“മകൾ ജീവിച്ചിരുന്നപ്പോൾ വെള്ളത്തിനായി അവൾ യാചിച്ചുകൊണ്ടിരുന്നു. പക്ഷേ, അവൾക്ക് ഒരു സ്പൂൺ വെള്ളം പോലും നൽകാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. അത് എന്നെ എന്നും വേദനിപ്പിക്കുന്നു. അതിനു ശേഷം ഞാൻ ചിന്തിച്ചു, എന്റെ മകൾ ചെയ്ത തെറ്റ് എന്താണ്? ഇങ്ങനെ വേദനയോടെ മരിക്കാൻ അവൾ എന്ത് ചെയ്തു? അവളുടെ ആ മുറിവുകൾ, ആ വേദന അതാണ് എന്റെ കുഞ്ഞിനു വേണ്ടി നീതിക്കായി പോരാടാൻ എന്നെ ശക്തയാക്കിയത്” – ആശാദേവി എന്ന അമ്മയുടെ വാക്കുകൾ ഇടറുകയാണ്. മകളുടെ ഓർമ്മകൾ ശക്തയാക്കി മാറ്റിയ ഒരു അമ്മയാണ് ആശ. ജീവിക്കാൻ ഒരുപാട് ആഗ്രഹിച്ച് സ്വപ്നം കണ്ടു മുന്നേറിയ മകളുടെ ജീവിതം തല്ലിക്കെടുത്തിയ നരാധമന്മാർക്ക് തൂക്കുകയർ വാങ്ങികൊടുക്കുവോളം പോരാടിയ ആ അമ്മയെ അറിയാം…
ആശാദേവിയുടെ ഉയിർത്തെഴുന്നേൽപ്പ്
‘നിർഭയ’! പത്തു വർഷങ്ങൾക്കു മുൻപ് ഒരു ഡിസംബർ പതിനാറിന് ഉരുത്തിരിഞ്ഞ പേര്. ഉരുകിയൊലിച്ച വേദനയിലും ശരീരത്തിനേറ്റ ക്രൂരതകൾക്കിടയിലും സധൈര്യം പിടിച്ചുനിൽക്കാൻ ശ്രമിച്ചവൾ. തന്നെ നശിപ്പിച്ച പ്രതികളുടെ വിവരങ്ങൾ മനം നൊന്തും സാക്ഷ്യപ്പെടുത്തി അവൾ മണ്മറഞ്ഞു. അതെ, അവൾ നിർഭയ ആയിരുന്നു! 12 ദിവസങ്ങൾക്കു ശേഷം ഡിസംബർ 29- ന് സിംഗപ്പൂരിലെ ആശുപത്രിയിൽ നിർഭയ മരണത്തിനു കീഴടങ്ങിയപ്പോൾ ഇന്ത്യ ഒന്നാകെ അവൾക്കായി അണിനിരന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ രാജ്യത്തുടനീളം പ്രതിഷേധപ്രകടനങ്ങൾ അരങ്ങേറി. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളെ ചെറുക്കാൻ രാജ്യത്ത് കർശന നിയമം കൊണ്ടുവരണമെന്ന ആവശ്യം ശക്തിപ്പെട്ടു.
തന്റെ മകൾക്ക് നീതി ലഭിക്കുന്നതിനായി കയറിയിറങ്ങിയ, കരഞ്ഞുതീർത്ത രാവുകളുടെ കഥ പറയുന്ന ഒരു അമ്മയുണ്ട് ഈ പോരാട്ടങ്ങളുടെയെല്ലാം പിന്നിൽ. മകൾക്ക് നീതി ലഭിക്കുന്നതിനായി ഈ ‘അമ്മ കടന്നുപോയ കനൽവഴികൾ ഏറെയായിരുന്നു. പതറിയില്ല അവർ. അവസാന നിമിഷം പോലും വേദനയോടെ, ചങ്ക് മുറിഞ്ഞു മകൾ പറഞ്ഞ കാര്യങ്ങൾ അവരുടെ മനം തകർത്തിരുന്നു. ആ വാക്കുകൾ തന്നെയാണ് ഈ അമ്മക്ക് കരുത്ത് പകർന്നതും. മകൾക്ക് നീതി ലഭിക്കാൻ ആശാദേവി എന്ന ഈ ‘അമ്മ നടത്തിയ പോരാട്ടങ്ങൾ ഇന്ത്യയുടെ ചരിത്രത്തിൽ രേഖപ്പെടുത്താൻ പാകത്തിലുള്ളതു തന്നെയായിരുന്നു.
ഇന്ത്യയിൽ ലൈംഗിക അതിക്രമങ്ങളെക്കുറിച്ചുള്ള ചർച്ചകളുടെ ഗതി മാറ്റിമറിച്ചത് ആശാദേവിയെന്ന അമ്മയുടെ തളരാത്ത പോരാട്ടമായിരുന്നു. വർഷങ്ങളോളം തന്റെ കുടുംബത്തിനുള്ളിൽ മാത്രം ജീവിച്ച ഒരു സാധാരണ വീട്ടമ്മ ആയിരുന്നു അവർ. കഴിഞ്ഞ പത്തു വർഷം കൊണ്ട് രാജ്യത്തെ സ്ത്രീകളുടെ സുരക്ഷക്കു വേണ്ടി നിരന്തരം പോരാടുന്ന ആക്ടിവിസ്റ്റ് ആയി അവർ മാറിയെങ്കിൽ അതിനു പിന്നിൽ തന്റെ മകൾ അനുഭവിച്ച വേദനയും ആ ദുർവിധി മറ്റാർക്കും ഉണ്ടാകരുതെന്ന നിശ്ചയദാർഢ്യവുമാണ്.
