ഇന്ന് ഡിജിറ്റല്‍ യുഗത്തിലാണ് നമ്മുടെ കുഞ്ഞുങ്ങള്‍ വളരുന്നത്. എവിടെയും അവരെ ഏറെ ആകര്‍ഷിക്കുന്ന ടെക്നോളജിയുടെ അതിപ്രസരമാണ്. സ്മാര്‍ട്ട് ഫോണും ടാബ്ലെറ്റും കമ്പ്യൂട്ടറും വീഡിയോ ഗെയിമും എല്ലാം ഉപയോഗിക്കാനും നിയന്ത്രിക്കാനും കുട്ടികള്‍ക്ക് പഠനത്തിന്റെ ആവശ്യമില്ല. ഇതൊന്നുമില്ലെങ്കിലും ടിവി സ്ക്രീനില്‍ ആയിരിക്കും കുട്ടികള്‍.
കുട്ടികള്‍ അധികസമയം സ്ക്രീനില്‍ ചിലവഴിക്കുന്നത് അത്ര നല്ല കാര്യമല്ല. ഇതെല്ലാം കുട്ടികളുടെ ആരോഗ്യത്തെയും ബുദ്ധിവികാസത്തെയും ഏറെ ദോഷം ചെയ്യും. ഇതാ കുട്ടികളുടെ സ്ക്രീന്‍ ടൈം നിയന്ത്രിക്കാന്‍ ഫലപ്രദമായ ഏഴു വഴികള്‍.
സമയപരിധി വ്യക്തമാക്കുക
കുട്ടിയെ പെട്ടെന്ന് അവരുടെ ശീലങ്ങളില്‍നിന്നും പിന്തിരിപ്പിക്കാന് നമുക്കു സാധിക്കില്ല. പതുക്കെപ്പതുക്കെ അവര്‍ പോലുമറിയാതെ ആ ശീലങ്ങള്‍ ഇല്ലാതാക്കാനേ കഴിയൂ. അതിനു മുന്നോടിയായി അവരോട് എല്ലാത്തിനും ഒരു നിശ്ചിത സമയം അനുവദിച്ചിട്ടുണ്ടെന്നു പറയുക. പഠനം, കളി, ഫാമിലി ടൈം ഇവയൊക്കെപ്പോലെ സ്ക്രീന്‍ ടൈമിനും സമയമുണ്ടെന്ന് പറഞ്ഞു മനസ്സിലാക്കുക. ദിവസത്തില്‍ കുറച്ചു നേരമോ അല്ലെങ്കില്‍ ആഴ്ചയിലോ – അത് നിങ്ങള്‍ തന്നെ അതിന് – വേണ്ട സമയം നിശ്ചയിക്കുക. എങ്കിലും, കുട്ടികളുടെ പ്രായവും വളര്ച്ചാഘട്ടവുമെല്ലാം കണക്കിലെടുത്തുവേണം പരിധി നിശ്ചയിക്കാന്‍.
മാതാപിതാക്കൾ തന്നെ ഉദാഹരണം ആവുക
സ്ക്രീന്‍ സമയം കുറയ്ക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുമ്പോള്‍ മാതാപിതാക്കൾ തന്നെ അവര്‍ക്കു മാതൃകയാകണം. നിങ്ങളും അത്തരത്തില്‍ സ്ക്രീന്‍ സമയം കുറയ്ക്കുന്നു എന്ന് കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കണം. മുഴുവന്‍ സമയം ഫോണിലും ലാപ്ടോപ്പിലും അല്ലാതെ ഒഴിവുസമയങ്ങള്‍ കുടുംബത്തിനൊപ്പവും പ്രിയപ്പെട്ടവര്‍ക്കൊപ്പവും നിങ്ങള്‍ ചിലവഴിക്കുന്നു എന്നുള്ളത് കുട്ടികള്‍ നിങ്ങളെ കണ്ടു പഠിക്കണം.
