ഗന്ധങ്ങൾക്ക് ഒരു പ്രത്യേകത ഉണ്ട്. നാം നമ്മുടെ ഓർമ്മകളെ മറന്നാലും ചില ഗന്ധങ്ങളെ നാം മറക്കില്ല. കടന്നു വന്ന വഴികളിൽ, പല കാര്യങ്ങൾ മറന്നിട്ടുണ്ടെങ്കിലും അന്ന് നമ്മെ സ്വാധീനിച്ചിട്ടുള്ള ഗന്ധങ്ങൾ നാം മറക്കില്ല. ഒരിക്കൽ കൂടി ആ ഗന്ധം ശ്വസിക്കാൻ കഴിഞ്ഞാൽ മറന്നു പോയി എന്ന് വിചാരിച്ച പല സന്ദർഭങ്ങളും ഓർമ്മയിൽ വന്നു തെളിയും. അങ്ങനെ ഓർമ്മകൾക്കും ഗന്ധങ്ങൾക്കും തമ്മിൽ വലിയൊരു ബന്ധമാണ് ഉള്ളത്.
ഇന്ന് വിപണിയിൽ നമ്മളെ സ്വാധീനിക്കുന്ന ഒരുപാട് ഗന്ധങ്ങളുള്ള പെർഫ്യൂമുകൾ ഉണ്ട്. അതിൽ ഒരിക്കൽ അറിഞ്ഞാൽ പിന്നെ മറന്നുപോകാത്ത അനുഭവം സമ്മാനിക്കും ഇത്തരത്തിൽ എണ്ണിയാൽ തീരാത്ത ബ്രാന്റുകൾ ഉണ്ട്. അവയിൽ എടുത്ത് പറയേണ്ട ഒരു പേരാണ് ‘ക്ലൈവ് ക്രിസ്റ്റ്യൻ’. സുഗന്ധങ്ങളുടെ ഇടയിൽ ക്ലൈവ് ക്രിസ്റ്റ്യന്റെ പ്രശസ്തി വാനോളമാണ്. യുകെ ആസ്ഥാനമായുള്ള ഒരു സ്വതന്ത്ര ആഡംബര പെർഫ്യൂം കമ്പനിയാണ് ക്ലൈവ് ക്രിസ്റ്റ്യൻ. യുകെയിലെ ഹാരോഡ്‌സ് സെൽഫ്രിഡ്ജസ് ഫോർട്ട്‌നം ആന്റ് മേസൺ എന്നിവിടങ്ങളിലെ ഓൺലൈൻ സ്‌റ്റോറുകൾ വഴിയും അമേരിക്ക യൂറോപ്പ് റഷ്യ മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലും ആയി ഉൽപ്പന്നങ്ങൾ വിൽക്കുന്ന വലിയൊരു ബ്രാന്റ് ആണ് ഇവർ.
ക്ലൈവ് ക്രിസ്റ്റ്യൻ, ഗന്ധങ്ങളുടെ മാസ്മരിക ലോകം സൃഷ്ടിക്കാൻ തുടങ്ങുന്നത് 1872 മുതലാണ്. വൈവിധ്യമാർന്ന സുഗന്ധദ്രവ്യങ്ങൾ നിർമ്മിക്കുകയും വികസിപ്പിക്കുയും ചെയ്ത് തുടങ്ങിയതോടെ ക്ലൈവ് ആ ലോകത്ത് പ്രശസ്തിയുടെ പടികൾ ചവിട്ടി തുടങ്ങി. ക്ലൈവ് ക്രിസ്റ്റ്യന്റെ ഉത്പ്പന്നങ്ങളിൽ എടുത്തു പറയേണ്ട ഒന്ന് ‘നമ്പർ വൺ പെർഫ്യൂം’ ആണ്. ഏറ്റവും വിലയേറിയതും അപൂർവ്വവും ഉയർന്ന നിലവാരവുമുള്ള ചേരുവകൾ മാത്രം ഉപയോഗിച്ചാണ് നമ്പർ വൺ പെർഫ്യൂം നിർമ്മിക്കുന്നത്.
നമ്പർ വണ്ണിന്റെ അപൂർവ്വത ഗന്ധത്തിൽ മാത്രമല്ല അതിന്റെ കുപ്പിയിലും ക്ലൈവ് നിറച്ചിട്ടുണ്ട്. നമ്പർ വൺ പെർഫ്യൂമിന് വേണ്ടി മനോഹരമായി അലങ്കരിച്ച ഒരു ക്രിസ്റ്റൽ ഫ്ലാക്കൺ കുപ്പിയാണ് ക്ലൈവ് വികസിപ്പിച്ചെടുത്തത്. പിന്നീട് അധികം വൈകാതെ ലോകത്തിലെ തന്നെ ഏറ്റവും ചിലവേറിയ പെർഫ്യൂം ആയി ഇത് അംഗീകരിക്കപ്പെടുകയായിരുന്നു. വിപണിയിൽ നമ്പർ വണ്ണിന്റെ മണവും കുപ്പിയും എല്ലാം ഉപയോക്താക്കളെ തുടക്കം മുതൽ തന്നെ ആകർഷിച്ചു.
പേരിൽ വൈവിധ്യം ആവശ്യമാണെന്ന് മനസ്സിലാക്കിയ ക്ലൈവ് തന്റെ ഈ സൃഷ്ടിക്ക് ‘നമ്പർ വൺ പാസന്റ് ഗാർഡന്റ്’ എന്നാക്കി. ഇതിന്റെ കുപ്പിക്ക് പിന്നീട് വന്ന മാറ്റം എല്ലാവരെയും അത്ഭുതപ്പെടുത്തി. ലാസ്റ്റിസ് വർക്കിൽ 24കാരറ്റ് സ്വർണ്ണത്തോടെയാണ് കുപ്പി രൂപകൽപ്പന ചെയ്തത്. ലാസ്റ്റിക്ക് വർക്കിൽ 2000ലധികം വെളുത്ത വജ്രങ്ങളും ഇതിലെ മുദ്രയിൽ കാണുന്ന സിംഹത്തിന്റെ കണ്ണുകളിൽ രണ്ട് മഞ്ഞ വജ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. അതിൽ അപൂർവ്വമായ പിങ്ക് വജ്രം സിംഹത്തിന്റെ നാവിനെ അടയാളപ്പെടുത്തുന്നു. നമ്പർ വണ്ണിന്റെ സുഗന്ധം മാത്രമല്ല ഈ കുപ്പിയും എല്ലാവരുടെയും സ്വപ്നങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ്.