പതർച്ചകൾക്കു നടുവിലും കരുത്തു പകർന്ന മകളുടെ ഓർമ്മകൾ
ഉത്തരേന്ത്യൻ സംസ്ഥാനമായ ഉത്തർപ്രദേശിലെ ഒരു പിന്നോക്ക ജില്ലയിലാണ് ആശയുടെ ജനനം. അടുത്തെങ്ങും സ്‌കൂൾ ഇല്ലാത്തതിനാൽ എട്ടാം ക്ലാസോടെ പഠനം അവൾക്ക് ഉപേക്ഷിക്കേണ്ടിവന്നു. പിന്നീട് വിവാഹവും കുടുംബജീവിതവും ഒക്കെയായി വീടിനുള്ളിലേക്ക് അവൾ ഒതുങ്ങിപ്പോയിരുന്നു. തനിക്ക് നഷ്‌ടമായ വിദ്യാഭ്യാസം മകൾക്ക് ലഭിക്കണമെന്നത് ഈ അമ്മയുടെ ആഗ്രഹമായിരുന്നു. അതിനാൽ തന്നെ തന്റെ മകളെ ദൂരെ അയച്ചാണെങ്കിലും പഠിപ്പിക്കാൻ അവർ തയ്യാറായി.
മകളുടെ മരണശേഷം പലപ്പോഴും നിസ്സഹായയായി നിൽക്കുന്ന ഈ അമ്മയുടെ മുഖം ഇന്ത്യയ്ക്ക് പരിചിതമായിരുന്നു. പലപ്പോഴും കോടതിവിധിയുടെ അർത്ഥം പോലും അവൾക്ക് മനസിലാക്കാൻ കഴിഞ്ഞില്ല. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കു മുന്നിൽ എന്തു പറയണം എന്നറിയാതെ പൊട്ടിക്കരഞ്ഞ ആശാദേവി എന്ന ഈ അമ്മക്ക് സഹായവുമായി അനേകം അഭിഭാഷകരും എത്തി. അവിടെ നിന്നും ആശ എന്ന വീട്ടമ്മയുടെ യാത്ര ആരംഭിക്കുകയായിരുന്നു.
ഭീതിപ്പെടുത്തുന്ന ശിക്ഷയ്ക്കു മാത്രമേ സാഹചര്യങ്ങളെ മാറ്റാൻ സാധിക്കൂ എന്ന് ഈ അമ്മ തന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ ഉറക്കെ പ്രഖ്യാപിച്ചു. വിചാരണ തുടങ്ങിയതോടെ ആശാദേവി കോടതിമുറികളിലെ ഒഴിവാക്കാനാകാത്ത സാന്നിധ്യമായിരുന്നു. ഒരു തെറ്റും ചെയ്തിട്ടില്ലാത്ത തന്റെ മകൾ അനുഭവിച്ച വേദനയിൽ നിന്നാണ് പോരാടാനുള്ള വീര്യവും നിശ്ചയദാർഢ്യവും തനിക്ക് ഉണ്ടായതെന്ന് ആശ പറഞ്ഞിട്ടുണ്ട്.
സാമൂഹ്യപ്രവർത്തക എന്ന നിലയിലേക്കുള്ള യാത്ര
മകളുടെ മരണത്തിന് കാരണക്കാരായവർ തൂക്കിലേറ്റപ്പെട്ട് മാസങ്ങൾക്കു ശേഷം പീഡനത്തിനിരയായ എല്ലാ പെൺകുട്ടികൾക്കും നീതി ഉറപ്പാക്കാൻ നിരന്തരം പോരാടുമെന്ന് അവർ പ്രതിജ്ഞയെടുത്തു. സ്വന്തം മകൾക്ക് നീതി ലഭിക്കാനും രാജ്യത്തെ എല്ലാ പെൺകുട്ടികളുടെയും സുരക്ഷക്കായി നീതിന്യായ സംവിധാനത്തിൽ മാറ്റങ്ങൾ കൊണ്ടുവരാനുമായി അവർ നിരന്തരം ക്യാമ്പയ്നുകൾ സംഘടിപ്പിച്ചു. കൂടാതെ, ബലാത്സംഗത്തെ അതിജീവിച്ചവരെ സഹായിക്കാനും ഗാർഹികപീഡനത്തിന് ഇരയായവർക്ക് നിയമോപദേശം നൽകാനുമായി മകളുടെ പേരിൽ ആശാദേവി ഒരു ട്രസ്റ്റ് രൂപീകരിച്ചു. വിരമിച്ച ജഡ്ജിമാർ, അഭിഭാഷകർ, പോലീസ് ഉദ്യോഗസ്ഥർ, ആക്ടിവിസ്റ്റുകൾ എന്നിവരും ഈ ടീമിലുണ്ട്.
നീണ്ട ഏഴു വർഷങ്ങൾ. ആശയുടെ ജീവിതത്തിലെ മറക്കാനാവാത്ത കാലയളവാണ് ഇത്. മകളുടെ അവസാന നിമിഷങ്ങൾ മാത്രം കണ്മുൻപിൽ കണ്ട ഒരു അമ്മയുടെ പ്രതികാര പോരാട്ടമായിരുന്നു ഈ നാളുകളിൽ നടന്നത്. തളരാമായിരുന്ന നിരവധി സാഹചര്യങ്ങൾ ഉണ്ടായിരുന്നിട്ടും പിടിച്ചുനിന്നു. മകൾക്കായി പഠിച്ചുകയറി. ഡിസംബർ 16 പോലൊരു ദിവസം ഇനി ഒരമ്മയുടെ ജീവിതത്തിലും ഉണ്ടാകാതിരിക്കാനാണ് തന്റെ പ്രവർത്തനങ്ങളെന്നു ആശാദേവി പറയുന്നു