Saturday, May 24, 2025

തട്ടിക്കൊണ്ടുപോകലും ചോദ്യം ചെയ്യലും ഭീഷണിയും! റഷ്യന്‍ അധിനിവേശത്തിന് കീഴിലുള്ള ജീവിതം വെളിപ്പെടുത്താന്‍ ശ്രമിക്കുന്ന യുക്രേനിയക്കാര്‍ നേരിടുന്ന ക്രൂരതകള്‍

റഷ്യ യുക്രെയ്നെ ആക്രമിച്ചതുമുതല്‍, മെലിറ്റോപോള്‍ ഉള്‍പ്പെടെ, രാജ്യത്തിന്റെ തെക്കുകിഴക്കന്‍ ഭാഗത്തുള്ള നിരവധി നഗരങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, രാഷ്ട്രീയക്കാര്‍, പൊതുപ്രവര്‍ത്തകര്‍, റഷ്യന്‍ അധിനിവേശ പ്രദേശങ്ങളിലെ താമസക്കാര്‍ എന്നിവരെ റഷ്യന്‍ പട്ടാളക്കാര്‍ തെരുവില്‍ നിന്ന് പിടികൂടുകയും അവരുടെ വീടുകളില്‍ നിന്ന് തട്ടിക്കൊണ്ടുപോവുകയും ചെയ്യുന്നത് പതിവാണ്. പത്രപ്രവര്‍ത്തകര്‍ക്കെതിരായ പീഡനം റഷ്യയുടെ അധിനിവേശത്തിന്റെ ഒരു പ്രധാന ഭാഗമാണ്.

മെലിറ്റോപോളിലെ Melitopolski Vedomosti (MV) എന്ന പത്രത്തില്‍ ജോലി ചെയ്തിരുന്ന റിപ്പോര്‍ട്ടര്‍, യൂലിയ ഓള്‍ഖോവ്‌സ്‌കയേയും ഇത്തരത്തില്‍ റഷ്യന്‍ സൈനികര്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി. മാര്‍ച്ച് 21 നാണ് സൈനിക യൂണിഫോമില്‍ എത്തിയ ആയുധധാരികളായ അഞ്ച് പുരുഷന്മാര്‍ മെലിറ്റോപോളിന്റെ പ്രാന്തപ്രദേശത്തുള്ള ഓള്‍ഖോവ്‌സ്‌കയുടെ വീട്ടില്‍ വന്നത്. അവള്‍ അങ്ങനെയൊരു സംഭവം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അവള്‍ കതകു തുറന്നപ്പോള്‍ അവര്‍ അകത്തു കയറി, മുറികള്‍ തോറും തിരച്ചില്‍ നടത്തി. തുടര്‍ന്ന് ഓള്‍ഖോവ്‌സ്‌കയോട് അവരോടൊപ്പം വരാന്‍ പറഞ്ഞു.

ഒരു മിനിവാനില്‍ കയറ്റി റഷ്യന്‍ സൈന്യം ഓള്‍ഖോവ്‌സ്‌കയെ അവളുടെ സ്വന്തം ന്യൂസ്റൂമിലേക്ക് കൊണ്ടുപോയി. തന്റെ എഡിറ്ററുടെ ഓഫീസില്‍ ഇരുത്തി അഞ്ച് മണിക്കൂര്‍ അവര്‍ അവളെ ചോദ്യം ചെയ്തു. അവിടെ നിന്ന് മോചിതയായി ഒരാഴ്ച കഴിഞ്ഞിട്ടും, ഓള്‍ഖോവ്സ്‌ക അവളുടെ വാതിലില്‍ വീണ്ടും റഷ്യന്‍ സൈനികര്‍ മുട്ടുമെന്ന സാധ്യത മുന്‍കൂട്ടി കാണുന്നുണ്ട്.

മാത്രവുമല്ല, നഗരത്തിലെ ഏറ്റവും പ്രമുഖമായ വാര്‍ത്താ ഔട്ട്ലെറ്റുകളില്‍ ഒന്നായ MVയിലെ ജീവനക്കാരിയായ ഓള്‍ഖോവ്‌സ്‌കയും സഹപ്രവര്‍ത്തകരും വാര്‍ത്തകളുടെ പ്രസിദ്ധീകരണം നിര്‍ത്തിവയ്ക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. മറ്റ് പ്രമുഖ മാധ്യമ സ്ഥാപനങ്ങളും ഇതേ അവസ്ഥയിലാണ്. ചില വെബ്സൈറ്റുകളിലേക്കുള്ള ആക്സസും തടഞ്ഞിരിക്കുന്നു.

