക്കുകൾ സഡാക്കോയുടെ പ്രതിമയ്ക്ക് താഴെയായി അവ സമർപ്പിക്കും.