Thursday, April 3, 2025

ഉഷുവായ, ഇവിടെയാണ് ഭൂമിയുടെ ഏറ്റവും അറ്റത്തെ നഗരം

ഭൂമിയുടെ അറ്റം എവിടെയാണെന്ന് ഒരിക്കലെങ്കിലും ആലോചിച്ചിക്കാത്തവർ ഉണ്ടാകില്ല. എന്നാൽ അങ്ങനൊരു ഇടമുണ്ട്. ഭൂമിയുടെ ഏറ്റവും അറ്റത്തു സ്ഥിതിചെയ്യുന്ന ഒരു നഗരമുണ്ട്! ആ ന​ഗരത്തെ ഒന്ന് പരിചയപ്പെടാം.

ലോകത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നഗരമായ ഉഷുവായ ആണ് ലോകത്തിന്റെ ഏറ്റവും അറ്റത്തുള്ളത് എന്ന് അവകാശപ്പെടുന്ന ന​ഗരം. അർജന്റീനയിലെ ഉഷുവായ ന​ഗരം 82,615 ജനസംഖ്യയുള്ള ഒരു ചെറുന​ഗരമാണ്. അർജന്റീനയിലെ ഇസ്ലാ ഗ്രാൻഡെ ഡി ടിയറ ഡെൽ ഫ്യൂഗോയുടെ തെക്കൻതീരത്തുള്ള വിശാലമായ ഒരു ഉൾക്കടലിലാണ് ഉഷുവായ സ്ഥിതിചെയ്യുന്നത്. ഭൂമിയുടെ തെക്കേ അറ്റത്തുള്ള, മനുഷ്യവാസമുള്ള അവസാനത്തെ സ്ഥലം എന്ന ഖ്യാതിയാണ് ഉഷുവായയ്ക്കുള്ളത്.

ഒരു ഭരണകേന്ദ്രം എന്നതിനപ്പുറം ഇതൊരു ലഘു വ്യാവസായിക തുറമുഖവും വിനോദസഞ്ചാര കേന്ദ്രവുമാണ്. അന്റാർട്ടിക്ക് ഉപദ്വീപിൽ നിന്ന് ഏകദേശം 1,100 കിലോമീറ്റർ (680 മൈൽ) അകലെ സ്ഥിതിചെയ്യുന്ന ഉഷുവായ, അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട അഞ്ച് അന്റാർട്ടിക്ക് ഗേറ്റ്‌വേ നഗരങ്ങളിലൊന്നാണ്. കടലും പർവതങ്ങളുംകൊണ്ട് ചുറ്റപ്പെട്ട ഈ നഗരം പ്രകൃതിയുടെ മഹത്വത്തിന്റെ അതിമനോഹരമായ കാഴ്ചകൾ പ്രദാനം ചെയ്യുന്നു. എല്ലാ കാഴ്ചപ്പാടുകളിൽ നിന്നും ദൃശ്യമാകുന്ന വർണ്ണാഭമായ നിറങ്ങളും വിശാലമായ വിസ്തൃതികളും ഇവിടുത്തെ വലിയൊരു ആകർഷണമാണ്.

ടിയറ ഡെൽ ഫ്യൂഗോ പ്രവിശ്യയുടെയും അന്റാർട്ടിക്കയുടെയും ദക്ഷിണ അറ്റ്ലാന്റിക് ദ്വീപുകളുടെയും തലസ്ഥാനമാണ് ഉഷുവായ. തെക്കേ അമേരിക്കയുടെ ഏറ്റവും അറ്റത്ത്, ടിയറ ഡെൽ ഫ്യൂഗോ ദ്വീപസമൂഹത്തിൽ സ്ഥിതിചെയ്യുന്നതിനാലും അന്റാർട്ടിക്കയിലേക്കുള്ള ഒരു കവാടമെന്ന നിലയിലുള്ളതിനാലുമാണ് ലോകത്തിന്റെ അവസാനം എന്ന് ഇതിനെ വിശേഷിപ്പിക്കുന്നത്.

അതിശയകരമായ പ്രകൃതിദൃശ്യങ്ങൾകൊണ്ട് അദ്ഭുതം സൃഷ്ടിക്കുന്ന സ്ഥലമാണ് ഇത്. ഇവിടേക്കു വരുന്ന സഞ്ചാരികളെ കാത്ത് നിരവധി കാര്യങ്ങളുണ്ട്. ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾക്കുള്ള ഒരു പ്രധാന ആകർഷണമാണ് എൻഡ് ഓഫ് ദി വേൾഡ് ട്രെയിൻ ടൂർ – പ്രകൃതിരമണീയമായ ഒരു ട്രെയിൻ യാത്രയാണിത്. സഞ്ചാരപ്രിയർക്ക് എക്കാലവും ഓർമ്മിക്കാനാകുന്ന ഒരു ഇടമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News