“പാറകളിൽ കൂടെ ആയിരുന്നു ആ യാത്ര. ശാരീരികമായും മാനസികമായും ഏറെ തളർന്നിരുന്നു ആ യാത്രയിൽ. ഒട്ടകം മുന്നോട്ട് വയ്ക്കുന്ന ഓരോ ചുവടിലും ഞാൻ വേദനകൊണ്ട് പുളയുകയായിരുന്നു. ദൈവം എന്നെ എടുത്ത് എന്റെ കുഞ്ഞിനെ സംരക്ഷിക്കട്ടെ, അങ്ങനെ എനിക്ക് വേദനയിൽ നിന്ന് രക്ഷപ്പെടാമല്ലോ എന്നുപോലും പ്രാർത്ഥിച്ച സമയം ഉണ്ടായിരുന്നു” വടക്ക്-പടിഞ്ഞാറൻ യെമനിലെ മഹ്വീത് പ്രവിശ്യയിൽ നിന്ന് 19 കാരിയായ ഒരു പൂർണ്ണ ഗർഭിണി അവളുടെ കുഞ്ഞിന് ജന്മം നൽകുവാനായി നടത്തിയ ക്ലേശപൂർണ്ണമായ യാത്ര വിവരിക്കുകയാണ്. മോന എന്ന യുവതിക്ക് കടന്നു പോയ നിമിഷങ്ങൾ ഓർക്കുമ്പോൾ ഭീതി നിറയും.
പാറക്കെട്ടുകളുടെ മുകളിലെ വീട്ടിൽ നിന്ന് 40 കിലോമീറ്റർ (25 മൈൽ) ആശുപത്രിയിലേക്കുള്ള യാത്രയിൽ അവൾ ഒട്ടകപ്പുറത്ത് സഞ്ചരിച്ചത് ഏഴു മണിക്കൂർ ആണ്. അതും പ്രസവ വേദന ആരംഭിച്ച സമയം. ഒട്ടകം പോകാൻ മടിച്ച വഴികളിൽ ആ വേദനയാൽ അവൾ തന്റെ ഭർത്താവിന് ഒപ്പം നടക്കുവാനും നിർബന്ധിതയായി. ഇത് മോന എന്ന യുവതിയുടെ അനുഭവം ആണെങ്കിൽ ഈ അനുഭവത്തിലൂടെ കടന്നുപോയ ആയിരക്കണക്കിന് സ്ത്രീകൾ മഹ്വീത് പ്രവിശ്യയിൽ ഉണ്ട്. ഈ പ്രവിശ്യയിൽ ആയിരക്കണക്കിന് സ്ത്രീകൾക്ക് വേണ്ടി നിലനിൽക്കുന്ന ഒരേയൊരു ആരോഗ്യ കേന്ദ്രമാണ് ബാനി സാദ് ആശുപത്രി. അൽ-മഖറ ഗ്രാമത്തിലെ മോനയുടെ വീട്ടിൽ നിന്ന് ഒട്ടകത്തിന്റെ പുറത്തേറിയോ കാൽനടയായോ മാത്രമേ ഈ ആശുപത്രിയിലേയ്ക്ക് എത്തുവാൻ കഴിയുകയുള്ളു. അതും ചെങ്കുത്തായ പർവത നിരകളിലൂടെ…
ആ യാത്രയിൽ മോനാ തന്റെ കുഞ്ഞിനെ ഓർത്ത് ഭയന്നിരുന്നു. വേദനകൾക്കും ദുരിതങ്ങൾക്കും ഇടയിൽ ആശുപത്രിയിൽ എത്തിയതിനെക്കുറിച്ച് മോനയ്ക്ക് ഓർമ്മയില്ല, പക്ഷേ മിഡ്വൈഫുകളുടെയും ശസ്ത്രക്രിയാ വിദഗ്ധരുടെയും കൈകളിലെ കുഞ്ഞിന്റെ കരച്ചിൽ കേട്ട് പ്രതീക്ഷ നിറഞ്ഞതായി ഈ യുവതി വെളിപ്പെടുത്തുന്നു.
ദുരിതപൂർണ്ണമായ ആശുപത്രി യാത്ര
ബാനി സാദ് ആശുപത്രിയിലേക്കുള്ള മഹ്വീത് പ്രവിശ്യയിലെ സ്ത്രീകളുടെ യാത്ര വളരെ ദുരിതപൂർണ്ണമായ ഒന്നാണ്. പൂർണ്ണമായും സ്ത്രീകൾക്ക് വേണ്ടിയുള്ള ആശുപത്രിയായതിനാൽ ഗ്രാമത്തിലെ ആയിരക്കണക്കിന് ഗർഭിണികളായ സ്ത്രീകൾ അവരുടെ പ്രസവത്തിനും മറ്റുമായി ആശ്രയിക്കുന്നത് ഈ ആശുപത്രിയെ ആണ്. അതിനാൽ തന്നെയാണ് ഇവിടേക്കുള്ള യാത്രയുടെ അപകട സാധ്യത വർദ്ധിക്കുന്നതും. പൂർണ്ണ ഗർഭിണികളായ സ്ത്രീകൾ ചെങ്കുത്തായ പാറകളും മറ്റും കയറുകയും ഒട്ടകപ്പുറത്ത് യാത്ര ചെയ്യുകയും ചെയ്യുന്നതിന്റെ ഭീകരത ഓർക്കാൻ കൂടി സാധ്യമല്ല.
