ലോകമെമ്പാടും കാലാവസ്ഥാമാറ്റം ചർച്ച ചെയ്യപ്പെടുകയാണ്. മാറുന്ന കാലാവസ്ഥയെ അറിയാനും പഠിക്കാനും കാലാവസ്ഥക്ക് അനുകൂലമായ സാഹചര്യങ്ങൾ ഒരുക്കാനുമുള്ള പരിശ്രമങ്ങൾ പുരോഗമിക്കുന്നതിനിടയിലാണ് വേറിട്ട പദ്ധതിയുമായി തെക്കൻ സെനഗലിൽ നിന്ന് ഒരാൾ എത്തുന്നത്. അഞ്ചു വർഷം കൊണ്ട് അഞ്ച് ദശലക്ഷം മരങ്ങൾ. ഇതാണ് അദാമ ഡൈമേ എന്ന നാല്പത്തിയെട്ടുകാരന്റെ ലക്ഷ്യവും സ്വപ്നവും.
യൂറോപ്പിൽ കുറച്ചു വർഷങ്ങൾ ജോലി ചെയ്തതിനു ശേഷം 2020- ൽ കാസമാൻസ് മേഖലയിലേക്ക് മടങ്ങിയപ്പോഴാണ് മരങ്ങൾ വച്ചുപിടിപ്പിക്കുക എന്ന ലക്ഷ്യത്തെക്കുറിച്ചുള്ള ചിന്തകൾ ഈ യുവാവിന്റെ മനസിൽ കുടിയേറുന്നത്. ആ ചിന്തകൾക്കു പിന്നിൽ പല കാരണങ്ങളും ഉണ്ടായിരുന്നു. ചെറുപ്പത്തിൽ, നൂറുകണക്കിന് ഭീമാകാരങ്ങളായ മരങ്ങൾ തിങ്ങിപ്പാർക്കുന്ന ഗ്രാമങ്ങൾ കണ്ടുവളർന്ന ഡൈമേ, കാലാന്തരത്തിൽ ആ മരങ്ങൾ വിരലിലെണ്ണാവുന്നവയായി ചുരുങ്ങുന്നത് തിരിച്ചറിഞ്ഞു. ഈ തിരിച്ചറിവ് അവനിൽ ഞെട്ടലുളവാക്കി. “ചില ഗ്രാമങ്ങളിൽ ഒരു മരം പോലും കണ്ടെത്താൻ കഴിയില്ല. അവർ മരങ്ങൾ മുഴുവൻ വെട്ടിക്കളഞ്ഞു. എന്നാൽ, വെട്ടിയതിനു ശേഷം വീണ്ടും മരങ്ങൾ നടുന്നതിനെക്കുറിച്ച് അവർ ചിന്തിക്കുന്നില്ല” – ഡൈമോ പറയുന്നു.
ആഫ്രിക്കയിലുടനീളമുള്ള മരുഭൂവത്ക്കരണമാണ് വനനശീകരണത്തിന് കാരണമായി ആരോപിക്കപ്പെടുന്നതെങ്കിലും വ്യാപകമായി മരങ്ങൾ വെട്ടി അത് വീട് നിർമ്മിക്കാനും മറ്റും ഉപയോഗിക്കുന്ന പ്രവണതയാണ് യഥാർത്ഥ കാരണമെന്ന് മനസിലാക്കാൻ ഡൈമോയ്ക്ക് അധിക സമയം വേണ്ടിവന്നില്ല. ഇപ്പോൾ കാസമാൻസിലെ ഒരു സ്പാനിഷ് സർക്കാരിതര ഓർഗനൈസേഷന്റെ പ്രോജക്ട് മാനേജരായും ഒരു കാർഷിക പരിശീലകനായും സന്നദ്ധസേവനം നടത്തുന്ന ഡൈമെ ഈ വനനശീകരണത്തിന് ഒരു പരിഹാരം കൊണ്ടുവരണമെന്നു തീരുമാനിച്ചു. അങ്ങനെയാണ് ഇത്രയധികം മരങ്ങൾ ചുരുങ്ങിയ കാലത്തിനുള്ളിൽ നട്ടുവളർത്തിയെടുക്കുക എന്ന തീരുമാനത്തിലേക്ക് അദ്ദേഹം എത്തിയത്.
അതിനായി വലിയ സമ്പത്ത് ഇല്ലാതിരുന്നതിനാൽ, അവൻ തന്റെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ പണം സ്വരൂപിക്കാൻ തുടങ്ങി. ബാക്കി പണം സ്വന്തം പോക്കറ്റിൽ നിന്നും എടുത്തു.
