പച്ചക്കറി, മത്സ്യം, മാംസം എന്നിവയൊക്കെ നമ്മുടെ ശരീരത്തിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന ഭക്ഷണവിഭവങ്ങളാണ്. ഇവയെല്ലാം നമ്മുടെ ശരീരത്തിന് വളരെ അത്യാവശ്യവുമാണ്. ഇത്തരത്തിൽ, നമ്മുടെ ശരീരത്തിന് ഏറ്റവും ആവശ്യമുള്ള പലതരം പച്ചക്കറികളുണ്ട്. എന്നാൽ, നമുക്ക് എപ്പോഴും പ്രിയപ്പെട്ടതായ ചില പച്ചക്കറികളുമുണ്ട്. ‘സോളാനം ലൈക്കോപെർസിക്കം’ എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന തക്കാളിയാണ് അക്കൂട്ടത്തിൽ പ്രധാനി. ലോകമെമ്പാടുമുള്ളവർക്ക് പ്രിയപ്പെട്ട ഒരു പച്ചക്കറിയാണ് തക്കാളി. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരുപോലെ ഇഷ്ടപ്പെടുന്ന തക്കാളി മാത്രമല്ല ഉള്ളി, മുളക്, കുരുമുളക് എന്നിവയും ജനപ്രിയ പച്ചക്കറികളാണ്.
തക്കാളിയുടെ വരവ്
തെക്കേ അമേരിക്കയും മധ്യ അമേരിക്കയുമാണ് തക്കാളിയുടെ ജന്മദേശം. വർഷങ്ങളായി, തക്കാളി ഒരു പഴമാണോ പച്ചക്കറിയാണോ എന്നതിനെക്കുറിച്ച് ചൂടേറിയ ചർച്ചകൾ നടന്നിട്ടുണ്ട്. മിക്ക പോഷകാഹാര വിദഗ്ധരുടെയും അഭിപ്രായത്തിൽ തക്കാളി ഒരു പച്ചക്കറിയാണ്. എന്നിരുന്നാലും, സസ്യശാസ്ത്രജ്ഞർ തക്കാളിയെ ഒരു പഴമായിട്ടാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ, തക്കാളിയുടെ പോഷകമൂല്യം കാരണം അവ പച്ചക്കറിയുടെ വിഭാഗത്തിൽപെടുന്നു. മറുവശത്ത് അവ പഴങ്ങളാണ്. കാരണം അവ ഒരു സസ്യ അണ്ഡാശയത്തിൽ നിന്നു രൂപംകൊള്ളുകയും സസ്യത്തിന്റെ വിത്തുകൾ ഉള്ളതുമാണ്. അതിനാൽ, വിത്തുകളടങ്ങിയ പഴുത്ത പുഷ്പ അണ്ഡാശയമാണ് തക്കാളി.
ലോകത്ത് പ്രതിവർഷം 177.04 മെട്രിക് ടൺ തക്കാളി ഉത്പാദിപ്പിക്കപ്പെടുന്നു. ചൈന, ഇന്ത്യ, അമേരിക്ക എന്നിവയാണ് ഏറ്റവും വലിയ തക്കാളി ഉൽപാദകർ. ലോകത്തിലെ ഏറ്റവും കൂടുതൽ തക്കാളി കയറ്റുമതി ചെയുന്നത് നെതർലാൻഡ്‌സ്, മെക്സിക്കോ, സ്പെയിൻ എന്നീ രാജ്യങ്ങളാണ്. ഉദാഹരണത്തിന്, 2017 ൽ നെതർലാൻഡ്‌സ് രണ്ടു ബില്യൺ യു എസ് ഡോളറിന്റെ തക്കാളി കയറ്റുമതി ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ തക്കാളി കയറ്റുമതിക്കാരാണ് ഈ രാജ്യം. മറുവശത്ത്, മെക്സിക്കോ 1.9 ബില്യൺ യു എസ് ഡോളറിന്റെ തക്കാളി കയറ്റുമതി ചെയ്യുമ്പോൾ സ്പെയിൻ 1.1 ബില്യൺ യു എസ് ഡോളറിന്റെ തക്കാളി കയറ്റുമതി ചെയ്യുന്നു.