പ്രാദേശിക ടിവി ടവറുകള്‍, റേഡിയോ സ്റ്റേഷനുകള്‍, ടെലിഗ്രാം ചാനലുകള്‍ എന്നിവയില്‍ നിന്ന് സ്ട്രീം ചെയ്യുന്നവ റഷ്യന്‍ പ്രചാരണത്തിനായി അവരുടെ കവറേജ് മാറ്റി. മാര്‍ച്ച് 11-ന് മെലിറ്റോപോളിന്റെ മേയറെ തട്ടിക്കൊണ്ടുപോയതിന് ശേഷം, അദ്ദേഹത്തിന്റെ പകരക്കാരിയായ റഷ്യന്‍ അനുകൂല രാഷ്ട്രീയക്കാരി, ഗലീന ഡാനില്‍ചെങ്കോ നടത്തിയ ഒരു പ്രസ്താവന ഇപ്രകാരമായിരുന്നു, ‘നമ്മുടെ പ്രധാന ദൗത്യം പുതിയ യാഥാര്‍ത്ഥ്യത്തിലേക്ക് എല്ലാ സംവിധാനങ്ങളും ക്രമീകരിക്കുക എന്നതാണ്’.

‘നിരവധി സാധാരണക്കാരായ ആളുകളെയും റഷ്യന്‍ സൈനികര്‍ തട്ടികൊണ്ടുപോകുന്നു. അവരുടെയൊന്നും പേരുകളും ഞങ്ങള്‍ക്കറിയില്ല. കാരണം തങ്ങളുടെ പ്രിയപ്പെട്ടവരെ തട്ടിക്കൊണ്ടുപോയതായി മാധ്യമങ്ങളോട് റിപ്പോര്‍ട്ട് ചെയ്യാന്‍ പോലും ആളുകള്‍ ഭയപ്പെടുന്നു’. ഓള്‍ഖോവ്‌സ്‌ക പറഞ്ഞു.

‘എങ്കിലും യുക്രേനിയക്കാര്‍ പലരും തിരിച്ചടിക്കുന്നുണ്ട്. പ്രതിഷേധവുമായി തെരുവിലിറങ്ങുന്നുണ്ട്. പുടിനെ എളുപ്പത്തില്‍ ജയിക്കാന്‍ അവര്‍ അനുവദിക്കുന്നില്ല. എന്നാല്‍ റഷ്യന്‍ അധിനിവേശത്തെ ചെറുക്കുന്ന ഇവര്‍ വലിയ വിലയാണ് നല്‍കേണ്ടി വരുന്നത്. സ്വന്തം വീട്ടില്‍ കഴിയുന്നത് വളരെ അപകടകരമായതിനാല്‍ അവരില്‍ പലരും തങ്ങളുടെ താമസസ്ഥലം മാറ്റുന്നു. ചിലരെ പിടികൂടി ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ചു. ചിലരെ ദീര്‍ഘനാളത്തേയ്ക്ക് തട്ടിക്കൊണ്ടുപോകുന്നു’. ഓള്‍ഖോവ്‌സ്‌ക പറഞ്ഞു.

തുറമുഖ നഗരമായ കെര്‍സണിന്റെ ഹൃദയഭാഗത്തുള്ള ലിബര്‍ട്ടി സ്‌ക്വയറില്‍ അതിലെ നിവാസികള്‍ മാര്‍ച്ച് 22 ന് ഒത്തുകൂടി. റഷ്യന്‍ സൈന്യത്തെ വെല്ലുവിളിക്കാനായിരുന്നു അത്. കെര്‍സണിലെ കൊറബെല്‍നി ജില്ലാ കൗണ്‍സില്‍ അംഗമായ ഒക്‌സാന ഭര്‍ത്താവ് ദിമിത്രി അഫനസ്യേവിനും അവരുടെ പ്രായപൂര്‍ത്തിയായ മകള്‍ക്കും ഒപ്പം യുക്രെയ്‌നെ പിന്തുണച്ച് പ്രകടനത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ അവിടെ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ റഷ്യക്കാര്‍ റബ്ബര്‍ ബുള്ളറ്റുകള്‍ പ്രയോഗിക്കുകയും കണ്ണീര്‍ വാതകം ഉപയോഗിക്കുകയും ചെയ്തതോടെ എല്ലാവരും പരിഭ്രമത്തിലായി. സമാധാനപരമായി പ്രതിഷേധിച്ച നിരായുധരായ ആളുകള്‍ക്ക് നേരെ റഷ്യന്‍ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു.

