സമൂഹത്തിൽ മറ്റെല്ലാവരെയും പോലെ ജീവിക്കാൻ അവകാശമുള്ളവരാണ് ട്രാൻസ് വിഭാഗത്തിൽപെട്ടവർ. എന്നാൽ സമൂഹത്തിന്റെ മുൻനിരയിൽ പോയിട്ട് പിൻനിരയിൽ പോലും അവരെ എത്തിക്കാനോ, അവർക്ക് അർഹമായ പരിഗണന നൽകാനോ പലപ്പോഴും നമ്മുടെ സമൂഹം തയ്യാറല്ല. ഇവരിൽ, തങ്ങൾക്ക് എതിരായി നിൽക്കുന്ന സമൂഹത്തിനെതിരെ പോരാടി ജയിക്കുന്നവർ വളരെ ചുരുക്കം ചിലർ മാത്രമാണ്. അതിന് പ്രധാന കാരണം, സമൂഹത്തിൽ നിന്നുള്ള ഒറ്റപ്പെടലും സാധ്യതകളെ എങ്ങനെ വിനിയോഗിക്കണമെന്ന അറിവില്ലായ്മയുമാണ്. ട്രാൻസ് വിഭാഗം ആളുകൾ നേരിടുന്ന ഈ പ്രശ്നത്തിന് ഒരു പരിഹാരം കൊണ്ടുവന്നിരിക്കുകയാണ് തമിഴ്‌നാട്ടിലെ ഒരു നൃത്തപഠനകേന്ദ്രം.
ദക്ഷിണേന്ത്യൻ സംസ്ഥാനമായ തമിഴ്‌നാട്ടിലെ ഒരു സ്‌കൂൾ ആണ് ട്രാൻസ് ജെൻഡേഴ്‌സ് വനിതകൾക്ക് സൗജന്യ നൃത്തപരിശീലനം നൽകിക്കൊണ്ട് അവരുടെ സ്വപ്നങ്ങൾക്ക് നിറമേകുന്നത്. ചെന്നൈ നഗരത്തിൽ സ്ഥിതിചെയ്യുന്ന സ്‌കൂൾ, ഒരു അനാഥാലയവും ട്രാൻസ് ജെൻഡറുകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സർക്കാരിതര സംഘടനയായ ഹോദരൻ ഫൗണ്ടേഷനും സംയുക്തമായാണ് നടത്തുന്നത്. ഇന്ത്യയിലുടനീളം ഏകദേശം 20 ലക്ഷം ട്രാൻസ് ജെൻഡർമാരുണ്ടെന്നാണ് കണക്കുകൾ നൽകുന്ന സൂചന. എന്നാൽ സാമൂഹ്യപ്രവർത്തകർ വെളിപ്പെടുത്തുന്നത് ഈ കണക്കുകൾക്കു മുകളിലാണ് ഇന്ത്യയിലെ ട്രാൻസ് വിഭാഗത്തിന്റെ എണ്ണം എന്ന യാഥാർത്ഥ്യമാണ്. സമൂഹത്തിൽ എല്ലാ അവകാശങ്ങളോടും കൂടെ ജീവിക്കാനുള്ള നിയമപരമായ അവകാശങ്ങളുണ്ട് എങ്കിലും പലപ്പോഴും വിവേചനവും അപഹാസ്യങ്ങളുമാണ് ഈ സമൂഹത്തിന് നേരിടേണ്ടിവരുന്നത്. ഇതിന് ഒരു അറുതി വരുത്താനാണ് ഈ നൃത്തപരിശീലന പരിപാടി ആരംഭിക്കുന്നത്.
പല ട്രാൻസ് ജെൻഡറുകൾക്കും ഭരതനാട്യം എന്നത് ഒരു സ്വപ്‌നമാണെന്ന് സംഘടന നടത്തിയ പഠനത്തിലൂടെ വെളിപ്പെട്ടു. പക്ഷേ, തങ്ങളുടെ സമൂഹത്തിനു നേരിടേണ്ടിവരുന്ന അധിക്ഷേപങ്ങളും അപമാനങ്ങളുമോർത്ത് അവർ തങ്ങളുടെ സ്വപ്നം ഉപേക്ഷിക്കുകയായിരുന്നു. മാത്രവുമല്ല, ട്രാൻസ് വിഭാഗത്തെക്കൂടി ഉൾപ്പെടുത്തി ഈ ക്‌ളാസിക്കൽ കലാരൂപം പഠിപ്പിക്കാൻ ആരും തയ്യാറായിരുന്നില്ല എന്ന്വേണം പറയാൻ. അങ്ങനെയാണ് ഇവർക്കായി ഒരു ഡാൻസ് സ്‌കൂൾ ആരംഭിച്ചത്.
