Thursday, April 3, 2025

ഒരിക്കലും തീ അണയാത്ത തുർക്കിയിലെ ഐതിഹാസികമായ പർവതം

സദാസമയവും തീ പുറപ്പെടുന്ന ഒരു പർവതം. തെക്കുപടിഞ്ഞാറൻ തുർക്കിയിൽ അന്റാലിയ നഗരത്തിനടുത്തുള്ള മനോഹരമായ തീരപ്രദേശത്തിനു തൊട്ടുമുകളിൽ സ്ഥിതിചെയ്യുന്ന ചിമേര എന്ന പർവതമാണ് ഇത്തരത്തിൽ വളരെ സവിശേഷമായ വിശേഷണത്തിന് അർഹമായ പർവതം. കാലാവസ്ഥാവ്യതിയാനങ്ങൾക്കപ്പുറം എല്ലാ സമയങ്ങളിലും തീ കാണപ്പെടുന്നതിനാൽത്തന്നെ പല ഐതീഹ്യങ്ങളും കെട്ടുകഥകളും നിഗൂഢതകളും ഈ പർവതത്തെ ചുറ്റിപ്പറ്റി നിൽക്കുന്നു.

ചിമേറ പർവതം എന്നു വിശ്വസിക്കപ്പെടുന്നതിന്റെ ആധുനിക നാമമായ യാനാർട്ടാസിലെ കത്തുന്ന പാറകൾ ഇന്ന് ഒളിമ്പോസ് ബിഡാഗ്ലാരി നാഷണൽ പാർക്കിന്റെ ഭാഗമാണ്. അതിശയകരമായ മെഡിറ്ററേനിയൻ സൗന്ദര്യമുള്ള ഒരു പ്രദേശമാണ് ഇത്. പുരാതന സമുദ്രജില്ലയായ ലൈസ വളർന്നുവരികയും അഭിവൃദ്ധി പ്രാപിക്കുകയും അവസാനിക്കുകയും ചെയ്ത സ്ഥലവും ഇതുതന്നെയാണ്. ഉപേക്ഷിക്കപ്പെട്ട അല്ലെങ്കിൽ തകർന്ന നഗരത്തിന്റെ അവശേഷിപ്പിക്കൽ എല്ലാംതന്നെ ഈ നാഷണൽ പാർക്കിന്റെ വിവിധ ഭാഗങ്ങളിൽ കാണാൻ കഴിയും. എന്നാൽ, അതിനെക്കാളെല്ലാം ഉപരിയായി കത്തുന്ന പാറകളാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്.

സദാസമയവും അഗ്നി വമിക്കുന്ന പാറകളുടെ കാഴ്ചകൾ അസാധാരണമാണെങ്കിലും കൗതുകകരമായ സംഭവത്തിന് ശാസ്ത്രീയമായ ഒരു വിശദീകരണമുണ്ട്. ഭൂമിയിൽനിന്നു പുറത്തുവരുന്ന മീഥെയ്ൻ വാതകം അന്തരീക്ഷവുമായി സ്ഫോടനാത്മകമായി ചേരുന്നതാണ് തീപിടുത്തത്തിനു കാരണമാകുന്നത്.

ഭൂമിയിലെ പ്രകൃതിദത്ത മീഥെയ്ൻ പുറന്തള്ളുമ്പോൾ അത് ഏറ്റവും നന്നായി ജ്വലിക്കാൻ സാധ്യതയുള്ള സ്ഥലമാണ് യാനാർട്ടാസ് പ്രദേശമെന്ന് വിശ്വസിക്കപ്പെടുന്നു. അഗ്നി വമിക്കുന്ന ദ്വാരങ്ങൾക്കു താഴെയുള്ള ഇഗ്നിയസ് പാറകളിൽ റുഥീനിയം നിറഞ്ഞിരിക്കുന്നു. ഈ പദാർഥം മീഥെയ്ൻ രൂപീകരണത്തിന് ശക്തമായ ഉത്തേജകമായി പ്രവർത്തിക്കുന്നു.

മനോഹരം ഈ പ്രദേശം

തീരദേശഗ്രാമമായ സിറാലിയുടെ വടക്കൻ അതിർത്തികളിൽക്കൂടെ പ്രവേശിക്കാൻ കഴിയുന്ന ഒരു സംരക്ഷിത സാംസ്കാരികമേഖലയുടെ ഭാഗമാണ് കത്തുന്ന പാറകൾ. മനോഹരമായ പ്രകൃതിദൃശ്യങ്ങൾ കണ്ട് കുന്നിൻമുകളിലേക്കു നടക്കണം. വളരെ എളുപ്പവും 30 മിനിറ്റ് ദൈർഘ്യമുള്ളതുമായ കാൽനടയാത്രയിലൂടെയാണ് യാനാർട്ടാസിലെത്തുന്നത്.

സെപ്റ്റംബർ പകുതി മുതൽ നവംബർ അവസാനം വരെയോ, മാർച്ച് പകുതി മുതൽ മെയ് അവസാനം വരെയോ ആണ് ഇവിടെ സന്ദർശിക്കാൻ ഏറ്റവും നല്ല സമയം. വൈകുന്നേരങ്ങൾ സന്ദർശനത്തെ കൂടുതൽ മാന്ത്രികമാക്കുന്നു. തീജ്വാലകൾ കൂടുതൽ വ്യക്തമായി കത്തുകയും സന്ധ്യകൾ പ്രചോദനാത്മകമായ ഒളിമ്പോസ് പാർക്ക് ഭൂപ്രകൃതിയെ ആലിംഗനം ചെയ്യുകയും ചെയ്യുന്നു. പാർക്ക് രാത്രി എട്ടുമണിക്ക് അടയ്ക്കുന്നു.

Latest News