അക്രമം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം, അഫനസ്യേവ് കുടുംബം പെട്ടെന്ന് സ്ഥലം വിട്ടു. എന്നാല്‍ റഷ്യന്‍ പട്ടാളക്കാര്‍ ഒരു മിനിവാനില്‍ തങ്ങളെ പിന്തുടര്‍ന്ന് പിടികൂടാന്‍ ശ്രമിച്ചുവെന്ന് ഒക്‌സാന പറഞ്ഞു. പ്രശസ്ത യുക്രേനിയന്‍ തായ്ക്വോണ്ടോ അത്ലറ്റും ദേശീയ ടീമിന്റെ പരിശീലകനുമായ ദിമിത്രിയുടെ മുഖത്ത് സൈനികര്‍ ചവിട്ടിയെങ്കിലും എങ്ങനെയോ അവരുടെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞതായി ഈ കുടുംബം പറയുന്നു.

കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം, വൈകുന്നേരം 6 മണിയോടെ അവരുടെ വീട്ടില്‍, സൈനിക വസ്ത്രം ധരിച്ച ഡസന്‍ കണക്കിന് റഷ്യക്കാര്‍ നിരവധി ട്രക്കുകളില്‍ എത്തി, അഫനസ്യേവിന്റെ വീട്ടില്‍ റെയ്ഡ് നടത്തി. ദിമിത്രിയുടെ രേഖകളും കൗണ്‍സില്‍ ഐഡിയും അദ്ദേഹത്തിന്റെ യൂറോപ്യന്‍ സോളിഡാരിറ്റി പാര്‍ട്ടിയില്‍ നിന്നുള്ള ചരക്കുകളും കസ്റ്റഡിയിലെടുത്ത് അദ്ദേഹത്തെ വാതിലിനു പുറത്തേക്ക് വലിച്ചിഴച്ചു. തന്റെ ഭര്‍ത്താവിനെ അന്ന് വൈകുന്നേരം വിട്ടയക്കാമെന്ന് വാഗ്ദാനം ചെയ്തെങ്കിലും ഒരാഴ്ച കഴിഞ്ഞിട്ടും അദ്ദേഹത്തെ ഇതുവരെ വിട്ടയച്ചിട്ടില്ല.

യുദ്ധം ആരംഭിച്ചതിനുശേഷം കുറഞ്ഞത് 45 തിരോധാനങ്ങളും തടങ്കലുകളും രേഖപ്പെടുത്തിയിട്ടുണ്ട്. റഷ്യന്‍ അധിനിവേശത്തിനെതിരായ പ്രതിഷേധത്തിനിടയിലോ യുക്രെയ്നിന് പിന്തുണ പ്രഖ്യാപിച്ചതിന്റെ പേരിലോ ഒക്കെയാണ് ഈ ശിക്ഷാനടപടികള്‍. തടവിലാക്കപ്പെട്ടവരുടെ വിവരങ്ങള്‍ കുടുംബങ്ങള്‍ക്ക് പലപ്പോഴും നിഷേധിക്കപ്പെടുന്നു. ചുരുക്കം ചിലരെ പിന്നീട് വിട്ടയച്ചു. കൃത്യമായ സംഖ്യകള്‍ ഇപ്പോഴും അധികാരികള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. തങ്ങളുടെ ബന്ധുക്കളുടെ തിരോധാനത്തെക്കുറിച്ച് സംസാരിക്കാന്‍ മിക്കവരും ഭയപ്പെടുന്നു. അത് തങ്ങള്‍ക്കോ അവരുടെ ബാക്കിയുള്ള പ്രിയപ്പെട്ടവര്‍ക്കോ എതിരെ ഒരു തിരിച്ചടിക്ക് കാരണമാകുമെന്ന ഭയത്താലാണത്.