ഇവിടെ കടന്നുവരുന്ന ട്രാൻസ് ജെൻഡറുകൾക്ക് സൗജന്യമായി നൃത്തം അഭ്യസിക്കാനുള്ള അവസരം ലഭ്യമാക്കിക്കൊണ്ടാണ് സംഘടനാപ്രവർത്തകർ ഈ സംരംഭത്തിന് തുടക്കം കുറിച്ചത്. ഇവിടെ പഠിക്കാനെത്തുന്നവരിൽ ഭൂരിഭാഗവും ജോലി ചെയ്യുന്നവരാണ്. ഇതിൽ ഒരാൾ ഓട്ടോറിക്ഷ ഓടിക്കുകയാണ്. അവരുടെ ഓരോ ക്ലാസ് കഴിയുമ്പോളും അധ്യാപകരായി എത്തുന്നവർക്ക് അത്ഭുതം ഏറുകയാണ്. കാരണം കല അഭ്യസിക്കാനുള്ള അവരുടെ ആത്മാർത്ഥമായ ആഗ്രഹവും കഠിനപരിശ്രമവും തന്നെ.
എല്ലാ ഞായറാഴ്ചകളിലുമാണ് ഇവർക്കായി ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ ഏറെ ആകാംക്ഷയോടെ ഓടിയെത്തി ക്ലാസിക്കൽ നൃത്തത്തിന്റെ അടിസ്ഥാനങ്ങൾ ഹൃദിസ്ഥമാക്കുന്ന ഇവർ അധ്യാപകരെയും കൂടുതൽ ഊർജ്ജസ്വലരാക്കുന്നു. ഓരോ ക്ലാസും വ്യത്യസ്ത അനുഭവങ്ങളണ് ഇവർക്കേവർക്കും സമ്മാനിക്കുന്നത്.
“ഭാരതനാട്യം പഠിക്കുക എന്നത് എന്റെ സ്വപ്നമായിരുന്നു. എന്നാൽ ഒരു സ്ത്രീയായി രൂപമാറ്റം വരുത്തിയതിനു ശേഷം പല സ്ഥാപനങ്ങളിലും ഞാൻ കയറിയിറങ്ങി എങ്കിലും ആരും എനിക്ക് അവസരം നൽകിയില്ല; തന്നെയുമല്ല എന്നെ ഒരുപാട് കളിയാക്കുകയും ചെയ്തു. ആഴ്ചയിൽ ആറു ദിവസവും ജോലി ചെയ്യുന്ന എനിക്ക് ഒരു ദിവസം എന്റെ ആഗ്രഹത്തിനായി മാറ്റിവയ്ക്കണം എന്നു തോന്നിയിരുന്നു. ഇപ്പോൾ അത് സാധ്യമായിരിക്കുകയാണ്. ഈ ഒരു ദിവസം ദൈവീകമായ ഒരു ശക്തി എന്നിൽ നിറയുന്നതായി എനിക്ക് അനുഭവിക്കാൻ കഴിയുന്നു” – സെൽവി സന്തോഷം എന്ന ട്രാൻസ് യുവതി പറയുന്നു.
ഈ സ്‌കൂളിൽ പരിശീലനം നേടിക്കൊണ്ടിരിക്കുന്ന ഓരോ ട്രാൻസ് ജെൻഡറുകളുടെയും സ്വപ്നമാണ് തങ്ങളുടെ അരങ്ങേറ്റം. അവർ സ്വപ്നം കാണുകയാണ്. തങ്ങളെ പരിഹസിക്കുന്ന, ആക്ഷേപിക്കുന്ന സമൂഹത്തിനു മുന്നിൽ നാട്ട്യകലയുടെ മൂർത്തീരൂപമായ ഭാരതനാട്യത്തിന്റെ ചുവടുകൾ വയ്ക്കുക എന്നത്. ഒപ്പം ഇന്നോളം തങ്ങൾ അനുഭവിച്ച വിവേചനകൾക്ക് ഒരു മറുപടിയും കൂടെയാണ് ഈ കലാരൂപത്തിലേക്ക് ഇവർ ആവാഹിക്കുന്നത്.