ഉള്ളി
ലോകത്തിലെ ഏറ്റവും ജനപ്രിയമായ രണ്ടാമത്തെ പച്ചക്കറിയാണ് ഉള്ളി. വർഷത്തിൽ, 93.17 മെട്രിക് ടൺ ഉള്ളിയാണ് ലോകത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ഉള്ളി ഉൽപാദകർ ചൈന (22.3 മെട്രിക് ടൺ), ഇന്ത്യ (19.3 മെട്രിക് ടൺ), യു എസ് (3.16 മെട്രിക് ടൺ) എന്നിവരാണ്. മികച്ച ഗുണനിലവാരവും കുറഞ്ഞ വിലയും കാരണം ചൈനയുടെ ഉള്ളി ലോകമെമ്പാടും പ്രശസ്തമാണ്. 2017 ൽ, നെതർലാൻഡ്‌സ്, ചൈന, മെക്സിക്കോ എന്നീ രാജ്യങ്ങൾ ലോകത്തിലെ ഏറ്റവും മികച്ച ഉള്ളി കയറ്റുമതിക്കാരിൽ ഉൾപ്പെടുന്നു. ഈ രാജ്യങ്ങൾ യഥാക്രമം 545.6 മില്യൺ യു എസ് ഡോളർ, 507.2 മില്യൺ യു എസ് ഡോളർ, 386.7 മില്യൺ യു എസ് ഡോളർ എന്നിങ്ങനെ വിലവരുന്ന ഉള്ളി കയറ്റുമതി ചെയ്തു. മറുവശത്ത്, 2016 ലെ പ്രധാന ഉള്ളി ഇറക്കുമതിക്കാർ യു എസ്, യു കെ, മലേഷ്യ എന്നിവരായിരുന്നു.
മുളകും കുരുമുളകും
ലോകത്തിലെ ഏറ്റവും ജനപ്രിയമായ പച്ചക്കറികളിൽ ഏഴാമത്തെ സ്ഥാനമാണ് മുളകിനും കുരുമുളകിനും ഉള്ളത്. ലോകത്തിൽ മൊത്തം 34.50 മെട്രിക് ടൺ മുളകും കുരുമുളകുമാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. 2016 ൽ മുളകിന്റെയും കുരുമുളകിന്റെയും മുൻനിര കയറ്റുമതിക്കാർ മെക്സിക്കോ (1.2 ബില്യൺ യു എസ് ഡോളർ), സ്പെയിൻ (1.1 ബില്യൺ യു എസ് ഡോളർ), നെതർലാൻഡ്‌സ് (944.5 മില്യൺ യു എസ് ഡോളർ) എന്നിവരായിരുന്നു. ഉൽപാദനത്തിന്റെ കാര്യത്തിൽ, മുളകിന്റെയും കുരുമുളകിന്റെയും മുൻനിര ഉൽപാദകർ ചൈന (16.1 മില്യൺ ടൺ), മെക്സിക്കോ (2.7 മില്യൺ ടൺ), തുർക്കി (2.1 മില്യൺ ടൺ) എന്നിവരാണ്. മറുവശത്ത്, ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്നവർ ചൈന, മെക്സിക്കോ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നീ രാജ്യങ്ങളാണ്.
പച്ചക്കറിയിലെ ആരോഗ്യഗുണങ്ങൾ
ഉള്ളി, തക്കാളി, മുളക്, കുരുമുളക് എന്നിവയെല്ലാം ഭക്ഷണത്തിന് രുചി കൂട്ടുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. ഇതിനുപുറമെ, ഹൃദ്രോഗസാധ്യത കുറയ്ക്കുക, ആരോഗ്യമുള്ള അസ്ഥികൾ നിലനിർത്തുക, ആന്റിഓക്‌സിഡന്റ് ആയി പ്രവർത്തിക്കുക, ആളുകൾക്ക് ആരോഗ്യകരമായ ചർമ്മം നൽകുക തുടങ്ങിയ ആരോഗ്യഗുണങ്ങളും തക്കാളിക്കുണ്ട്.
കുരുമുളക് ദഹനം മെച്ചപ്പെടുത്തുന്നു, ആസ്ത്മ രോഗികൾക്ക് എളുപ്പത്തിൽ ശ്വസിക്കാൻ സഹായിക്കുന്നു, തലവേദന കുറയ്ക്കുന്നു. കൂടാതെ, വിറ്റാമിൻ സി യുടെ ഉറവിടവുമാണ് കുരുമുളക്.
ഉള്ളിയിൽ സാധാരണ പഞ്ചസാരയുടെ അളവ്, വിറ്റാമിൻ എ, ബി 6, സി, ഇ, ഭക്ഷണനാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം, ഇരുമ്പ്, സോഡിയം തുടങ്ങിയ ധാതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്.