ബാനി സാദ് ആശുപത്രിയുടെ സമീപ ഗ്രാമങ്ങളിൽ നിന്ന് ഇവിടേയ്ക്കുള്ള റോഡുകൾക്ക് വീതി കുറവാണ്. സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയും ഇറാന്റെ പിന്തുണയുള്ള വിമത ഹൂത്തി പ്രസ്ഥാനവും അവരെ പിന്തുണയ്ക്കുന്ന സർക്കാർ അനുകൂല സേനകളും തമ്മിലുള്ള എട്ട് വർഷത്തെ യുദ്ധം കാരണം റോഡുകളിൽ ചിലത് ശിഥിലമാകുകയോ തടയുകയോ ചെയ്ത അവസ്ഥയിൽ ആണ്. ഇത് മൂലം സ്ത്രീകളോ കുടുംബാംഗങ്ങളോ പങ്കാളികളോ പലപ്പോഴും ഗർഭിണികളെ മലമുകളിലൂടെ മണിക്കൂറുകളോളം എടുത്തുകൊണ്ടും ഒട്ടകപ്പുറത്തും മറ്റും ആണ് ആശുപത്രിയിൽ എത്തുന്നത്.
ഗർഭിണിയായ അമ്മയെ അനുഗമിച്ച 33 കാരിയായ സൽമ അബ്ദു, യാത്രയുടെ പാതിവഴിയിൽ രാത്രിയിൽ ഗർഭിണിയായ സ്ത്രീയെ വഴിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അത് വളരെ വേദനാജനകമായ ഒന്നാണെന്ന് അവർ വെളിപ്പെടുത്തുന്നു.
യാതനകളുടെ നടുവിലെ സ്ത്രീ ജീവിതങ്ങൾ
“ഞങ്ങൾക്ക് റോഡുകളും ആശുപത്രികളും ഫാർമസികളും വേണം. ഞങ്ങൾ ഈ താഴ്വരയിൽ ഒറ്റപ്പെട്ടു. ഭാഗ്യമുള്ളവർ സുരക്ഷിതമായി പ്രസവിക്കുന്നു. മറ്റുള്ളവർ യാത്രയുടെ ദുരിതം സഹിച്ചും മരിക്കുന്നു” സൽമ അബ്ദു ഇത് പറയുമ്പോൾ അവളുടെ വാക്കുകൾ ഇടറുകയാണ്. യെമനിലെ യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടിലെ (യുഎൻഎഫ്പിഎ) ഹിച്ചാം നഹ്റോയുടെ അഭിപ്രായത്തിൽ, യെമനിൽ ഓരോ രണ്ട് മണിക്കൂറിലും ഒരു സ്ത്രീ പ്രസവ സമയത്ത് മരിക്കുന്നു.
യെമനിലെ വിദൂര പ്രദേശങ്ങളിലെ സ്ത്രീകൾക്ക് രക്തസ്രാവം ആരംഭിക്കുകയോ കഠിനമായ വേദന അനുഭവപ്പെടുകയോ ചെയ്തില്ലെങ്കിൽ പതിവായി പരിശോധന നടത്തുകയോ സഹായം തേടുകയോ ചെയ്യാറില്ലെന്നും ഇവർ കൂട്ടിച്ചേർത്തു. ഈ അവസ്ഥയ്ക്ക് പിന്നിൽ ക്ലേശകരമായ യാത്രാ ദുരിതം തന്നെ.
യെമനിലെ തകർന്ന ആരോഗ്യസംവിധാനം യുദ്ധത്തിന് മുമ്പുതന്നെ ഉണ്ടായിയിരുന്നു. എന്നിരുന്നാലും, സംഘർഷം യെമനിലെ ആശുപത്രികൾക്കും റോഡുകൾക്കും വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തി, കുടുംബങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ യാത്ര ചെയ്യാൻ കഴിയില്ല. ആ പ്രതിസന്ധികൾ താണ്ടി ആശുപത്രിയിൽ എത്തിയാലോ അവിടെ യോഗ്യതയുള്ള ജീവനക്കാരും ഉപകരണങ്ങളും മരുന്നുകളും ഇല്ല. യുഎൻഎഫ്പിഎയുടെ കണക്കനുസരിച്ച്, പ്രവർത്തിക്കുന്ന സൗകര്യങ്ങളിൽ അഞ്ചിലൊന്നിന് മാത്രമേ വിശ്വസനീയമായ മാതൃ-ശിശു ആരോഗ്യ സേവനങ്ങൾ നൽകാൻ കഴിയൂ.