സ്ക്രീന്രഹിത ഏരിയകള്‍ നിര്‍ണ്ണയിക്കുക
സ്ക്രീന്‍ ടൈം ഉപയോഗിക്കുന്ന സന്ദര്‍ഭങ്ങളില്‍ വീട്ടിലെ ചില സ്ഥലങ്ങൾ തീര്‍ച്ചയായും സ്ക്രീന്‍ ടൈമില്‍ ആയിരിക്കില്ലെന്ന് കുട്ടികളെ പറഞ്ഞു മനസ്സിലാക്കുക. ഉദാഹരണത്തിന്, വീട്ടിലെ ഡൈനിംഗ് റൂം, ബെഡ്റൂം, ഫാമിലി ലിവിംഗ് സ്പേസ് എല്ലാം ഇത്തരത്തില്‍ സ്ക്രീന്രഹിത ഏരിയ ആണെന്ന് പറഞ്ഞു മനസ്സിലാക്കണം.
ഔട്ട്ഡോര്‍ പ്ലേയും ശാരീരികപ്രവര്‍ത്തനങ്ങളും കുട്ടികളില്‍ പ്രോത്സാഹിപ്പിക്കുക
എപ്പോഴും വീടിനുള്ളില്‍തന്നെ ഇരിക്കാതെ പുറത്തുപോയി കളിക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുക. ഇത് കുട്ടികളുടെ സ്ക്രീന്‍ ടൈം കുറയ്ക്കുന്നതോടൊപ്പം ശാരീരികമായി എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുന്നതിനും നല്ലതാണ്. മുറ്റത്തു കളിക്കുകയോ, യാത്ര പോകുകയോ, സ്പോട്സില്‍ ഏര്‍പ്പെടുകയോ മറ്റോ ചെയ്യുന്നതിലൂടെ കായികമായ അധ്വാനം കൂടും.
മറ്റൊരു ഓപ്ഷന് തിരഞ്ഞുകൊടുക്കുക
നമ്മുടെ കുട്ടികള്‍ പലതരത്തിലുള്ള ഹോബികള്‍ ഉള്ളവർ ആയിരിക്കും. അതുകൊണ്ടു തന്നെ കുട്ടികളെ, അവരുടെ ആ ഹോബിയിലേക്കു തിരിയാന്‍ സഹായിക്കുക. അവരുടെ സര്‍ഗാത്മകത വളര്‍ത്താന്‍ അവസരം കൊടുക്കുക. പാചകം, പൂന്തോട്ടപരിപാലനം, ക്രാഫ്റ്റ് എന്നിങ്ങനെ ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാനും അവര്‍ക്കൊപ്പം ഇരിക്കാനും മാതാപിതാക്കളും ചേരുക.
സ്ക്രീന്‍ സമയം വിവേകത്തോടെ ഉപയോഗിക്കുക
കുട്ടികൾ സ്ക്രീന്‍ ടൈം ഉപയോഗിക്കുമ്പോള്‍ അത് വിവേകത്തോടെ, ആവശ്യമുള്ള കാര്യങ്ങളിലേക്കു വഴിതിരിച്ചു വിടുക. ഉദാഹരണത്തിന്, പഠനസംബന്ധമായ കാര്യങ്ങളിലേക്ക്. മാത്രമല്ല, ഈ സമയം കുട്ടികള്‍ എന്തെല്ലാം കാണുന്നുണ്ട് എന്നും മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
സ്ക്രീന്‍ സമയം കൂടുന്നതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് തുറന്നുപറയുക
സ്ക്രീന്‍ സമയം കൂടിയാല്‍ അവരില്‍ എന്തെല്ലാം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് ഓര്‍മ്മിപ്പിക്കുക. ഈ കാര്യങ്ങളെക്കുറിച്ച് അവരോട് തുറന്നു സംസാരിക്കുക.