സ്ഥിരമായ സൈന്യമോ, നാവികസേനയോ, വ്യോമസേനയോ ഇല്ല. ഏറ്റവും കുറഞ്ഞ കുറ്റകൃത്യങ്ങൾ. തോക്കുകൾ കൈവശം വയ്ക്കാത്ത നിയമപാലകർ. അസൂയാവഹമായ വിദ്യാഭ്യാസ-ക്ഷേമസംവിധാനം. ജോലികളുടെയും വരുമാനത്തിന്റെയും ആത്മനിഷ്ഠമായ ക്ഷേമബോധത്തിന്റെയും കാര്യത്തിൽ മികച്ച ഇടം. ഇത് ഈ ഭൂമിയിൽ തന്നെയുള്ളതാണോ എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും. എന്നാൽ ഇവിടെ, നമ്മുടെ ഭൂമിയിൽ തന്നെയുള്ള ഒരു രാജ്യമാണ് ഇത്. ലോകത്തിൽ ഏറ്റവും സമാധാനപരമായ രാജ്യം എന്ന് വിശേഷിപ്പിക്കുന്ന ഐസ്ലാൻഡ് ആണ് ഈ പ്രത്യേകതകൾ കൊണ്ട് നിറഞ്ഞിരിക്കുന്നത്. 2008 ൽ സൂചിക ആരംഭിച്ചതിനുശേഷം തുടർച്ചയായി 17-ാം വർഷമാണ് അവർ ഒന്നാം സ്ഥാനം നിലനിർത്തുന്നത്.
വടക്കേ അമേരിക്കയ്ക്കും യൂറോപ്പിനുമിടയിലുള്ള മിഡ്-അറ്റ്ലാന്റിക് പർവതനിരയിൽ, വടക്കൻ അറ്റ്ലാന്റിക്, ആർട്ടിക് സമുദ്രങ്ങൾക്കിടയിലുള്ള ഒരു ദ്വീപുരാജ്യമാണ് ഐസ്ലാൻഡ്. യൂറോപ്പുമായി സാംസ്കാരികമായും രാഷ്ട്രീയമായും ബന്ധപ്പെട്ടിരിക്കുന്ന ഈ രാജ്യത്ത് ജനസാന്ദ്രത കുറവാണ്.
അഗ്നിപർവതങ്ങൾ, ഹിമാനികൾ, വെള്ളച്ചാട്ടങ്ങൾ, ലാവാ തുരങ്കങ്ങൾ എന്നിവയാൽ നിറഞ്ഞ മനോഹരമായ പ്രകൃതിദൃശ്യങ്ങൾ മുതൽ നോർത്തേൺ ലൈറ്റ്സ് പോലുള്ള അതിശയിപ്പിക്കുന്ന പ്രതിഭാസങ്ങൾ വരെ ഐസ്ലാൻഡിലുണ്ട്.
ഐസ്ലാൻഡിനെ തീയുടെയും ഹിമത്തിന്റെയും നാട് എന്ന് വിളിക്കുന്നതിന് ഒരു കാരണമുണ്ട്. ഇവിടെ അഗ്നിപർവതങ്ങളും ലാവാ തുരങ്കങ്ങളും ഹിമാനികളുമായും ഹിമപാളികളുമായും യോജിച്ച് നിലനിൽക്കുന്നു. പ്രകൃതിദൃശ്യങ്ങളുടെയും പ്രകൃതി പ്രതിഭാസങ്ങളുടെയും വൈവിധ്യമാണ് ഐസ്ലാൻഡ് ഇത്രയധികം പ്രശസ്തമാകാനുള്ള പ്രധാന കാരണങ്ങളിലൊന്ന്.
മഞ്ഞു വീഴാൻ തുടങ്ങുകയും ക്രിസ്തുമസിന്റെ അനുഭൂതി അന്തരീക്ഷത്തിൽ എത്തുകയും ചെയ്തുകഴിഞ്ഞാൽ, ഐസ്ലാൻഡുകാർ ജലബോകഫ്ലോ എന്ന അവധിക്കാലത്തിലേക്കു പ്രവേശിക്കും. പുസ്തകങ്ങൾ നൽകാനും സ്വീകരിക്കാനും ആളുകളെ പ്രോത്സാഹിപ്പിക്കുന്ന ഒരു സമയമാണിത്. ഈ പാരമ്പര്യം ഐസ്ലാൻഡുകാരുടെ സാഹിത്യസ്നേഹത്തെ പ്രതീകപ്പെടുത്തുന്നു. കൂടാതെ, ലോകത്തിലെ ഏറ്റവും സാക്ഷരതയുള്ള രാജ്യങ്ങളിലൊന്നായി ഐസ്ലാൻഡ് മാറാനുള്ള ഒരു കാരണവുമാണിത്.
ഐസ്ലാൻഡുകാരുടെ ശാന്തമായ സമാധാനത്തിന് ഒരു ഭീഷണി അടുത്തിടെ നേരിടേണ്ടിവന്നിരുന്നു. 2022 ൽ, ഒരു ഭീകരാക്രമണത്തിനുള്ള തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട് റെയ്ക്ജാവിക് പൊലീസ് നാലുപേരെ അറസ്റ്റ് ചെയ്തു. അത്തരത്തിലുള്ള ഏതെങ്കിലും പ്രവർത്തനം രാജ്യം രേഖപ്പെടുത്തിയ ആദ്യ വർഷമായിരുന്നു അത്. ഭാഗ്യവശാൽ, അതിനുശേഷം കൂടുതൽ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.