ആശയവിനിമയരംഗത്ത് കുതിച്ചുചാട്ടം സൃഷ്ടിച്ച് ആദ്യ ടെലഗ്രാഫ് സന്ദേശം അയയ്ക്കപ്പെട്ടത് 1844 മെയ് 24 നായിരുന്നു. വാഷിംഗ്ടൺ ഡി സി യിൽ നിന്ന് ബാൾട്ടിമോറിലേക്കാണ് പരീക്ഷണാർഥം സന്ദേശമയച്ചത്. സാമുവൽ മോഴ്സ് എന്ന ശാസ്ത്രജ്ഞനായിരുന്നു ഈ നേട്ടത്തിനു പിന്നിൽ. ബൈബിളിലെ സംഖ്യയുടെ പുസ്തകത്തിൽ നിന്നെടുത്ത വചനമായിരുന്നു ആദ്യസന്ദേശമായി അയച്ചത്. അദ്ദേഹത്തിന്റെ സുഹൃത്തിന്റെ മകളായ ആനി എൽസ്വർത്താണ് ഈ സന്ദേശം നിർദേശിച്ചത്. സാമുവൽ വികസിപ്പിച്ച മോഴ്സ് കോഡ് എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സന്ദേശം അയച്ചത്.
കാട്ടുപൂച്ചകളെ പ്രതിരോധിക്കാനായി നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ വേലിയുടെ പണികൾ പൂർത്തിയായത് 2018 മെയ് 24 നായിരുന്നു. 44 കിലോമീറ്റർ നീളമുള്ള വേലി ഓസ്ട്രേലിയയിലെ ന്യൂഹാവെൻ വന്യജീവിസങ്കേതത്തിനു ചുറ്റുമാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. വംശനാശം വന്നുകൊണ്ടിരിക്കുന്ന ചെറുജീവികളെ കാട്ടുപൂച്ചകൾ, കുറുക്കന്മാർ തുടങ്ങിയവയുടെ ആക്രമണത്തിൽനിന്നു സംരക്ഷിക്കാനായാണ് വേലി നിർമ്മിച്ചത്. ഈ വേലികൊണ്ട് വേർതിരിച്ച 9,400 ഹെക്ടർ സ്ഥലത്ത് ചെറുജീവികളെ അപകടരഹിതമായി വളർത്താൻ കഴിയും. ഓസ്ട്രേലിയൻ വൈൽഡ്ലൈഫ് കൺസേർവൻസിയാണ് ഈ വേലി നിർമ്മിച്ചിരിക്കുന്നത്. പ്രദേശത്തുള്ള അറുപതോളം കാട്ടുപൂച്ചകൾ എഴുപതിനായിരത്തോളം ചെറുജീവികളെയാണ് ഒരുവർഷം കൊന്നുതിന്നുന്നത് എന്നാണ് വേലിനിർമ്മാണവുമായി ബന്ധപ്പെട്ട് പുറത്തുവിട്ട കണക്കുകൾ പറയുന്നത്.
2020 മെയ് 24 നു പുറത്തിറങ്ങിയ ന്യൂയോർക്ക് ടൈംസ് പത്രത്തിന്റെ ആദ്യപേജ് പതിവിൽനിന്നു വ്യത്യസ്തമായിരുന്നു. ചിത്രങ്ങൾക്കും വലിയ തലക്കെട്ടുകൾക്കും പകരം ആയിരത്തോളം ആളുകളുടെ പേരുകളാണ് അന്നത്തെ പത്രത്തിന്റെ ആദ്യപേജിൽ അച്ചടിച്ചിരുന്നത്. കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ പേരുകളായിരുന്നു അവ. അമേരിക്കയിൽ കോവിഡ് മൂലം മരിച്ചവരുടെ സംഖ്യ ഒരുലക്ഷം കടന്നപ്പോഴായിരുന്നു നികത്താനാവാത്ത നഷ്ടത്തെ ഓർമ്മപ്പെടുത്താൻ വ്യത്യസ്തമായ ആദ്യപേജുമായി ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിക്കപ്പെട്ടത്. കോവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട് അതുവരെ പ്രസിദ്ധീകരിക്കപ്പെട്ട വാർത്തകളിൽനിന്നാണ് ആയിരം പേരുടെ പേരുകളും അവരെക്കുറിച്ചുള്ള ചെറുവിവരണങ്ങളും പത്രാധിപർ തെരഞ്ഞെടുത്തത്.