വനിതകളുടെ കരുത്തിൽ വിരിയുന്ന പദ്ധതി
അഞ്ചു വർഷം കൊണ്ട് അഞ്ച് മില്യൺ മരങ്ങൾ എന്ന പദ്ധതി പൂർത്തിയാക്കണമെങ്കിൽ ഡൈമോയെ കൊണ്ട് ഒറ്റയ്ക്ക് നടക്കില്ല എന്ന പൂർണ്ണബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. അതിനാൽ ഈ ഒരു പദ്ധതിയുടെ വിജയത്തിനായി ആഫ്രിക്കയിലുടനീളമുള്ള സ്ത്രീകളെ അദ്ദേഹം ക്ഷണിച്ചു. “ഒരു ഗ്രാമത്തിൽ സ്ത്രീകൾ ഇല്ലെങ്കിൽ അത് ദുരന്തമാണ്. സ്ത്രീകളുള്ള സ്ഥലങ്ങൾ സ്വർഗ്ഗമാണ്. ഒരു നല്ല പ്രോജക്റ്റ് സ്ത്രീകളുമായി ചേർന്ന് തുടങ്ങുക. അത് തീർച്ചയായും അവർ വിജയത്തിൽ എത്തിക്കും” – ഡൈമെ പറയുന്നു.
സ്ത്രീകളെ ചെറുകിട കർഷകരാക്കാനും അവരുടെ ഉൽപന്നങ്ങൾ പ്രാദേശിക വിപണികളിൽ വിൽക്കാനുമുള്ള കഴിവുകൾ നേടിയെടുക്കാൻ സഹായിച്ചുകൊണ്ടാണ് അവരെ ഈ പദ്ധതിയിലേക്ക് ആകർഷിച്ചത്. “ആദ്യം, വിത്ത് എങ്ങനെ നടണമെന്നും വിളകൾ വളർത്താൻ എന്തു ചെയ്യണമെന്നും ഞങ്ങൾക്ക് അറിയില്ലായിരുന്നു. ഇപ്പോൾ ഞങ്ങൾക്ക് മാർക്കറ്റിൽ വിൽക്കാൻ എല്ലാത്തരം പഴങ്ങളുമുണ്ട്. ഞങ്ങൾ ആരെയും ആശ്രയിക്കുന്നില്ല. ഞങ്ങൾക്കെല്ലാം ഇപ്പോൾ ബാങ്കിൽ അക്കൗണ്ട് ഉണ്ട്. എനിക്ക് എന്ത് ചെയ്യാനാകുമെന്നും ചെയ്യാൻ കഴിയില്ലെന്നും ആർക്കും എന്നോട് പറയാനാവില്ല. ഈ പദ്ധതി വളരെ മികച്ചതാണ്” – പദ്ധതിയിലൂടെ വരുമാനം കണ്ടെത്താൻ കഴിഞ്ഞ സഫി യെറ്റോ എന്ന സ്ത്രീ പറയുന്നു. ഇതുപോലെ ആയിരക്കണക്കിന് സ്ത്രീകൾക്ക് ഈ പദ്ധതിയുടെ ഭാഗമായിക്കൊണ്ട് ഒരു വരുമാനം ഉറപ്പാക്കാൻ ഡൈമോയ്ക്കു കഴിഞ്ഞു.
നമ്മുടെ മരങ്ങൾ
മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് ഡൈമോ നൽകിയ പേര് ‘ഉനുനുകൊലാൽ’ എന്നാണ്. പ്രാദേശികഭാഷയിൽ ഇതിന്റെ അർത്ഥം ‘നമ്മുടെ മരങ്ങൾ’ എന്നാണ്. സമൂഹത്തിന്റെയും ഭൂപ്രദേശത്തിന്റെയും ആവശ്യങ്ങളെ ആശ്രയിച്ച് പന്ത്രണ്ടു തരം മരങ്ങളും ചെടികളുമാണ് വച്ചുപിടിപ്പിക്കുന്നത്. ഈന്തപ്പനയും പുളിയുമൊക്കെ ഈ മരങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 1,42,000- ലധികം തൈകൾ പരിപാലിക്കുകയും വേരു പിടിക്കുകയും ചെയ്തു. അതിനർത്ഥം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ മിസ്റ്റർ ഡൈമെ തന്റെ ലക്ഷ്യത്തിലെത്തണമെങ്കിൽ അമ്പരപ്പിക്കുന്ന നടീൽ ഇനിയും നടത്തേണ്ടതുണ്ട്. തന്റെ ലക്ഷ്യത്തിലെത്താൻ വലിയ തോതിലുള്ള കഠിനാദ്ധ്വാനം ഇനിയും ആവശ്യമാണെങ്കിലും ഡൈമോയും പങ്കാളികളും പിന്നോട്ട് പോകാൻ ഒരുക്കമല്ല. ഏതു വിധേനയും ലക്ഷ്യത്തിലെത്താനുള്ള ശ്രമത്തിലാണ് അവർ.