അധിനിവേശത്തിനെതിരെ നീങ്ങുന്ന ആളുകളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്. തടവുകാരെ വന്‍തോതില്‍ പീഡിപ്പിക്കുന്നതായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ചോദ്യം ചെയ്യലും മര്‍ദ്ദനവും ഭീഷണിയുമാണ് പ്രധാനമായും അവര്‍ നടത്തുന്നത്. റേഡിയോ ഫ്രാന്‍സില്‍ ജോലി ചെയ്യുന്ന ഒരു യുക്രേനിയന്‍ ജേണലിസ്റ്റിന്റെ വെളിപ്പെടുത്തല്‍ പ്രകാരം റഷ്യന്‍ പട്ടാളക്കാര്‍ കത്തിയും വൈദ്യുതിയും ഉപയോഗിച്ച് അദ്ദേഹത്തെ പീഡിപ്പിക്കുകയും സ്റ്റീല്‍ കമ്പികളാല്‍ മര്‍ദിക്കുകയും ഭക്ഷണം കൊടുക്കാതിരിക്കുകയും ചെയ്തു.

കെര്‍സണ്‍ മേഖലയില്‍ നിന്നുള്ള പത്രപ്രവര്‍ത്തകയായ ഒലെഹ് ബതുറിന്‍, കാണാതായി എട്ട് ദിവസത്തിന് ശേഷം മാര്‍ച്ച് 20 ന് മോചിപ്പിക്കപ്പെട്ടു. തുറമുഖ നഗരമായ കഖോവ്കയിലെ ഒരു ബസ് സ്റ്റേഷനില്‍ വച്ചാണ് അദ്ദേഹത്തെ റഷ്യന്‍ സൈന്യം തട്ടിക്കൊണ്ടുപോയത്. ചോദ്യം ചെയ്യലും മര്‍ദ്ദനവും, ഭീഷണികളും ഏകദേശം രണ്ട് മണിക്കൂര്‍ നീണ്ടുനിന്നു. മാനസിക സമ്മര്‍ദ്ദവും ഉണ്ടായിരുന്നു. എല്ലാ ദിവസവും ചോദ്യം ചെയ്യലുകള്‍.

ഹ്രോമാഡ്സ്‌കെ റേഡിയോ സ്റ്റേഷനിലെ പത്രപ്രവര്‍ത്തകയായ വിക്ടോറിയ റോഷ്ചിന, മാര്‍ച്ച് 12 ന്, അധിനിവേശ കടല്‍ത്തീര നഗരമായ ബെര്‍ഡിയന്‍സ്‌കില്‍ നിന്ന് അപ്രത്യക്ഷനായി. റഷ്യന്‍ സൈനികര്‍ ‘തന്റെ ജീവന്‍ രക്ഷിച്ചു’ എന്ന് പറയുന്ന വീഡിയോ റെക്കോര്‍ഡുചെയ്യിപ്പിച്ച ശേഷം 10 ദിവസത്തിന് ശേഷം മോചിപ്പിക്കപ്പെട്ടു. ഹോളോവ്‌ന ഗസറ്റ മെലിറ്റോപോളിയയുടെയും ആര്‍ഐഎ-മെലിറ്റോപോള്‍ വാര്‍ത്താ വെബ്സൈറ്റിന്റെയും ഡയറക്ടര്‍ സ്വിറ്റ്ലാന സലിസെറ്റ്സ്‌ക, അധിനിവേശത്തെ പിന്തുണച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് 23 ന് അവളുടെ 75 കാരനായ പിതാവിനെ റഷ്യക്കാര്‍ തട്ടിക്കൊണ്ടുപോയി. മൂന്ന് ദിവസത്തിന് ശേഷം അദ്ദേഹത്തെ വിട്ടയച്ചു.

റഷ്യന്‍ സൈന്യത്തിന്റെ തന്ത്രപരമായ ലക്ഷ്യം തെറ്റായ യാഥാര്‍ത്ഥ്യം സൃഷ്ടിക്കുക, അത് പ്രചരിപ്പിക്കുക എന്നതാണ്. അവര്‍ തങ്ങളുടെ പ്രചാരണത്തില്‍ യുക്രൈന്‍ പത്രപ്രവര്‍ത്തകരെ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുകയാണ്. എന്നാല്‍ സ്വന്തം രാജ്യത്തെ അളവറ്റ സ്‌നേഹിക്കുന്ന ഇവരാരും തങ്ങളുടെ രാജ്യത്തെ അപമാനിച്ചുകൊണ്ട് റഷ്യന്‍ പ്രചരണത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ല. മറിച്ച്, ജീവനും ജീവിതവും പണയം വച്ചായാലും അവര്‍ തങ്ങളുടെ ജോലി ഉത്തരവാദിത്തത്തോടെ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്.

Latest News